24/3/09

ഗുരുവായൂര്‍-താനൂര്‍

തീവണ്ടിപ്പാത വരുന്നേയെന്ന്
തീവണ്ടി കാണാത്ത
തീവണ്ടി കയറാത്ത കുട്ടികള്‍
ബോഗികളായി ചൂളംവിളിക്കാനും
പുക തുപ്പാനും തുടങ്ങി.

ക്രിക്കറ്റ്‌കളി നിര്‍ത്തി
തീവണ്ടിസ്റ്റേഷന്‍ പണിഞ്ഞു
പച്ചക്കൊടി വീശി
മുറ്റം നിറയെ തീവണ്ടി വരച്ചു.

കൂകൂ കൂകൂ തീവണ്ടി
കൂകിപായും തീവണ്ടി
അച്ഛനേം അമ്മയേം ചെന്നിടിച്ചു.
മാനം നോക്കിയിരുന്ന മുത്തച്ഛനെ
ചതച്ചരച്ച്‌ ഓടിയോടി കിതച്ചു.
തെങ്ങിലും മാവിലും കൂട്ടിമുട്ടി
മുഖം ചോരചുവന്ന്‌ വീര്‍ത്തു.
തകര്‍ന്ന ബോഗികള്‍
പറമ്പിലെമ്പാടും പരന്നുകിടന്നു.

ഉറക്കത്തിലും
ദൂരദേശത്തേക്ക്‌ തീവണ്ടികളോടി
ബര്‍ത്തില്‍ ഇളകിയാടി
കിനാവുകള്‍ കണ്ടു.

ചായ,കാപ്പി...
മാതൃഭൂമി,മനോരമയെന്ന്‌
ഏതൊക്കെയോ തീവണ്ടിസ്റ്റേഷനുകള്‍
കുട്ടികളെ കുലുക്കി വിളിച്ചു.

8 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കിനാവില്‍ 'തീ' വണ്ടികള്‍ പാഞ്ഞു പോകും...
ഉറക്കത്തില്‍ കുട്ടികള്‍ പേടിച്ചു ചൂളംവിളിക്കും...

നരിക്കുന്നൻ പറഞ്ഞു...

“”
ഉറക്കത്തിലും
ദൂരദേശത്തേക്ക്‌ തീവണ്ടികളോടി
ബര്‍ത്തില്‍ ഇളകിയാടി
കിനാവുകള്‍ കണ്ടു.
“”

Melethil പറഞ്ഞു...

നസീര്‍, പെരുത്തിഷ്ടായി, പേര് നോക്കാതെ വായിച്ചു തുടങ്ങിയതാ , തുടക്കത്തിലെ ഒരു നസീര്‍ ടച്ച്‌, അവസാനം പേര് കണ്ടപ്പോള്‍ , പിന്നരെഴുതാന്‍ ഇങ്ങനെ എന്നായി..

നജൂസ്‌ പറഞ്ഞു...

റയില്‍ പോവുന്ന വഴീകളിലൂടെ അരഞ്ഞ്‌ ചേരുന്ന നിലവിളികള്‍. ഇത്‌ വല്ലാതെ പിടിച്ചു..

ഹാരിസ് പറഞ്ഞു...

ചില വിഷമിപ്പിക്കുന്ന വിഷ്വലുകള്‍ എപ്പോഴും ബാക്കിയാവുന്നു വായനയ്ക്കപ്പുറം

അനിലൻ പറഞ്ഞു...

സൈഡ് സീറ്റിലിരുന്നുറങ്ങിയ കവിയുടെ ഹൃദയം കടിക്കാടെത്തിയപ്പോള്‍ പോക്കറ്റടിക്കപ്പെട്ടു. ചങ്ങല വലിച്ചിട്ടും വണ്ടി നിന്നില്ലപോലും!

പാര്‍ത്ഥന്‍ പറഞ്ഞു...

എന്റെ വീടിന്നടുത്തുകൂടി പുതിയ റെയിൽ പാത പോകും. അന്ന് കൂകൂ കൂകൂ എന്നു ഞാൻ പാടും. അതുവരെ ആ സ്വപ്നങ്ങളൊന്നും എന്റെയല്ല.

സെറീന പറഞ്ഞു...

തീവണ്ടി പാഞ്ഞു വരും പോലൊരു
വിറ അറിയുന്നു പാദങ്ങള്‍ക്കടിയില്‍..
നല്ല കവിത.