17/3/08

കസര്‍ത്ത്

ഞാനും അവളും ഉമ്മവെച്ചിരുന്നത്
കെട്ടിപ്പിടിച്ചിരുന്നത്
പ്രാപിച്ചിരുന്നത്
മൊബൈല്‍ ചൂടു പിടിക്കുവോളം
സംസാരിച്ചിരുന്നത്
ഒരു നാള്‍ വിളിച്ചില്ലെങ്കില്‍
കണ്ടില്ലെങ്കില്‍
മിണ്ടിയില്ലെങ്കില്‍
പരിഭവിച്ചിരുന്നത്
കയര്‍ത്തിരുന്നത്
തലോടിയിരുന്നത്
പിണങ്ങിയപ്പോള്‍
നൂറായിരം ചിന്തകളോടെ
നഗരവെളിച്ചങ്ങളും വേഗങ്ങളും
മുറിച്ചു നടന്നിരുന്നത്
എല്ലാം കലങ്ങിത്തെളിയുമ്പോള്‍
ഒന്നായി ചിരിച്ചിരുന്നത്
ഉപേക്ഷിക്കപ്പെട്ടപ്പോള്‍
ഒരു പൊട്ടനെപ്പോലെ
നിര്‍ത്താതെ കരഞ്ഞിരുന്നത്
എല്ലാം ഒരു ദിവസം ഒറ്റവാക്കിലേക്ക് ചുരുങ്ങി:
കസര്‍ത്ത്.

9 അഭിപ്രായങ്ങൾ:

Jayesh/ജയേഷ് പറഞ്ഞു...

ശരിയാണ്‌ മാഷേ.. എല്ലാം ഇപ്പോള്‍ ഓര്‍ ക്കുമ്പോള്‍ .. എന്തെല്ലാം കസര്‍ ത്തുകളായിരുന്നു..ഓര്‍ മ്മപ്പെടുത്തിയതിന്‌ സ്പെഷ്യല്‍ നന്ദി

Sharu (Ansha Muneer) പറഞ്ഞു...

ജീവിതം തന്നെ ഒരു കസര്‍ത്ത് ആകുമ്പോള്‍ പ്രണയവും അങ്ങനെ തന്നെയാവേണ്ടേ???

Sandeep PM പറഞ്ഞു...

:) ഇങ്ങനെയെന്തിനേയെല്ലാം ചുരുക്കാന്‍ പറ്റും !

വിഷ്ണു പ്രസാദ് പറഞ്ഞു...

എന്നെപ്പോലൊരു ബ്ലോഗ് കവി
തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്നത്
നിങ്ങളെപ്പോലൊരുത്തന്‍ പ്രവാസിയായി
മരുഭൂമിയില്‍ ചാവാതെ ചാവുന്നത്
നാമൊക്കെ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക്
നല്‍കിയ റ്റാറ്റകള്‍ ,ഉമ്മകള്‍ ,കെട്ടിപ്പിടുത്തങ്ങള്‍
എല്ലാ മരണവീടുകളിലേയും പൊട്ടിക്കരച്ചിലുകള്‍
രണ്ടര മണിക്കൂര്‍ സിനിമ എന്ന്
കത്തിത്തീരുന്ന നമ്മുടെ പ്രണയ വിഹ്വലതകള്‍
എല്ലാം ഒരു ദിവസം വെറും കസര്‍ത്തുകളായി
വായിക്കപ്പെടും.
അപ്പോഴും ഒരുപക്ഷേ നിങ്ങള്‍
ഈ നിന്ദ്യജീവിതത്തിന്റെ കരയില്‍ തന്നെയുണ്ടാവും...

സജീവ് കടവനാട് പറഞ്ഞു...

കസര്‍ത്തിന് ജീവിതമെന്നൊരു പര്യായമെഴുതിവെച്ചാല്‍ എല്ലാം ശരിയാകും.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

എല്ലാം കസര്‍ത്ത് എന്ന രീതിയില്‍ എടുക്കുന്നതാണു കുഴപ്പം

പാമരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാമരന്‍ പറഞ്ഞു...

'കസര്‍ത്ത്‌' എന്നതില്‍ ഞെക്കിയൊതുക്കുന്നത്‌ മറവിയുടെ ചവറ്റുകുട്ടയിലേക്കു തള്ളുംബോള്‍ അധികം സ്ഥലം എടുക്കാതിരിക്കാനല്ലേ... zipping/archiving

അത്തിക്കുര്‍ശി പറഞ്ഞു...

maashe!

kasarth njaan nirutthi..

Not blogging now a days. will be back soon. regards