7/6/09

ഷാപ്പ് /എസ് ജോസഫ്

വയലോരത്ത് ഒരു ഷാപ്പുണ്ട്
പാളങ്ങള്‍ക്കടുത്ത് തെങ്ങോലത്തുണിയുരിഞ്ഞ് തലേക്കെട്ടി
കാലുമടക്കി തെങ്ങിലൊറ്റയടിതരുമെന്ന മട്ടില്‍
പടിഞ്ഞാറന്‍ കാറ്റത്ത് ആടിയാടി നില്പാണ്.
കരിമീനും കപ്പയും തെങ്ങുങ്കള്ളുമുണ്ട്.
കൈ കഴുകുന്നിടത്ത് മരക്കുറ്റിയുമുണ്ട്.
മുഴുകുടിയന്മാരായ ഞാനും ചങ്ങാതിയും
ഒരുമാറ്റത്തിന് അവിടെപ്പോയി
തലയ്ക്കുമീതെ ശൂന്യാകാശമെന്ന് പാടുന്നവരുണ്ടവിടെ
പാട്ടില്‍ കള്ളുചേര്‍ത്തു ഞങ്ങളും
നീര്‍ക്കാക്കകളും ചാരമുണ്ടികളും ഉള്ള കണ്ടങ്ങള്‍ക്കിടയിലെ
പാളങ്ങളിലൂടെ മടങ്ങിമായുന്നു.
ദുഃഖം വന്നാലും സന്തോഷം വന്നാലും കുടിച്ചു നടന്നു
കുടിച്ചുകുടിച്ച് ചങ്ങാതിയും മരിച്ചു
അവനുവേണ്ടിയും കുടിച്ചു
തലയ്ക്കുമീതെ ശൂന്യാകാശമായി
ഇനി കുടിച്ചാല്‍ ചത്തുപോകുമെന്നറിഞ്ഞു
പോയകാലം ഓര്‍ക്കാതായി
ഓര്‍ക്കാന്‍ കൊള്ളാവുന്ന ഒരെയൊരുകാലം
അതായിരുന്നു എങ്കിലും
തീവണ്ടിയില്‍ കടന്നുപോകുമ്പോള്‍
ഒരു മിന്നായം പോലെ ആ ഷാപ്പു കാണുന്നു.
ഉണ്ടൊരു ചന്തം
പാടി നില്‍ക്കുന്നു
മാടി വിളിക്കുന്നു
കൂടെപ്പാടാന്‍
എസ് ജോസഫ്

5 അഭിപ്രായങ്ങൾ:

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

മിന്നായം പോലെ പഴയ ഷാപ്പുകള്‍... സ്വയം കോര്‍ത്തുപോയില്ലെ വേഗബാണങ്ങളില്‍.... നിഷ്കളങ്കമായ ആ ലഹരി ദിനങ്ങളും അപഹരിക്കപ്പെടുകയാണ്‌....

മനോജ് കുറൂര്‍ പറഞ്ഞു...

ജോസഫ്, ഇന്നലെ നീ കോട്ടയത്തുണ്ടാവുമെന്നറിഞ്ഞിട്ടും, വൈകുന്നേരം പത്തു മീറ്റര്‍‌ ദൂരത്തിനുള്ളിലൂടെ നടന്നുപോന്നിട്ടും ഞാന്‍ വിളിച്ചില്ല. കഴിഞ്ഞ തവണ നമ്മള്‍ അതേ സ്ഥലത്തുകണ്ടപ്പോഴാണല്ലൊ നീ ‘ഷാപ്പ്’ വായിച്ചുകേള്‍പ്പിച്ചത്. വിളിക്കാത്തതു മന:പൂര്‍വമാണ്. മിനിയാന്ന് പാതിരാവരെ നീണ്ട ഭ്രാന്ന്തുകള്‍ക്കും ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരംവരെ ക്ഷീണംതീര്‍ക്കലുകള്‍ക്കുമൊടുവില്‍ നിന്നെക്കൂടി കണ്ടിരുന്നെങ്കില്‍...

പക്ഷേ ‘ഓര്‍ക്കാന്‍ കൊള്ളാവുന്ന ഒരെയൊരുകാലമായി ആ പോയകാലം’തന്നെ ഓര്‍‍ക്കുന്നു.
അവിടെ നീയും ജയലാലും ഞാനും നീറിക്കാട്, ആറുമാനൂര്‍, ഏറ്റുമാനൂര്‍, അതിരമ്പുഴ, കോട്ടാമ്പുറങ്ങളില്‍ കള്ളും മീനും കപ്പയും പിന്നെ ആ മരക്കുറ്റിയുമുള്ള ഇടങ്ങളില്‍ കവിതകള്‍ ആഘോഷിക്കുന്നു. തലയ്ക്കുമീതേ ശൂന്യാകാശമായിരിക്കെ ആ തീവണ്ടിപ്പാളങ്ങളിലൂടെ പുറപ്പെട്ടുപോകാനൊരുങ്ങുന്നു. മൂന്നു നാലു കിലോമീറ്റര്‍ നീണ്ടു പരന്ന കണ്ടത്തില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നവനെ നായകനാക്കി മനച്ചിത്രം നിര്‍മിക്കുന്നു. കൊച്ചുകുട്ടികളെക്കൊണ്ടൊക്കെ നീ പാട്ടു പാടിക്കുന്നു. അവരെക്കൊണ്ടു നാടകം കളിപ്പിക്കുന്നു. പിന്നെപ്പിന്നെ നീയായി, ഞാനായി, സംബന്ധവും അസംബന്ധവുമായി. അപ്പോഴും ഇടയ്ക്കു കാണുമ്പോഴൊക്കെ അതേ കണ്ടങ്ങള്‍, മുണ്ടികള്‍, നീര്‍ക്കാക്കകള്‍, ചില മലഞ്ചരിവുകളിലെ തണുത്ത കാറ്റ്. ചുവപ്പുനിറമുള്ള മീന്‍‌കറിയുടെ എരിവിനു വെളുത്ത കള്ളിന്റെ മധുരചികിത്സ.

ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകങ്ങളില്‍ ഓരോ കാല്‍ വച്ചുനില്‍ക്കുന്ന അവസ്ഥയില്‍ അനുഭവിക്കുന്ന പൂര്‍ണതാബോധത്തെപ്പറ്റി കമലാ ദാസ് എഴുതിയത് ഓര്‍ക്കുന്നു. മറ്റൊരു കൂട്ടുകാരനില്‍നിന്നു കിട്ടിയ മദ്യകവിതകളുടെ ഒരു വലിയ സമാഹാരത്തിന് ‘ലാസ്റ്റ് കോള്‍’ എന്നു പേരുവന്നതു യാദൃച്ഛികമല്ലെന്നും അറിയുന്നു. ജോസഫ്, ഈ ജീവിതാനന്തരജീവിതത്തില്‍, ഒടുക്കത്തെ ഹാങ് ഓവറില്‍, ഞാനും മദ്യത്തില്‍ വിശ്വസിക്കുന്നില്ല.
പക്ഷേ അപ്പോഴും പുറപ്പെട്ടുപോകാനല്ല, ജോലിക്കു പോകാന്‍ കയറീയ തീവണ്ടിയില്‍ കടന്നു പോകുമ്പോള്‍,
‘ഉണ്ടൊരു ചന്തം
പാടി നില്‍ക്കുന്നു
മാടി വിളിക്കുന്നു
കൂടെപ്പാടാന്‍’
(ജോസഫ് എന്നു വിളിച്ചപ്പോഴൊക്കെ ഒരു ചുള്ളീക്കാട് ടച്ച്. അതും ഇരിക്കട്ടെ. ഭൂതകാലമല്ലേ?)

Unknown പറഞ്ഞു...

ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണര്‍ത്തിയ എഴുത്ത് .കൊള്ളാം

ഉണ്ണി ശ്രീദളം പറഞ്ഞു...

see the difference....
this is what u call a poem....

Sureshkumar Punjhayil പറഞ്ഞു...

വയലോരത്ത് ഒരു ഷാപ്പുണ്ട്... Manoharam.. Orunal varunnundu...! Ashamsakal...!