13/7/09

പെണ്പക്ഷത്ത് ‘ആണേ

കുട്ടിയായിരുന്നപ്പോള്‍
കൊതിച്ചത്
ഒരനുജത്തിയുണ്ടായിരു-
ന്നെങ്കിലെന്നാണ്
അതാകുമ്പോള്‍
തോളിൽ കയ്യിട്ടുനടക്കാം
ഇല്ലാക്കഥപറഞ്ഞ്
പേടിപ്പിക്കാം
ഒരിക്കലും
എന്നേക്കാൽ പൊക്കംവയ്ക്കില്ല
ഉറക്കെ ചിരിക്കില്ല
തല്ലിതോല്പിക്കില്ല
ചിണുങ്ങിച്ചിണുങ്ങി
ഒരു മൂലയ്ക്കിരുന്നോളും
പ്രണയം വന്നപ്പോൾ
നിറയെ തലമുടിയുള്ളവളെ
മോഹിച്ചു
അതാകുമ്പോൾ
ഒരു തുളസിക്കതിരിന്റെ
ശുദ്ധിയുണ്ടാകും
കാച്ചെണ്ണയുടെ മണമുണ്ടാകും
നിറയുന്ന മിഴികളുണ്ടാകും
എല്ലാ ചോദ്യങ്ങളേയും
പ്രണയത്തിനുവേണ്ടിയെന്ന
ഉത്തരത്തിലൊതുക്കിക്കൊള്ളും
വിവാഹത്തെപ്പറ്റി
വീട്ടുകാരാലോചിക്കട്ടെ
അതാകുമ്പോള്‍
‘പടിപ്പ്’ കുറയുംതോറും
പണംകൂടും
പ്രണയിച്ച കുറ്റത്തിന്
കാറ് കിട്ടും
ആദ്യരാത്രിയിൽത്തന്നെ
ഇഷ്ടാനിഷ്ടങ്ങളുടെ
നീണ്ട ലിസ്റ്റ്
അവൾക്ക് കൈമാറാം
ഉടമ്പടിയുടെ ഒരു താലി
കഴുത്തിൽ കെട്ടിതൂക്കാം
മകളെപ്പറ്റി ഓര്‍ക്കുന്തോറും
അമ്മയെ ഓര്‍മ്മവരും
പൊക്കിൾക്കൊടി
മുലപ്പാൽ
താരാട്ട്
അച്ഛന്റെ തെറി
കുനിച്ച് നിര്‍ത്തിയുള്ള ഇടി
ആലോചിക്കുംതോറും
മകൾക്ക് അമ്മയിലെത്താൻ
വളരെ അകലമില്ല
അതുകൊണ്ട്
ഒരാണിനെ മതിയെന്ന്
പേറ്റുപകരണത്തോട്
ഞാനാജ്ഞാപിക്കും.

4 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

പെണ്ണ് കക്ഷത്താണേ!

ദേവസേന പറഞ്ഞു...

അതെ
മകള്‍ പെട്ടന്നു തന്നെ അമ്മയിലെത്തും.
മതി
ആണു മതി
ആശംസകള്‍

സെറീന പറഞ്ഞു...

പെണ്‍പക്ഷത്തെ ആണേ,
സമ്മതിച്ചു!!

മനോജ് കുറൂര്‍ പറഞ്ഞു...

ഹരീഷ്, നന്നായി. വീണ്ടും വായിക്കാന്‍ തോന്നുന്നു. :)