22/6/09

വെയിലെഴുത്ത്

1

മുറ്റത്തായിരുന്നു
വെയില്‍

തൊടിയിലേക്കും
വേലിക്കപ്പുറത്തേക്കും
നടന്നു
കുളത്തില്‍ ചാടി
മരത്തില്‍ കയറി

മഴവരും നേരത്ത്
മുഖമൊന്ന് കാണണം
കൊതിക്കെറുവോടെ
ഇരിപ്പുണ്ട്
വീടിനുള്ളിലെ
കാണാമൂലയില്‍.

2

കടല്‍
വെയിലിന്റെ വീട്

വെളുക്കുവോളം
വെള്ളം വറ്റിച്ച്
ഉപ്പ് തിന്ന്
ഉറങ്ങാതിരിക്കും
ആരും കാണാതെ
കിഴക്കന്‍ മലയുടെ
നെഞ്ച് പിളരും.

3

വെയിലിനുമുണ്ട്
സ്വപ്നം
മഴ പോലെ തണുക്കുവാന്‍
മേഘങ്ങളില്‍ നിന്ന്
നൂല് കെട്ടിയിറങ്ങുവാന്‍
തുള്ളിത്തുള്ളി നടക്കുവാന്‍

സ്വപ്നം കണ്ട നേരത്താവണം
വെയില്‍
മങ്ങി മായുന്നത്.

4

വെയിലിലാണ്
തണലിന്റെ നില്പ്

വാടിപ്പോവില്ലേ
കത്തിക്കരിയില്ലേ
കുരുത്തം കെട്ട കുട്ട്യേ?

4 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

അബൂദാബിയില്‍ വെയില്‍ മൂക്കുന്നു

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

“വെയിലിലാണ്
തണലിന്റെ നില്പ്

വാടിപ്പോവില്ലേ
കത്തിക്കരിയില്ലേ
കുരുത്തം കെട്ട കുട്ട്യേ?“

വെയില്‍കൊണ്ട് തണലാവുന്നത്
അവിടെയവര്‍ക്ക് പൊള്ളതിരിക്കാനാണ്.
അതുകൊണ്ടാണ് വാടിക്കരിഞ്ഞിട്ടും
കുരുത്തം കെട്ടവനാവുന്നത്.
അബുദാബിയില്‍ മാത്രമല്ല, ദുബായിലും ഷാര്‍ജയിലും ദോഹയിലും ജിദ്ദയിലുമൊക്കെ വെയില്‍കൊണ്ട് വാടിക്കരിയുന്ന കുരുത്തം കെട്ട തണലുകളുണ്ട്..

Prayan പറഞ്ഞു...

വെയിലിനുമുണ്ട്
സ്വപ്നം
മേഘങ്ങളില്‍ നിന്ന്
നൂല് കെട്ടിയിറങ്ങുവാന്‍

വല്ലാതൊരു ഭംഗി വരികള്‍ക്ക്....

ആകാശ് മേനോന്‍ പറഞ്ഞു...

Naseer u r blog is absconding. open it. there r people who reads u

akash