23/12/08

പ്രാചീനലിപിയില്‍ ജീവിതം

ചങ്ങാനശ്ശേരിയില്‍ നിന്ന്‌
പെരുന്നയിലേക്കുള്ള ബസ്സില്‍ 
നമ്പൂരി ഉമാകേരളം 
ഇടയ്ക്കിടെ കോട്ടുവായിട്ടു

തിരൂരില്‍ നിന്ന്‌
ഷൊര്‍ണൂര്‍ക്കുള്ള തീവണ്ടിയില്‍ 
വാര്യര്‍ വാത്മീകീരാമായണം
ഉരുക്കഴിച്ചു

ചിറയിന്‍കീഴ്‌ നിന്ന്‌
കായിക്കരയിലേക്കുള്ള വള്ളത്തില്‍
കാളിത്തള്ള
വീണപൂവ്‌ നീട്ടിച്ചൊല്ലി

തൃശ്ശിവപ്പേരൂരില്‍ നിന്ന്‌
വന്ദേരിക്കുള്ള മോറിസ്‌കാറില്‍
തമ്പുരാന്‍
പാവങ്ങള്‍ മൂടിപ്പുതച്ചു

കാഞ്ഞങ്ങാട്ട്‌ നിന്ന്‌
പട്ടാമ്പിയിലേക്കുള്ള നീണ്ട നടപ്പില്‍
നാവാമുകുന്ദന്‍
കളിയച്ഛനായാടി

പൊന്നാനിയില്‍ നിന്ന്‌
കുറ്റിപ്പുറത്തേക്കുള്ള പുഴമണലില്‍
നാട്ടുവര്‍ത്തമാനം
കറുത്ത ചെട്ടിച്ചികളായെത്തി

തൃപ്പൂണിത്തുറയില്‍ നിന്ന്‌
പൂങ്കുന്നത്തേക്കുള്ള സൈക്കിളില്‍
മേനോന്‍
വേറിട്ടുകേട്ടുവോയെന്ന്‌ ചോദിച്ചു

ഇന്നലെ
ആരുമറിയാതെ ഞാന്‍
ഒ.എന്‍.വിയെ
നീട്ടിയങ്ങ്‌ ചൊല്ലി

കടമ്മനിട്ടയെ
കാട്ടാളനായ്‌ കാവുതീണ്ടി

ചുള്ളിക്കാടിനെ
അസ്ഥി നുറുക്കി വേവിച്ചു

അയ്യപ്പനെ
ചായപ്പെന്‍സിലില്‍ വരച്ചിട്ടു....

മനസ്സിലായി മനസ്സിലായി
എന്ന്‌
നീ നീണ്ടൊരു നോട്ടം നോക്കി.

7 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഞാന്‍ മുസ്ലീം

കെ.കെ.എസ് പറഞ്ഞു...

And what was the meaning of that look? I liked novelty of presentation.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മനസ്സിലായി മനസ്സിലായി...
...:)

സജീവ് കടവനാട് പറഞ്ഞു...

ഉം ചമ്രവട്ടത്തെത്താറായിരുന്നു, ഞാനും കണ്ടു, ഒരു കറുത്തചെട്ടിച്ചിയെ. കയ്യിലൊരു പുത്തങ്കലവും അരിവാളും, ചുണ്ടില്‍ പൂതപ്പാട്ടും...

സജീവ് കടവനാട് പറഞ്ഞു...

എന്നാല്‍ ആ ഞാന്‍ മുസ്ലീം അത്ര ഓടിയില്ല.

ആമയം പറഞ്ഞു...

Dear Naseer,

Nice poem

Keep it up


With compliments,
Kamar amayam

ഉദയശങ്കര്‍ പറഞ്ഞു...

കവിത വഴി കവിത