5/2/09

ഈ പ്രഭാതത്തില്‍ നമ്മള്‍ നഗ്നരെന്ന് തെളിയുന്നതു വരെ

ഋതുക്കള്‍ക്ക് അതീതമായി
ഇങ്ങനെ വന്യമായി സ്നേഹിക്കുന്നതിന്
നിനക്കു ഞാനൊരു പുകച്ചുരുള്‍ നല്‍കട്ടെ..
നീ തീര്‍ച്ചയായും ഇഷ്‌ടപ്പെടും അതിന്റെ മണം
എന്റെ വായ്‌നാറ്റത്തോട് അടുത്ത ഒരു ഗന്ധം..
അതിനോടു വളരെ അടുത്ത എന്റെ വായ്‌നാറ്റം..

അല്ലെങ്കില്‍ നീ തലയില്‍ വിരലോടിക്കുമ്പോള്‍
ഒരു പത്തു നിമിഷത്തിനുള്ളില്‍ ഞാന്‍ ഉറങ്ങിത്തരാം..
വേറൊന്നും ചോദിക്കരുത്,
സ്വന്തമായി എനിക്ക് ഇനിയൊന്നുമില്ല.
വേറൊന്നും ചോദിക്കല്ലേ ദയവായി..

പുലര്‍കാലത്ത് നീയെനിക്ക്
5 1/2 അടി നീളമുള്ള ഒരു നദിയാണ്..
ആകാശത്തു നിന്ന് താഴ്വരയിലേക്കുള്ള
കുത്തിയൊലിപ്പിന്റെ രാജകുമാരി.
ഇതേ പോലെ എന്നെ സ്നേഹിക്കുന്നതിന്
എന്തു നല്‍കണം?
അലിഞ്ഞു ചേരുമ്പോഴെല്ലാം
വേര്‍പെട്ട് ജഡമായി പൊന്തിക്കിടക്കട്ടെ..

നിറയെ വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞിടത്താണ്
നമ്മള്‍ സ്വതന്ത്രരാക്കപ്പെട്ടത്.
ഒരു വൃക്ഷത്തിന്റെ തണലില്‍ നിന്ന്
ഇലപ്പടര്‍പ്പുകളിലേക്ക് ഒളിച്ച് കളിക്കുമ്പോഴാണ്
പകര്‍ക്കപ്പെട്ടത്..
പക്ഷേ,
എനിക്കു ലഭിച്ച സ്പാം മെയിലില്‍ ഒന്നില്‍ പോലും
നീ‍ ഇല കൊണ്ടു നാണം മറക്കാന്‍ ശ്രമിച്ചിരുന്നില്ല.

എപ്പോഴും എനിക്കു ചുറ്റും
നിന്നെ ഓര്‍മ്മിപ്പിക്കുന്ന എന്തോ ഉണ്ട്;
പച്ചച്ച ഒരു ബന്ധം..
ജലത്തിന്റെ ആദ്യ സ്പര്‍ശം പോലെ തെളിവാര്‍ന്ന ഒന്ന്.
അത് പലപ്പോഴും ഓര്‍മ്മിപ്പിക്കും
ആരൊക്കെ നിന്നെ തൊട്ടുനില്‍ക്കുമ്പോഴും അവസാനം
നീ ഒറ്റയ്ക്കല്ലേ സ്പന്ദിക്കുന്നത് എന്ന്..

നിനക്ക് കുത്തിക്കോറിയിടാന്‍
ഞാനെത്ര മരങ്ങളെ നല്‍കി?
എന്നിട്ടും നീ എന്റെ എത്ര സസ്യങ്ങളെ
പച്ചയ്ക്ക് കൊലപ്പെടുത്തി!
നീ എത്ര തരിശാകിലും അവിടെ
എന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്ന്
വീണ്ടും വീണ്ടും കാടുകള്‍ ഉയര്‍ന്നു വരും..

10 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

നിറയെ വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞിടത്താണ്
നമ്മള്‍ സ്വതന്ത്രരാക്കപ്പെട്ടത്
ഒരു വൃക്ഷത്തിന്റെ തണലില്‍ നിന്ന്
ഇലപ്പടര്‍പ്പുകളിലേക്ക് ഒളിച്ച് കളിക്കുമ്പോഴാണ്
പകര്‍ക്കപ്പെട്ടത്..

Kuzhur Wilson പറഞ്ഞു...

അരുണേ,
കവിതയില്‍ നിന്റെ കന്യകാത്വം.

അതിനാല്‍ അകലെ നിന്ന് ആദരവോടെ നോക്കുകയാണ് ഞാന്‍

[ nardnahc hsemus ] പറഞ്ഞു...

കവിതയ്ക്കും കവിയ്ക്കും വായനക്കാരനും ഇടയില്‍ ‘പച്ചച്ച ഒരു ബന്ധം‘..!

:)

aneeshans പറഞ്ഞു...

ഇത്ര പതിയെ ഇത്ര ഉച്ചത്തില്‍ ഇത്ര തീക്ഷ്ണമായി !

verloren പറഞ്ഞു...

നിന്നെപ്പോലെ സ്നേഹിക്കുക
നിന്നെപ്പോലെ വിശ്വസിക്കുക
നിന്നെപ്പോലെ സ്വയം നഷ്ടമാവുക
നിന്നെപ്പോലെ വെളിപ്പെടുക.
ഒന്നിനുമൊന്നിനുമാവാതെ
ഒരു പാഴ്‌നിലം!

എന്നുമെന്നും നല്ല കവിതകള്‍ എഴുതാന്‍ ആശംസകളോടെ,

............

Mahi പറഞ്ഞു...

താങ്കളില്‍ കവിതയുണ്ട്‌

Manikandan പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു

ഗൗരി നന്ദന പറഞ്ഞു...

ജലത്തിന്‍റെ ആദ്യ സ്പര്‍ശം പോലെ തെളിവാര്‍ന്ന ഒന്ന്.

ശരിക്കും അതാണീ കവിത....

അജ്ഞാതന്‍ പറഞ്ഞു...

കത്തിക്കയറുന്ന കാട്.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

മരമേ,
കാടുകള്‍...കാടുകള്‍...