29/3/09

“ഹിന്ദു മുസ്ലീം ഭായി ഭായി ”

ഞാന്‍ ഒരു ഹിന്ദുവാണ്
അതുകൊണ്ടുതന്നെ
ഞാനൊരു മുസ്ലീമല്ല.
മുസ്ലീമല്ലാത്തതുകൊണ്ടാണ്
ഞാനൊരു ഹിന്ദുവായതെന്ന്
ഒരുകാലത്തു വിശ്വസിച്ചിരുന്നു;
ഹിന്ദു എന്നത് മുസ്ലീമിന്റെ
വിപരീതപദമാണെന്നപോലെ.
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്നായിരുന്നു പാഠപുസ്തകത്തില്‍
ഉണ്ടായിരുന്നത് എങ്കിലും..!

എന്റെ ക്ലാസിലോ,സ്കൂളിലോ
നാട്ടിലോ, മുസ്ലീമായി
ഒരാള്‍പോലും ഇല്ലായിരുന്നു.
പള്ളിയില്‍ പോകുന്നവരുണ്ടായിരുന്നു,
‘കോവിലില്‍’ പോകുന്നവരും,
പള്ളിയിലും കോവിലിലും പോകാത്ത
കമ്യൂണിസ്റ്റുകുട്ടപ്പന്‍സാറിന്റെ മോനും
(പേര് മറന്നു) ഉണ്ടായിരുന്നു.
“അവര് പള്ളീക്കാരാണ്
നമ്മള് കോവിലിക്കാര് ”
എന്ന് ഞങ്ങള്‍,
കളിക്കളത്തില്‍ വേര്‍തിരിഞ്ഞിരുന്നു.
തീപ്പെട്ടിക്കൂടിലെ ഉണ്ണിയേശുവിന്റെയും
ഓടക്കുഴലിന്റെയും പടങ്ങള്‍
പരസ്പരം മത്സരിച്ച്
കീറിയെറിഞ്ഞിരുന്നു
എന്നിട്ടും ഞങ്ങളെ പഠിപ്പിച്ചിരുന്നത്
“ഹിന്ദു മുസ്ലീം ഭായി ”
എന്നുമാത്രമായിരുന്നു.

ആദ്യമായി ഒരു മുസ്ലീമിനെ
അടുത്തറിയുന്നത്
ക്രിസ്ത്യന്‍ കോളേജില്‍
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്.
അവന്‍ നന്നായി പാടുമായിരുന്നു.
പാട്ടുകേട്ട് ലഹരിപിടിച്ച്
ഞാനവനെ ആരാധനയോടെ
നോക്കിത്തുടങ്ങിയെങ്കിലും
അവന്‍ ഒരു മുസ്ലീമാണെന്ന്
എനിക്കറിയില്ലായിരുന്നു.
സിനിമകളില്‍ കണ്ടിരുന്നപോലെ
അവന്‍ തൊപ്പി വച്ചിരുന്നില്ല,
ക്രോപ്പ് ചെയ്ത താടി വച്ചിരുന്നില്ല,
മാപ്പിളപ്പാട്ടുകളൊന്നും
പാടിയിരുന്നില്ല.

അവന്‍ മുസ്ലീമാണെന്നറിഞ്ഞപ്പോള്‍
ഉള്ളംകാലില്‍ നിന്നും
മൂര്‍ദ്ധാവിലേക്ക് ഒരു പെരുപ്പുകയറി.
അവനെ അഭിനന്ദിക്കണം,
കൈപിടിച്ചുകുലുക്കി മനസ്സുതുറന്ന്
പുഞ്ചിരിക്കണം,കഴിയുമെങ്കില്‍
ഒന്ന് കെട്ടിപ്പിടിക്കണം....

ഒരുദിവസം അവന്റെ മുന്നില്‍ചെന്നു,
കൈ മുറുകെപ്പിടിച്ചുകുലുക്കി,
അഭിമാനം സ്ഫുരിക്കുന്ന
വിടര്‍ന്ന മുഖത്തോടെ പറഞ്ഞു.
“ഹിന്ദു മുസ്ലിം ഭായി ഭായി...!”
എന്തുകൊണ്ടെന്നറിയില്ല
അവന്റെ മുഖത്തുവന്ന പുഞ്ചിരി
പൊടുന്നനെ മാഞ്ഞുപോയി
അവന്‍ മൌനമായിക്കറുത്ത്,
തിരിഞ്ഞ് നടന്നുപോയി...!

അതിനു ശേഷം വീട്ടില്‍
വിരുന്നുകാര്‍ വരുമ്പോള്‍
മുരളുന്ന നായയോട്
കടിക്കല്ലേ കടിക്കല്ലേ
എന്നര്‍ത്ഥത്തില്‍
“കൈസര്‍ കൈസര്‍..."
എന്നുവിളിച്ചുകൂവുമ്പോള്‍
ഞാനോര്‍ക്കുമായിരുന്നു
“ഹിന്ദു മുസ്ലീം ഭായി ഭായി ”
എന്ന എന്റെ വാചകവും
വേദന പുതച്ചുള്ള അവന്റെ
തിരിഞ്ഞുനടത്തവും.


കക്കൂസിൽ മുൻപ് പ്രസിദ്ധീകരിച്ച ഒരു കവിതകൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നു സമർപ്പണം ഈ പോസ്റ്റിനും അതിലെ ചർച്ചകൾക്കും

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

communal issues are getting much nowadays. Its time to ban all religions.

വായന പറഞ്ഞു...

ഹ്ര്‍ദയത്തില്‍ നിന്ന് വരുന്ന വാക്കുകളെ രചിക്കാന്‍ കക്കൂസിന` മുന്നില്‍ പോയി നില്‍ക്കുന്നതെന്തിന`
ഞാനൊരു മനുഷ്യനാണ`... എണ്റ്റെ അഭിപ്രായങ്ങളും ചിന്താഗതികളും ഇസ്ളാമിണ്റ്റേതും .. അത്‌ കൊണ്ട്‌ ... അത്‌ കൊണ്ട്‌ മാത്രം ഞാന്‍ മുസ്ളിമായി,, എണ്റ്റേതില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവന്‍ മനുഷ്യനാവാതിരിക്കുന്നതെങ്ങനെ... ആശംസകള്‍..

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മടുത്തു.. എനിക്ക് ഇനി മനുഷ്യന്‍ ആകേണ്ട...