3/2/09

ബോക്സോഫീസ്‌

ഒരു ദിവസം സിനിമ
ഇരിപ്പിടങ്ങളിലേക്കിറങ്ങി വരികയും
ഫസ്റ്റ്‌ക്ളാസ്സിലും,സെക്കന്‌റ്‌ക്ളാസ്സിലും,
ബാല്‍ക്കണിയിലും നിരന്നിരുന്ന്‌
തിയേറ്റര്‍ ഹൌസ്‌ഫുള്ളായപ്പോള്‍
കാറും ബസ്സും ഓട്ടോയും കയറിവന്നവരും
നടന്നും ഓടിയും കിതച്ചെത്തിയവരും
ഗേറ്റ്‌ തള്ളിത്തുറന്ന്‌ ക്യൂ നിന്ന്‌
ഉന്തിയും തള്ളിയും കണ്ണുരുട്ടിയും
ഇരിപ്പിടത്തിലേക്കോടിയപ്പോള്‍
ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍
സീറ്റുകള്‍ നിറഞ്ഞിരിക്കുന്നു,
സിനിമ.

കടല കൊറിച്ചും,ഐസ്ക്രീം നുണഞ്ഞും
പുത്തന്‍ ചലച്ചിത്രഗാനങ്ങളെക്കുറിച്ച്‌ സംഗതിയിട്ടും
ഭരതനെയും പത്മരാജനെയുമോര്‍ത്തും
മങ്ങിയവെളിച്ചത്തിലിരുന്ന്‌
സിനിമ
സ്ക്രീനിലെ ജ്വല്ലറിപരസ്യവും നോക്കിയിരിപ്പാണ്‌ .

ജനകോടികളുടെ വിശ്വസ്തസ്ഥാപനം...

പാതിടിക്കറ്റുമായ്‌ ഇരുട്ടത്ത്‌ആളുകള്‍
സീറ്റുകള്‍ക്കിടയിലൂടെ ഓടിനടന്നു.

മമ്മൂട്ടിയുടെ കാലില്‍തട്ടി വീണു
ലാലേട്ടന്‌റെ മടിയില്‍ കയറിയിരുന്നു
ഇന്ദ്രന്‍സിനെ ചവുട്ടിമെതിച്ചു
റോമയുടെ കൈ തണ്ടയില്‍ കേറിപ്പിടിച്ചു
മീരാജാസ്മിന്‌റെ മുഖത്തുരുമ്മി...

പരസ്യം തീര്‍ന്ന്
സ്ക്രീന്‍ വെളുത്തുകിടന്നതോടെ
പല നാട്ടില്‍നിന്നും സിനിമ കാണാനെത്തിയവര്‍ വെള്ളിവെളിച്ചത്തിലേക്ക്‌ഓടിക്കയറാന്‍ തുടങ്ങി.
70.എം. എമിലും,
സിനിമാസ്കോപ്പിലുമൊതുങ്ങാതെ
സ്ക്രീന്‍ ആള്‍ക്കൂട്ടമായി...

ആണും പെണ്ണും കുട്ടികളും
ഉന്തും തള്ളും കൂട്ടത്തല്ലുമായി.

നാലുകുട്ടികള്‍ ചവിട്ടേറ്റു മരിച്ചു
പതിനാലുകാരിയും, മൂന്ന് കുട്ടികളുള്ള വീട്ടമ്മയും
ബലാത്സംഗം ചെയ്യപ്പെട്ടു
ഒരു കുടുംബം ഒന്നാകെ വെന്തുതീര്‍ന്നു
മുന്നൂറോളം പേരെ കാണാതായി
പല ആശുപത്രികളിലായി ചികിത്സയിലായവരുടെ
കൃത്യമായ കണക്കില്ല.

ആ സിനിമ
ബോക്സോഫീസില്‍ വന്‍വിജയമായിരുന്നു.

5 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഒരു ദിവസം സിനിമ

വിഷ്ണു പ്രസാദ് പറഞ്ഞു...

നല്ല സാധ്യതയുള്ള ഒരു കവിത തുലച്ചതുപോലെയാണ് വായിച്ചവസാനിപ്പിച്ചപ്പോള്‍ തോന്നിയത്.ഏതായിരുന്നാലും നസീര്‍ ഇപ്പോഴും ഒരു പ്രതീക്ഷയാണ്.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇങ്ങനെ ആവണം സിനിമ... എങ്കിലേ വിജയിക്കൂ...!!

Vinodkumar Thallasseri പറഞ്ഞു...

പരസ്യം തീര്‍ന്ന്
സ്ക്രീന്‍ വെളുത്തുകിടന്നതോടെ
പല നാട്ടില്‍നിന്നും സിനിമ കാണാനെത്തിയവര്‍ വെള്ളിവെളിച്ചത്തിലേക്ക്‌ഓടിക്കയറാന്‍ തുടങ്ങി.
70.എം. എമിലും,
സിനിമാസ്കോപ്പിലുമൊതുങ്ങാതെ
സ്ക്രീന്‍ ആള്‍ക്കൂട്ടമായി...

ഇവിടെ നിര്‍ത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി ശക്തമാകുമായിരുന്നില്ലേ? വെറുതെ ഒരു സംശയം.

നഗ്നന്‍ പറഞ്ഞു...

നസ്സീറിന്റേയും ഷീലയുടേയും 'classic' അഭിനയശൈലിയെങ്ങിനെയിതിൽ മറന്നുപോയി....?