24/7/09

ഡൈ ചെയ്‌ത വാക്കുകള്‍


‍ഇണയിലുള്ളം രമിച്ചു നിശീഥത്തില്‍/ പ്രണയഗാനമുണര്‍ന്നിതെന്നാത്മാവില്‍/ കനകദീപ്‌തിയില്‍ പൊതിഞ്ഞതന്‍/ പ്രണയലേഖനം തന്നൂ പുലരികള്‍- എന്നിങ്ങനെ പി. കുഞ്ഞിരാമന്‍ നായര്‍ എഴുതിയിട്ടുണ്ട്‌ (ഭര്‍ത്തൃഗ്രഹത്തിലേക്ക്‌ എന്ന കവിത). പ്രണയമനസ്സ്‌ ആയിരം തിരികളായ്‌ വിളയുന്ന കവന സിദ്ധിയാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍ അടയാളപ്പെടുത്തിയത്‌. അസൂയാവഹമായ സൗന്ദര്യത്തിലൂന്നി തൊട്ടതെല്ലാം പൊന്നാക്കുന്ന എഴുത്തിന്റെ മാസ്‌മരവിദ്യയാണത്‌. മലയാളത്തിലെ പുതുകവികളുടെ വിരല്‍ത്തുമ്പില്‍ നിന്നും ചോര്‍ന്നുപോകുന്നതും മറ്റൊന്നല്ല. പലരുടെയും പേന കൂടുതുറന്നുവിട്ട കോഴികളെപ്പോലെ മതിലും തൊടിയും ചാടി കണ്ടതെല്ലാം കൊത്തിവിഴുങ്ങുന്നു. വാക്കുകള്‍ അടുക്കും ചിട്ടയുമില്ലാതെ പുറത്തുചാടുന്നു.


കവികള്‍ ഗൗരവക്കാരാവാനും സ്വയം മറന്ന്‌ ആശയങ്ങള്‍ ആവിഷ്‌കരിക്കാനും വാള്‍ട്ട്‌ വിറ്റ്‌മാന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. സ്വയം മറന്ന്‌ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവാണ്‌ എഴുത്തിന്റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്ന ഘടകങ്ങളിലൊന്ന്‌. കഴിഞ്ഞ ആഴ്‌ചയില്‍ മലയാളത്തിലെ വിവിധ ആനുകാലികങ്ങളില്‍ എഴുതി നിറഞ്ഞവരുടെ നിരയില്‍ ഡി. വിനയചന്ദ്രന്‍, പി. കെ.ഗോപി, കെ. സി. മഹേഷ്‌, രാധാകൃഷ്‌ണന്‍ എടച്ചേരി, ശിവകുമാര്‍ അമ്പലപ്പുഴ, നാസര്‍ കൂടാളി, ടി. പി. അനില്‍കുമാര്‍, ശ്രീകുമാര്‍ കരിയാട്‌, ശാന്തി ജയകുമാര്‍, സി. എസ്‌. ജയചന്ദ്രന്‍ തുടങ്ങിയവരുണ്ട്‌. ``പ്രണയം ഒരു ഉമിനീരായി കാണുവോരുടെ'' ഇടയില്‍ നിന്നും ഡൈ ചെയ്‌ത പ്രണയകവിതകള്‍ വീണ്ടും അച്ചടിമഷി പുരളുന്നു.


ഡി. വിനയചന്ദ്രന്റെ രണ്ടു കവിതകളുണ്ട്‌. പ്രണയകമ്പളം നിവര്‍ത്തുന്ന മീനം പ്രണയത്തിന്റെ പ്രസ്സ്‌ റിലീസ്‌'' (മലയാളം-ജൂലൈ10), കവിതയില്‍ കാലം കുറുകിവരുന്ന ചിത്രം വരയ്‌ക്കാന്‍ ശ്രമിക്കുന്ന മീന്‍കൂമന്‍ ഡോക്യുമെന്ററി (മാധ്യമം ജൂലൈ13). അള്‍ട്രാവയലറ്റ്‌ രശ്‌മികളെ അതിജീവിക്കുന്ന/ ബാക്‌ടീരിയകളെ കേള്‍ക്കാത്ത പ്രേമ/ ശൂന്യാകാശത്ത്‌ അടര്‍ന്നു വീണ അക്ഷരത്തെറ്റുകള്‍ക്കിടയില്‍/ ഒളിച്ചു താമസിക്കണം/സ്വപ്‌നം എന്റെ വീട്ടിലേക്കു തന്നെ മടങ്ങി/ എന്നെ വായിക്കുന്ന പുസ്‌തകത്തില്‍ ഭയമില്ലാതെ ഇരുന്നു''. വിഷയം പ്രണയവും കാലവുമാണെന്ന്‌ കരുതി എന്തും കുത്തിനിറയ്‌ക്കുന്ന ഭാണ്‌ഡം പോലെയാണ്‌ വിനയചന്ദ്രന്റെ കവിത.


ശിവകുമാര്‍ അമ്പലപ്പുഴ എഴുതി: ഇടമുറിയാത്ത മഴയുടെ/ ഇറവെള്ളത്തില്‍/ ഇടമുറിഞ്ഞ അര്‍ത്ഥങ്ങളുണ്ട്‌- (മഴനീര്‍ സംഭരണി- മലയാളം ജൂലൈ10). പി. കെ. ഗോപി ?വൃകോദര''ത്തില്‍ വരച്ചുചേര്‍ത്തത്‌: വൃകോദരങ്ങള്‍/ ചിറിനക്കി തുടച്ച്‌/ രാവെളുക്കും മുന്‍പ്‌ സ്ഥലംവിട്ടു- (മലയാളം ജൂലൈ 10). ശിവകുമാറും ഗോപിയും തെറ്റിദ്ധാരണകളില്‍ അകപ്പെട്ട്‌ അകം മാത്രമല്ല പുറവും കാണാത്ത പരുവത്തിലാണ്‌. 'പട്ടി ബ്രാന്റ്‌ ജീന്‍സിട്ടു നീ 'എന്ന രചനയില്‍ ശ്രീകുമാര്‍ കരിയാട്‌ പറയുന്നു: കണ്ണടച്ഛന്‍മുനി/ യപ്പുറമിരിക്കുന്നു/ കണ്ണടച്ചു ഞാന്‍ രുചി/ ലോകത്തെയറിയുന്നു- (മാധ്യമം, ജൂലൈ 13). കെ. സി. മഹേഷ്‌ മാതൃഭൂമിയിലെഴുതി: രാത്രി പറന്നുപോകുന്നതും/ മാനം തെളിയുന്നതും/ ഒരു വാതില്‍ തുറന്നുകിട്ടും പോലെയാണ്‌- (ഇരിപ്പ്‌ എന്ന കവിത). അടയിരിക്കുന്ന കിളിയെപ്പോലെയാണ്‌ രാത്രി എന്ന്‌ മഹേഷ്‌. ശ്രീകുമാറിന്റെയും മഹേഷിന്റെയും രചനകള്‍ക്ക്‌ ഗൗരവമുള്ള വായനാലോകത്ത്‌ കടന്നിരിക്കാനുള്ള കഴിവില്ല. ന്യൂസ്‌പ്രിന്റുകള്‍ക്ക്‌ ഭാരമാണിവ.


നാസര്‍ കൂടാളിയുടെ 'ആ മരത്തേയും കണ്ടു ഞാന്‍' (ആഴ്‌ചവട്ടം, തേജസ്‌- ജൂലൈ 5) യാത്രയില്‍ തെളിയുന്ന ഓര്‍മ്മകള്‍ ചേര്‍ത്തുവയ്‌ക്കുന്നു. ``കുഞ്ചിയമ്മ നട്ടുനനക്കുന്ന/ ആ ഐശ്വര്യത്തെ/ ഇലകളില്ലാത്ത ശാഖി കൊണ്ട്‌/ മകള്‍ വരഞ്ഞ ആദ്യ മരത്തെ/ ഓരോ യാത്രയിലും അതെന്നെ ഓര്‍മ്മിപ്പിക്കും''. ഒറ്റ മരവുമില്ലാത്ത വീടിന്റെ ടെറസ്സില്‍ ഒരു ബോണ്‍സായ്‌ മരമായ്‌ ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്‌ക്കുകയാണ്‌ നാസര്‍. രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ രണ്ടു കവിതകള്‍ (ദേശാഭിമാനി വാരിക- ജൂലൈ 12), യാഥാര്‍ത്ഥ്യം (വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌ ജൂലൈ5). ``ഒന്നാമത്തെ കാല്‍വയ്‌പ്പില്‍ മുത്തശ്ശിയുടെ ചെല്ലവും/ രണ്ടാമത്തെ കാല്‍വയ്‌പ്പില്‍ മുത്തശ്ശന്റെ ചാരുകസേരയും/ തട്ടിയെടുത്ത വാമനാ/മൂന്നാമത്തെ കാല്‍വയ്‌ക്കാന്‍ ഇവിടെ/ ഒരു ശിരസ്സുപോലുമില്ലല്ലോ (രണ്ടുകവിതകള്‍-അധിനിവേശം). വൈയക്തികവും സാമൂഹ്യവുമായ രണ്ടുമുഖങ്ങളുണ്ട്‌ രാധാകൃഷ്‌ണന്റെ രചനയില്‍. മനുഷ്യന്റെ അപരാധബോധത്തിലേക്ക്‌ ഉള്ളുണര്‍ത്തുകയാണ്‌ എഴുത്തുകാരന്‍. ഇല്ലം ചാടിക്കടക്കുന്നവന്റെ മുന്നില്‍ ലക്ഷ്യമേയുള്ളൂ. അനിധിവേശത്തിന്റെ നഖചിത്രമാണിത്‌.


സി. എസ്‌. ജയചന്ദ്രന്‍ `പലിശക്കാരന്റെ പാട്ട്‌' എന്ന കാവ്യരൂപത്തില്‍: ``മുട്ടു ന്യായങ്ങളും/ നീളുമവധിയും ഒട്ടുമേ വേണ്ടെടോ''- (ദേശാഭിമാനി, ജൂലൈ12). 'കെട്ടുകാഴ്‌ച'യില്‍ ശാന്തി ജയകുമാര്‍ പ്രാര്‍ത്ഥിക്കുന്നു:'' നടവഴിപ്പന്തല്‍ തീരുന്നു/ ഈശ്വരന്‍, ഉടല്‍വെടിഞ്ഞന്യമാകുന്നു/ നിങ്ങളും, പഴയബിംബവും ഞാനുമേകാകികള്‍''- (കലാകൗമുദി, ജൂലൈ 12). ജയചന്ദ്രന്റെയും ശാന്തി ജയകുമാറിന്റെയും വരികള്‍ പകര്‍ച്ചവ്യാധികളാണ്‌. സൂക്ഷ്‌മതയോടെ ചെയ്‌തെടുക്കുന്ന പ്രക്രിയയാണ്‌ കവിത. ആറ്റൂര്‍ രവിവര്‍മ്മ ഓര്‍മ്മിപ്പിക്കുന്നു: കണ്ണടച്ചാലും തുറന്നാലും/ ഒന്നുപോലായോരിരുട്ടത്ത്‌/ പറഞ്ഞതുതന്നെ പറയുന്നു/ പെരുമഴ നിര്‍ത്താതെന്‍ കാതില്‍''-( പിറവി).കവി വീക്ഷണത്തിന്റെ തിളക്കം പതിഞ്ഞുനില്‍ക്കുന്ന രചനയാണ്‌ ടി. പി. അനില്‍കുമാറിന്റെ ?സെമിത്തേരിയിലെ നട്ടുച്ച''.-കല്ലറയില്‍ പനിനീര്‍പ്പൂക്കള്‍ വെച്ച്‌/ കുനിഞ്ഞുമ്മ വെക്കുമ്പോള്‍/ ചുട്ടുപൊള്ളുന്ന സിമന്റ്‌/ നിന്റെ ചുണ്ടുകളോട്‌/ പറഞ്ഞതെന്താണ്‌?- (മാധ്യമം- ജൂലൈ 13). നിഴലുകള്‍ അവനവനിലേക്ക്‌ മാത്രം നീളുകയോ, ചുരുങ്ങുകയോ ചെയ്യുന്ന സ്ഥലമെന്ന്‌ സെമിത്തേരിയെ കവി പേരിട്ടു വിളിക്കുന്നു.

സൂചന: ജോണ്‍ ഹോളന്‍ഡര്‍ക്കും പി. കുഞ്ഞിരാമന്‍ നായര്‍ക്കും-സൗവര്‍ണ്ണരാജിയിലൂടെ ഒരു അര്‍ത്ഥാന്വേഷണമാണ്‌ പ്രണയകവിത. ഡി. വിനയചന്ദ്രന്‌ ജീവനില്ലാത്ത ഡൈ ചെയ്‌ത വാക്കുകളും.-നിബ്ബ്‌

അഭിപ്രായങ്ങളൊന്നുമില്ല: