17/3/09

പനി

പ്രളയം പെയ്തൊരു ദിവസമായിരു-
ന്നവരൊക്കെക്കൂടി വിരുന്നു വന്നത്‌.

* * *

അതിന്‍ തലേന്നാണെന്നെനിയ്ക്കു തോന്നണു,
പനി കൊണ്ടുത്തന്ന നിശ്ശബ്ദതയുടെ
കരിമ്പടം പുതച്ചുറക്കം നിന്നത്-
പനി തന്നെ നീണ്ടൊരുറക്കമാണല്ലോ!

ചലനങ്ങള്‍, ശബ്ദം, ചുവരിന്‍മേല്‍ ക്ളോക്കില്‍
മുറിച്ച കേക്കിന്റെ കഷണം പോല്‍ കാലം.
പ്രളയം പെയ്യുന്നു, എനിയ്ക്കു ചുറ്റിനു-
മനിയന്‍മാരുടെ (ഇളയവന്‍ പാച്ചു
കരയുന്ന ശബ്ദം) പതിവ്‌ മേളക്കം.
പരിചിതമായ പരിസരം, പക്ഷേ
പറഞ്ഞില്ലേ പനി ഉറക്കമാണെന്ന്‌... !

നിശ്ശബ്ദതയുടെ കരിമ്പടം പനി.

പരിചിതമായ പലതിനോടും ഞാ-
നറിയാതെയൊരു പിണക്കം. അച്ഛന്റെ
കവിതപ്പുസ്തകമെവിടെ വച്ചമ്മേ?
പതിഞ്ഞൊരൊച്ചയേ പുറത്തു വന്നുള്ളൂ,
പനിയല്ലേ? വേണ്ട, പനിമാറിക്കഴി-
ഞ്ഞെണീക്കട്ടെ, അമ്മ കിടക്കുകയാവും.

ഇരുട്ടാണെങ്കിലും ചിലപ്പോഴൊക്കെ ഞാ-
നുണരുമ്പോഴമ്മയടുത്തുണ്ട്‌. പാച്ചു
ഉറങ്ങുകയാവും- ഉറങ്ങട്ടെ അവന്‍.
പ്രളയം തോരട്ടെ, പനി മാറിപ്പകല്‍
വെളിച്ചമെത്തിയാലവനെയും കൂട്ടി-
ക്കളിക്കാന്‍ പോകണം. കളിക്കാന്‍ പാടില്ല!
മിനിഞ്ഞാന്നല്ലേ ഞാന്‍ (അതിന്‍ തലേന്നാണോ?)
കളിച്ചു നില്‍ക്കുമ്പോള്‍ കുഴഞ്ഞു വീണത്‌?

* * *

എനിയ്ക്കു ചുറ്റിനും നിറഞ്ഞു നില്‍ക്കുന്നു
മരിച്ച മുത്തശ്ശന്‍, മെലിഞ്ഞ കൈനീട്ടി,
അതിനും മുമ്പെന്നോ മരിച്ച മുത്തശ്ശി.

വിരുന്നു വന്നതാണവരെന്നെക്കാണാന്‍
പനിയല്ലേ? അതെ, പ്രളയം പെയ്തന്നു
പുലര്‍ച്ചെയായിരുന്നവരെല്ലാങ്കൂടി
നിരന്നു നിന്നത്‌ - മരിച്ചു പോയവര്‍!

കുനിഞ്ഞു മുത്തശ്ശന്‍ പറയുന്നുണ്ടെന്തോ,
പനി മയക്കത്തില്‍ തിരിയുന്നില്ലൊന്നും.
പറഞ്ഞില്ലെങ്കിലും തിരിയും മുത്തശ്ശാ...

പ്രളയം തോരുമോ? അറിയില്ലമ്മയ്ക്ക്‌.
അനിയന്‍മാര്‍ക്കൊന്നുമറിയില്ല, പക്ഷേ
നിലത്തുറുമ്പുകളരിച്ചു നീങ്ങുന്ന
നനുത്തൊരൊച്ചയില്‍ ചിരിച്ചു മുത്തശ്ശി
പറഞ്ഞു- "മക്കളേ പ്രളയമാണെങ്ങും"

പുലരും മുമ്പുഞ്ഞാനവരെപ്പോലൊരു
പ്രളയമായേക്കും. അറിയാം. എന്നാലും...
വലതു കൈയ്യിലെ മറുകില്‍ നിന്നൊരു
കറുത്ത സൂര്യനുണ്ടുയര്‍ന്നു പോകുന്നു...
പനി കൊണ്ടുത്തന്ന നിശ്ശബ്ദതയുടെ
കരിമ്പടം ചുറ്റിയുറങ്ങാന്‍ പോകുന്നു...
അനിയന്‍മാരൊക്കെ കളിയ്ക്കാന്‍ പോകുന്നു...

കളിയ്ക്കാന്‍ പാടില്ല, പനിയല്ലേ...

16 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കൊള്ളാം. ഇനിയും എഴുതൂക.

പ്രിയ പറഞ്ഞു...

നന്നായിഷ്ടപ്പെട്ടു. വല്ലാത്തൊരു ഫീലിംഗ്. സ്വയം ആ അവസ്ഥയില്‍ ആയ പോലെ

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

Very Good

Sureshkumar Punjhayil പറഞ്ഞു...

Nannayirikkunnu...Ishttamaayi... Ashamsakl.

naakila പറഞ്ഞു...

പാരമ്പര്യത്തിന്റെ മണമുളള നല്ല വിത

Mintos പറഞ്ഞു...

My Favorite poem from Unni :) ..

Pramod.KM പറഞ്ഞു...

ചുവരിന്‍മേല്‍ ക്ളോക്കില്‍
മുറിച്ച കേക്കിന്റെ കഷണം പോല്‍ കാലം."
സൂപ്പര്‍

Mahi പറഞ്ഞു...

നന്നായിട്ടുണ്ട്‌

ഉണ്ണി ശ്രീദളം പറഞ്ഞു...

thank u very much,malayalam songs,priya,pakalji,sureshetta,anish,minto,pramod,mahi for reading and responding to my poem

അരുണ്‍ ടി വിജയന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അരുണ്‍ ടി വിജയന്‍ പറഞ്ഞു...

മരണത്തെ ഇങ്ങനെയും കവിതയാക്കമല്ലേ
നന്നായിരിക്കുന്നു സുഹ്രുത്തേ...
പനിയെ ഒരിക്കലും ഉണരാത്ത ഉറക്കമാക്കിയതിനു
മരിക്കാതെ എന്നെ മരിച്ചവനാകിയതിനു... നന്ദി...

ഉണ്ണി ശ്രീദളം പറഞ്ഞു...

thank u arun

ബൂലോക കവിതാ നിരൂപണം പറഞ്ഞു...

ഈ ബ്ലോഗ്ഗിൽ ഞാനാദ്യമായാണ്‌ ഒരു
കവിത കണ്ടത്‌.കവിതയെഴുതുന്ന
ചിലരെയൊക്കെ അവിടെയും ഇവിടെയും
കണ്ടിട്ടുണ്ടെങ്കിലും അവരാരും
ഈ ബ്ലോഗ്ഗിൽ പ്രവേശിച്ച്‌(പ്രവേശിപ്പിച്ച്‌)-ശരിയേതെന്ന്‌
ഉടമസ്ഥർക്കേ അറിയൂ-കണ്ടിട്ടില്ല.കവിതയുടെ
ഈ വഴിയേ തുടര്ർന്നും നടക്കുക.കവിതാഭാസങ്ങളുടെ കാലത്ത്‌
ഒരു കവിതയെഴുതാൻ തോന്നിയതിന്‌ നന്ദി.നിങ്ങൾക്ക്‌
യോജിച്ചവരെ കണ്ടെത്തൂ. കൂട്ടായ്മയിലൂടെയേ
ഇക്കലത്ത്‌ രെക്ഷപ്പെടൂ.

ഉണ്ണി ശ്രീദളം പറഞ്ഞു...

thank u booloka kavitha niroopanam for ur consideration....

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

നന്നായിരിക്കുന്നു.. ഓരോ വരികളും.. ആശംസകള്

ഉണ്ണി ശ്രീദളം പറഞ്ഞു...

thanx hAnLLaLaTh