27/7/08

കവിത

റോയല്‍ ബ്ലൂ നിറമണിഞ്ഞ
കവിതയുടെ ഉണങ്ങാത്ത
താളൊന്നില്‍ നിന്നും
നിനക്കു വിശക്കുമ്പോള്‍
എന്റെ വിരലുകള്‍ക്ക്
തീ പിടിക്കുന്നുവെന്ന്
ഒരു ദളിതകവി മയക്കം പൂണ്ട്
ഇടറിചൊല്ലുന്നുണ്ട്...


ഇടത്തുരുമ്മുന്ന
തകര്‍ച്ചകളിലൊന്ന്
തമ്പ്രാന്റെ തിരുത്തൊഴിയാല്‍
നെഞ്ചിന്‍ കൂട് പൊട്ടി
കണ്ടത്തിന്റെ ഇടവരമ്പിന്‍
ചെളിയിലാണ്ട അപ്പൂപ്പന്റെ
കതിരു തിന്ന നിലവിളികള്‍
പാടിപ്പാടിക്കരയുന്നുണ്ട്...


നടുവില്‍,
നാലുമണിക്കവലയില്‍
ക്യഷ്ണന്‍ നായരുടെ ചായക്കടയിലെ
വളിച്ച ബോണ്ടയും സുഖിയനും
തിന്നാന്‍ കാത്തുനില്‍ക്കുന്ന
കാളിയെം നീലനേം കണ്ട്
കണ്ണു മറയ്ക്കുന്ന മിനുമിനുത്ത കവിതയ്ക്ക്
എന്നേ മനസ്സിലായിരിക്കുന്നു
അന്തരീക്ഷത്തില്‍ ആമ്പലുകളും
കിളിമുട്ടകളും വിരിയുമെന്ന് മൊഴിയാന്‍
ഒരു കവിയ്ക്കും ധൈര്യമില്ലെന്ന്!


15 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

കാലം കൊത്തിയെടുത്ത,
കേരളം അറിയപ്പെടാതെ പോയ
ഒരു പാവം ദളിത് കവിയ്ക്ക്,
എന്റെ സുരേഷണ്ണന്.......

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

യാഥാര്‍ത്ഥ്യത്തിനപ്പുറത്തേക്കും
കടന്ന്‌ പറയാന്‍ കവിയ്ക്ക്‌
തീര്‍ച്ചയായും ധൈര്യം
കൈവരേണ്ടിയിരുന്നു..
അല്ലേ.. തണല്‍..??

കവിത ഇഷ്ടപ്പെട്ടു..
നല്ല വരികള്‍ ...
ആശംസകള്‍...

mmrwrites പറഞ്ഞു...

താങ്കളുടെ സുരേഷണ്ണന്റെ കവിതകള്‍ വായിക്കാന്‍ തോന്നുന്നല്ലോ..
ഇത് വായിച്ചിട്ട്.. കിട്ടുമോ..?

പാമരന്‍ പറഞ്ഞു...

"നിനക്കു വിശക്കുമ്പോള്‍
എന്റെ വിരലുകള്‍ക്ക്
തീ പിടിക്കുന്നുവെന്ന്.."

സുരേഷണ്ണനെ പരിചയപ്പെടുത്തുമോ?

ഹാരിസ് പറഞ്ഞു...

:)

Unknown പറഞ്ഞു...

അന്തരീക്ഷത്തില്‍ ആമ്പലുകളും
കിളിമുട്ടകളും വിരിയുമെന്ന് മൊഴിയാന്‍
ഒരു കവിയ്ക്കും ധൈര്യമില്ലെന്ന
എന്റെ ധൈര്യം പോലും ഇല്ലാണ്ടായിരിക്കുവാ
അതു കൊണ്ടല്ലെ ഞാന്‍ കവിതയെഴുതാത്തെ
എന്തായാലും തണലേട്ടാ ഇതും കലക്കി

ചന്ദ്രകാന്തം പറഞ്ഞു...

'കതിരു തിന്ന നിലവിളികള്‍..'
- പഴമയുടെ പുതിയ ചിത്രം.

Rafeeq പറഞ്ഞു...

ഇഷ്ട പെട്ടു.. :)

കരീം മാഷ്‌ പറഞ്ഞു...

“അന്തരീക്ഷത്തില്‍ ആമ്പലുകളും
കിളിമുട്ടകളും വിരിയുമെന്ന് മൊഴിയാന്‍
ഒരു കവിയ്ക്കും ധൈര്യമില്ലെനിലും“
കേൾക്കാൻ തയ്യാറുള്ളവർ മരിച്ചൊടുങ്ങിയിട്ടില്ലന്നു മനസ്സിലാക്കുന്നവരെ കാണാനാണാഗ്രഹം

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

"തമ്പ്രാന്റെ തിരുത്തൊഴിയാല്‍
നെഞ്ചിന്‍ കൂട് പൊട്ടി
കണ്ടത്തിന്റെ ഇടവരമ്പിന്‍
ചെളിയിലാണ്ട അപ്പൂപ്പന്റെ
കതിരു തിന്ന നിലവിളികള്‍
പാടിപ്പാടിക്കരയുന്നുണ്ട്..."

ഈ തണല്‍ ശൈലിയെ ആവോളം
ആസ്വദിച്ചു ഭോഗിക്കുന്നു..

ഒരു പാവം ദളിത് കവിയ്ക്ക്???

തണല്‍ പറഞ്ഞു...

ഒരിക്കല്‍ ഒരിടത്ത്...

ചുട്ട് പഴുത്ത ഇഷ്ടികച്ചൂളയില്‍
പകലുകള്‍ കടം കൊടുത്ത്
എമ്ഫില്ലുകാരനായ ഒരു പുലയച്ചെക്കനുണ്ടായിരുന്നു
സവര്‍ണതയുടെ മാറാലക്കടിയില്‍ നിന്ന്നും
എന്നെ ചുരണ്ടിയെടുത്ത്
സ്നേഹിച്ച് വീര്‍പ്പുമുട്ടിച്ച
ഒരു ജേഷ്ടസഹോദരനുണ്ടായിരുന്നു...
ദളിതന്റെ പ്രശ്നങ്ങള്‍
ആകാശംകേള്‍ക്കെ വിളിച്ച് ചൊല്ലി
ചുവപ്പുകോട്ടകളില്‍
വിള്ളല്‍ വീഴ്ത്തിയ ഒരു കവിയുണ്ടായിരുന്നു,
പ്രാസംഗികനുണ്ടായിരുന്നു..
കനലുകള്‍ ബാക്കിയാക്കി
ബീഡിയുടെ പകുതിപ്പുകയ്ക്കിടയില്‍
സെന്നിനേയും ഗയയേയും അനാഥരാക്കി
കൂടെപ്പോന്നൊരു പെണ്ണിന് അശരണത്വവുമേകി
ഒരു ദിവസം ഒറ്റപ്പോക്കായിരുന്നു..
തീപിടിച്ച വിരലുകളാല്‍
വരികളെഴുതി പൊള്ളിച്ച
ഇപ്പോള്‍ എന്റെ മനസ്സും പൊള്ളിച്ച് കൊണ്ടിരിക്കുന്ന
ആ പാവത്തിനെ ഞാന്‍ വിളിക്കുന്നു
സുരേഷണ്ണന്‍..!

“മണ്ണിനടിയില്‍ നിന്നും തുടിപ്പുകള്‍ ഉയരുന്നുണ്ടിപ്പൊഴും..!
ഇവിടിരുന്നും ഞാനത് അറിയുന്നു..“

സജീവ് കടവനാട് പറഞ്ഞു...

ക്യഷ്ണന്‍ നായരുടെ ചായക്കടയിലെ
വളിച്ച ബോണ്ടയും സുഖിയനും
തിന്നാന്‍ കാത്തുനില്‍ക്കുന്ന
കാളിയെം നീലനേം കണ്ട്...


um um...

Mahi പറഞ്ഞു...

കവിതയ്ക്ക്‌ വിശക്കുമ്പോള്‍ വിരലുകള്‍ക്ക് തീ പിടിക്കുന്ന ഒരു ദളിത്‌ കവിയുടെ ഓര്‍മയെ താങ്കള്‍ ഒരു തീയായ്‌ മനസിലേക്ക്‌ പടര്‍ത്തുന്നു

തണല്‍ പറഞ്ഞു...

അമൃതാ,
വായനയ്ക്ക് നന്ദി.
എം എം,
കിട്ടും ..ഏറെ താമസിയാതെ തന്നെ.
പാമര്‍ജീ,
അറിഞ്ഞു കാണുമല്ലോ അല്ലേ.
ഹാരിസ്,
ചിരി തിരിച്ചും.
ചന്ദ്രകാന്തം,
സന്തോഷം!
റഫീക്,
നന്ദി.
കരീം മാഷേ,
ഇത്തരം ആഗ്രഹങ്ങള്‍ സന്തോഷം തരുന്നു..:)
രഞ്ജിത്തേ,

നീയത് വായിച്ചറിഞ്ഞിരിക്കുമെന്നു കരുതുന്നു.
കിനാവേ,
...അമര്‍ത്തിയ ചിരിയും മൂളലും ഞാനിങ്ങെടുത്തു കേട്ടോ:)
മഹി,
ഏറ്റുവാങ്ങിയ കനലുകള്‍ക്ക് നന്ദി.

വിജയലക്ഷ്മി പറഞ്ഞു...

kavitha nannayirikunnu,nallavarikal.nanmakal nerunnu.