പ്രതിബന്ധങ്ങളുടെ
കടലിടുക്കുകള്‍ താണ്ടി
കണ്ണുനീരിന്റെ തിരയേറ്റങ്ങളില്‍
തളരാതെ തുഴഞ്ഞെത്തുന്ന
നീയാല്‍ കണ്ടെത്തപ്പെടുന്നതിനുവേണ്ടി
മാത്രം സൃഷ്ടിക്കപ്പെട്ടതിനാല്‍
ആത്മാവിന്റെ പുറംകടലിനപ്പുറം
ഇരുണ്ട വിരഹ മേഘങ്ങളില്‍ പുതഞ്ഞ്
ഇന്നും അജ്ഞാതമായി
ഈ വന്‍കര.
പ്രണയത്തിന്റെ
പ്രളയ ജലധിയില്നി-
ന്നുരുവംകൊണ്ട ഈ വന്‍കര
മുത്തിലും പവിഴത്തിലും
കണ്ണഞ്ചിയ നാവികരെ
ദിഗ്ഭ്രമത്തിലാഴ്ത്തുന്നു.
പ്രണയത്തിന്റെ കന്യാവചനങ്ങളാല്
അകക്കണ്ണു തെളിഞ്ഞ നിനക്കു മാത്രം
എന്റെ പ്രാണന്റെ ഭൂപടത്തില്‍നിന്ന്
വായിച്ചെടുക്കാം
ഈ ഹൃദയഭൂമിയുടെ
വഴിയും നിഗൂഢ രഹസ്യവും.
മാരിവില്ലായ് നീ വിടരുകില്‍
മയൂരമായ് പീലി നീര്‍ത്തുമീ വന്‍കര.
നിന്നെക്കുറിച്ചുള്ള നിനവുകള്‍ മാത്രം
വെയിലായ്, നിലാവായ് ഉദിക്കുന്ന
ഈ വിജന തീരത്ത്
ഉയിരിന്റെ ചൂടിലുരുക്കി വിളക്കി
ഞാനുയര്ത്തിയിരിക്കുന്ന
കവിതയുടെ കൊടിപ്പടം
നിനക്കുള്ള സൂചകം.
ആഴത്തിലാഴത്തി-
ലാദിമമാകുമാ നോവു വിങ്ങുന്ന
നിനക്കു മാത്രം
തിരിച്ചറിയാനാകുന്ന
അടയാളം.
കൊടിയ വിരഹത്തിന്റെ
കരിംകടല്ക്കോളിലീ ഭൂഖണ്ഡം
എന്നേക്കുമായി
മുങ്ങിപ്പോകും മുമ്പ്
ഒരിക്കല്‍...
ഒരിക്കലെങ്കിലും വരില്ലെ നീ?
4 അഭിപ്രായങ്ങൾ:
kandathil santhosham
കവിത കുറെ കൂടി നന്നാക്കാമായിരുന്നു.
കടെലെടുത്ത പ്രണയം..
ഒരിക്കൽ കടലിൽ ലയിച്ചല്ലേ പറ്റൂ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ