4/6/08


പുതപ്പ്
പുതപ്പ്‌ പഴഞ്ചനാണ്‌.
അലക്കി നിറം മങ്ങിയത്‌.
അരികുകള്‍ പിന്നിപ്പോയത്‌.
കീറലുകള്‍ തുന്നിച്ചേര്‍ത്തത്‌.
പക്ഷെ, നര വീണ ദൃശ്യങ്ങളില്‍ചിരിക്കുന്ന പെണ്‍കുട്ടിയുണ്ട്‌.
ചുരുണ്ട മുടിയിഴകളും,കൈരേഖകള്‍ക്കരികെ,കരിമറുകുമുള്ളവള്‍.
മുഷിഞ്ഞ ഒരു കാടുണ്ട്‌,
പതിയിരിക്കും ചെന്നായ്ക്കളുള്ളത്‌.
കറ വീണ പൂക്കളുണ്ട്‌,ഇതളുകളില്‍ ചെറു തുളകല്‍ വീണത്‌.
നിറയെ സ്വപ്നങ്ങളുണ്ട്‌,
നെടുവീര്‍പ്പുകള്‍ ഊടും നിശ്വാസങ്ങള്‍ പാവും തീര്‍ത്തത്‌.
വിയര്‍ത്തൊഴുകിയ പുഴകളുണ്ട്‌,
എന്‍റെ മാത്രം ഉള്‍മണമുള്ളത്‌.
ഉപ്പുപരല്‍ പാറകളുണ്ട്‌,
ഉഷ്ണരാത്രികളില്‍ ഊറിപ്പിടിച്ചത്‌
ഇതാ,ഒരു തൊലിക്കുപ്പായം...
മാംസത്തില്‍ നിന്നും അടര്‍ത്തിയെടുത്തത്‌.
നിന്‍ പേരാദ്യമായ്‌ ലിഖിതം ചെയ്തത്‌.
ലാത്തിത്തിണര്‍പ്പിന്‍റെ പാടുകളുള്ളത്‌.
ഉണങ്ങിയ ചോര കട്ട പിടിച്ചത്‌.
ഇതണിയുക .
അരിച്ചെത്തും തണുപ്പിനും,
അധിനിവേശക്കാറ്റിനും,
ഇതു മാത്രം പ്രതിരോധം.

അഭിപ്രായങ്ങളൊന്നുമില്ല: