26/7/09

ഇരുട്ടാകാനിരിപ്പാണു്‌

പുലരിവെട്ട-
ത്തിരി കിരണങ്ങളെ
കടിച്ചെടുക്കാന്‍
നോക്കിത്തല തിരിച്ചു-
ച്ചിയെത്തോളം
ഉച്ചയെത്തോളം
കടിച്ചും വിഴുങ്ങിയും
കുഴഞ്ഞു തലയൊടിഞ്ഞു്
നിഴല്‍‌നക്കി-
യൊറ്റയിരിപ്പാണു്;
ഒരു പൂച്ച!
ഇന്നലെ-
ക്കരിഞ്ചണ്ടികള്‍
വന്നുമൂടിപ്പോയ
കരിമ്പിന്റെ പാലുപാത്രം
കണ്ടൊന്നു
ചുണ്ടുനനച്ചിട്ടി-
റുകെയിറുകെ
കണ്ണുകള്‍ പൂട്ടിവച്ചി-
ടാനരിഷ്ടിച്ചൊറ്റയിരിപ്പാണു്‌
ഒരു പൂച്ച!

കണ്ടന്‍‌ചക്കി
കണ്ടന്‍‌ചക്കി
കണ്ടം‌ചാടുന്നാ
കണ്ണിലരിയ പെണ്‍പൂച്ചകള്‍
ചുറ്റുന്നൂ ചുഴറ്റുന്നൂ
വാലേ വാലേ പഴകി-
പ്പിഞ്ചിപ്പോയ വാലെ,
നിവര്‍ത്തുന്നു
അടിഞ്ഞു്‌ തീപ്പിടിച്ചു്‌
തറയില്‍ തലയമര്‍ത്തി
കാലുനീട്ടി
പ്പഴമ്പൂച്ചുകളോര്‍ക്കെക്കിട-
യിരുട്ടിന്റെ പൂച്ചികള്‍
വട്ടംചുറ്റിപ്പറക്കുന്നു.

പൂച്ചേ പൂച്ചേ നിന്റെ നാടേത്, നീയുമെന്നെപ്പോലെ പ്രവാസിയോ, കടത്തിണ്ണ ചവറ്റുകൂന എന്നത് നിന്റെ വിലാസമോ, എന്റെ നാട്ടില്‍ പാതകപ്പുറത്താണ്‌, പാതകപ്പുറത്ത് പാല്‍‌പ്പാത്രവക്കില്‍ പൂച്ച, മീന്‍‌വെട്ടിക്കയറിച്ചട്ടിയോളം അതിന്റെ യാത്ര, അടുപ്പുലാണവന്റെ തീസൂര്യന്‍, ചാരത്തിലാണവന്റെ ചന്ദ്രന്‍, അവന്റെ പെണ്ണുങ്ങള്‍ പെറ്റുകൂട്ടുന്നതാണെന്റെ തട്ടിന്‍‌പുറം. ഞാന്‍, ഞാന്‍, ഞാന്‍...

കിഴക്കുനോക്കി-
യിരിക്കും പൂച്ചേ
കിറുക്കായെന്നോ
നീയുരുക്കുമോര്‍മ്മകള്‍
മയക്കങ്ങള്‍
ഒട്ടകം കാറോട്ടങ്ങള്‍
കളിമൈതാനങ്ങള്‍
വെയിലുകള്‍
കാറ്റുകള്‍
പൊടിക്കൂട്ടുകള്‍
കെട്ടിടക്കുന്നുകള്‍
ഇടവേളകള്‍,
അത്തറിന്‍ മണക്കുത്തലേറ്റു
പിടച്ചിലും കൊണ്ടോടിവന്ന
ചെറുകാറ്റുകള്‍,
വിരിഞ്ഞറിഞ്ഞ നോവില്‍
മരിച്ചൊട്ടിപ്പോയ ശലഭങ്ങള്‍,
മിണ്ടാതൊളിച്ച
മരവിപ്പിപ്പുകള്‍!

ഇരുന്നിരുന്നു
മറന്നുപോയോ
നിന്നെനീയിരിപ്പില്‍നിന്നു
നിന്റെയതിലേറെ-
യെന്റെ മോചനം;
പൂച്ചേ, പ്രതിച്ഛായേ
ഇരുട്ടാകുമോ?
ഇന്നലെക്കണ്ട
ഇരുട്ടായയിരുട്ടെല്ലാം
വെളിച്ചമോ
വിളറലോ
വെളിച്ചപ്പാടോ?

നീമടുത്തില്ലേ
ഇരുന്നും ജീവിച്ചും
ഇരന്നും കാമിച്ചും.
പൂച്ചേ, പ്രതിച്ഛായേ-
നിന്നെ വകവരുത്തട്ടേ
വേണ്ട,
നീയിരിക്കട്ടെ, നീകിടക്കട്ടെ
ഒരു ‘മീശ’യുള്ളതല്ലേ
ചത്തുപോകാതിരിക്കട്ടെ...!





9 അഭിപ്രായങ്ങൾ:

Latheesh Mohan പറഞ്ഞു...

ആഹാ !

ഗുപ്തന്‍ പറഞ്ഞു...

ജ്യോനവ്! ഇതു തകര്‍ത്തു. തക തക തകര്‍ത്തു !

Sanal Kumar Sasidharan പറഞ്ഞു...

മീശയുള്ളതുകൊണ്ട് ചാത്തുപോകാതിരിക്കട്ടെ...മീശമാധവൻ(ർ)

മീൻ‌വെട്ടിക്കയറിച്ചട്ടി?
അതോ മീൻ‌വെട്ടിയകറിച്ചട്ടിയോ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഈ കവിത കേട്ടശേഷം ഞാനും ഇരുട്ടാകാനിരിപ്പാണ്!

‘വെളിച്ചം ദു:ഖമാണുണ്ണീ
ഇരുട്ടല്ലോ സുഖപ്രദം‘

ജ്യോനവന്‍ പറഞ്ഞു...

ആഹാ! ആഹാ! ലതീഷ്!
ഗുപ്തന്‍, താങ്ക്യു ഡിയര്‍
സനാതനന്‍ മാഷേ
മീന്‍‌വെട്ടല്‍ കയറല്‍ ചട്ടി ഓരോരോ ബിംബ'ന'ങ്ങളല്ലേ :) വിട്ടുകള.

സഗീര്‍
ദുഃഖം തരുന്ന വെളിച്ചം, സുഖം തരില്ലുണ്ണീ

സുനീഷ് പറഞ്ഞു...

പൂച്ചേ പൂച്ചേ കുറിഞ്ഞിപ്പൂച്ചേ
നീയിരിക്കട്ടെ, നീകിടക്കട്ടെഒരു ‘മീശ’യുള്ളതല്ലേചത്തുപോകാതിരിക്കട്ടെ...!

വികടശിരോമണി പറഞ്ഞു...

വാഹ്!ചെതറി ചെന്താമരയായി.(പാലക്കാടൻ സ്ലാങ്ങിൽ:)
കവിതയും,കവിതയുടെ താളശിൽ‌പ്പവും.

Pramod.KM പറഞ്ഞു...

സൂപ്പര്‍ ജ്യോനവന്‍! മനോഹരമായിട്ടുണ്ട് ഈ നീളന്‍ കവിത

Sureshkumar Punjhayil പറഞ്ഞു...

ഒരു ‘മീശ’യുള്ളതല്ലേ
ചത്തുപോകാതിരിക്കട്ടെ...!

Manoharam.... Ashamsakal...!!!