5/3/09

ഭാവനയുടെ മുളങ്കാടുകള്‍ക്ക്‌

ഭാവനയുടെ മുളങ്കാടുകള്‍ക്ക്‌
തീപ്പിടിക്കുമ്പോള്‍


മുഹമ്മദ്‌കുട്ടി എളമ്പിലാക്കോട്‌

ആധുനികാനന്തര ഭാവുകത്വ
പോക്കുവെയിലില്‍
നെരൂദ ബാധയുള്ള
കാവ്യകല്‍പനക്കാടകത്തിലെ
ബിംബസാര സരോവരത്തിന്‍ ചാരെ
ഏറുമാടം കെട്ടി
അവതാളത്തില്‍
കൊട്ടും കുരവയുമായി
തമ്പടിച്ചിരിക്കുന്ന
ഈ അവതാരങ്ങള്‍
ഏതു ഭാവുകത്വ റിപ്പബ്ലിക്കില്‍നിന്നു
പുറത്താക്കപ്പെട്ടവര്‍?
അനുഭൂതിയുടെ
ഏതു പുതുവന്‍കര തേടി
പുറപ്പെട്ടവര്‍?
ഏതു വാഗ്‌ദത്തഭൂവിന്റെ
സര്‍ഗ സ്വപ്‌നങ്ങളായ്‌
വെളിപ്പെട്ടവര്‍?
കാട്ടുമുള്ളുകള്‍ ചെറയ്‌ക്കുന്ന
ദെറിദ വേദാന്ത
വളവിലുന്മാദികളായ്‌
ഭാവനയുടെ മുളങ്കാടുകളി-
ലാളുന്ന തീയുമായ്‌
പൊറുതിയില്ലാതെ
പതുങ്ങിനിന്നൊടുവില്‍
രമണന്‍ തൂങ്ങിയ വാങ്‌മര-
ച്ഛായയില്‍തന്നെ
ചാരമായൊടുങ്ങുമോ
ഭ്രഷ്‌ടരാമിവരുടെ
വാങ്‌മയ കലവികള്‍?

അഭിപ്രായങ്ങളൊന്നുമില്ല: