21/12/07

ലിംഗരാജ്

ഇന്ദീവരാക്ഷി കവലയുടെ പടിഞ്ഞാറേ അറ്റത്തുള്ള
കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയാണ്
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ കടന്നു പോവും.
എല്ലാ പെണ്ണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷിയേയും നോക്കിയിരുന്നു.
എനിക്കു നോക്കാന്‍ പാകത്തിനാണ് പഞ്ചായത്ത്
ഈ വെയ്റ്റിങ്ഷെഡ്ഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.

ഇന്ദീവരാക്ഷി എല്ലാ പെണ്ണുങ്ങളെയും പോലെ
തലകുനിച്ച് ,ഓരോ കാലടിയും എടുത്തുവെക്കുമ്പോള്‍
വെളിപ്പെടുന്ന പുതിയ ഒരടി ദൂരം മാത്രം മുന്നില്‍ കണ്ട്
നടന്നു പോവും...

ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ
ചോദിക്കുന്ന ശീലമുള്ളതുകൊണ്ട്
ഞാന്‍ ഇന്ദീവരാക്ഷിയോട് ഒരു ചോദ്യം ചോദിച്ചു:

എല്ലാ ഇടത്തരം കവലകളിലെയും പോലെ
ഈ കവലയിലും പെണ്ണുങ്ങള്‍ എന്തുകൊണ്ടാണ്
തലകുനിച്ച്, മുന്നോട്ടുള്ള നടത്തത്തില്‍ വെളിപ്പെട്ടുകിട്ടുന്ന
ഒരടി റോഡിനെ മാത്രം നോക്കി നടന്നു പോവുന്നത്?

ശബ്ദമില്ലാത്ത ചോദ്യമായതുകൊണ്ട്
ഇന്ദീവരാക്ഷി പോയിട്ട് ഇന്ദീവരാക്ഷിയുടെ പട്ടി പോലും
മിണ്ടിയില്ല.


പക്ഷെ വേണ്ടത്ര ഭാവനയുള്ള ഒരുത്തനായതുകൊണ്ട്
ഇന്ദീവരാക്ഷിയുടെ ഒരു ഡ്യൂപ്ലിക്കേറ്റിനെ പടച്ച്
ഞാന്‍ കിഴക്കോട്ടും പടിഞ്ഞാട്ടും നടത്തി.
ഇന്ദീവരാക്ഷി എന്റെ ചോദ്യം കേട്ട്
വെയ്റ്റിങ് ഷെഡ്ഡില്‍ വായില്‍ നോക്കിയിരിക്കുന്ന
എന്നോടു വന്നു പറഞ്ഞു:


എടാ പൊട്ടന്‍ ക്ണാപ്പാ,
ഈ കവല എന്താണെന്ന് നിനക്കറിയാമോ?
തൊണ്ണൂറ് ഡിഗ്രിയില്‍ നില്‍ക്കുകയോ നടക്കുകയോ
ചെയ്യുന്ന ആണ്‍ലിംഗങ്ങളുടെ സമുച്ചയമാണിത്.
ഈ കെട്ടിടങ്ങള്‍,ലംബവും നിശ്ചലവുമായ ബഹുനിലലിംഗങ്ങള്‍
ഈ വാഹനങ്ങള്‍,തിരശ്ചീനമായി ചലിക്കുന്ന ലിംഗങ്ങള്‍
ഈ റോഡാകെ പാഞ്ഞു നടക്കുന്നത്,
കടകളില്‍ സാധനം പൊതിഞ്ഞുകൊണ്ടിരിക്കുന്നത്,
നിറുത്തിയിട്ട ടാക്സിവണ്ടികളില്‍ നിന്ന്
പ്ലവരൂപത്തില്‍ ചിറി തെറിപ്പിക്കുന്നത്
എല്ലാം ഉദ്ധൃത ലിംഗങ്ങളാണ്.


പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും നടക്കുമ്പോള്‍
ഈ ലിംഗങ്ങള്‍ എന്നെ തുറിച്ചു നോക്കും;
പഞ്ചാര പൊതിയുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
കൂട്ടുകാരോട് കുശലം പറയുന്ന ലിംഗങ്ങള്‍,
ബസ്സു കാക്കുന്ന ലിംഗങ്ങള്‍ ...

പുരുഷഭീകരതയുടെ കോട്ട
ചുറ്റോടു ചുറ്റും പീരങ്കികള്‍
അതിനിടയിലൂടെ ആത്മപുച്ഛത്തോടെ
ശരീരത്തെക്കുറിച്ച് വേവലാതിപ്പെട്ട്
ഇങ്ങനെയല്ലാതെ എങ്ങനെയാണ് നടക്കുക...?

ഇന്ദീവരാക്ഷി കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.


പുരുഷന്‍ എന്ന ഗര്‍വിനെ വലിച്ചെറിഞ്ഞ്
ഒരു നിമിഷം പെണ്ണായി നോക്കി,ഞാനീ ലോകത്തെ.
പെണ്ണായി നടക്കാത്ത വഴികള്‍,
പെണ്ണായി വാഴാത്ത വീട്,
പെണ്ണായി നോക്കാത്ത ആകാ‍ശം, ഭൂമി
എല്ലാം അപരിചിതമായ ഭയങ്ങളായി
ഈ വെയ്റ്റിങ്ഷെഡ്ഡിലേക്ക് ഇരച്ചുവരികയായ്.

12 അഭിപ്രായങ്ങൾ:

ബാജി ഓടംവേലി പറഞ്ഞു...

മാഷേ,
കൊള്ളാം നല്ല കാഴ്‌ച
നന്നായി വരച്ചിരിക്കുന്നു

ജ്യോതീബായ് പരിയാടത്ത് പറഞ്ഞു...

പച്ചയായ ഭാഷയുടെ, ചിന്തയുടെ, കവിതയുടെ പച്ചപ്പ്‌. കവിത നന്നായെന്നു പറയാന്‍ പോലും ഭയം.കാരണം കവിതയെന്നു കവിതയാക്കിയാല്‍ അതിന്റെ യാഥാര്‍ഥ്യത്തിന്റെ തീക്ഷ്ണത മങ്ങുമോ എന്ന് ആശങ്ക വിഷ്ണു, നല്ല കവിതക്കപ്പുറം മറ്റ്‌ എന്തൊക്കെയോ ആയിമാറുന്ന വരികള്‍..........

ടി.പി.വിനോദ് പറഞ്ഞു...

നല്ല ഒന്നാന്തരം കവിത മാഷേ...

അനക്കിക്കൂടാത്തതെന്നും സംശയിക്കേണ്ടാത്തതെന്നും അകത്ത് എന്തെങ്കിലും ഇനിയും കാത്തുവെച്ചിട്ടുണ്ടെങ്കില്‍ അതിനെ ഞാന്‍ ഇങ്ങനെ ഉരച്ചുരച്ച് പുറത്തെടുക്കും എന്നു പറയുന്നു ക്രാഫ്റ്റിലെ പരുപരുപ്പ്.

അവസാനത്തെ ഖണ്ഡം ആവശ്യമില്ലായിരുന്നു എന്ന് എനിക്ക് തോന്നി. അത് അതിനു തൊട്ടു മുകളിലുള്ള കവിതക്ക് വിഷ്ണുമാഷ് കമന്റിട്ട പോലെ ആയിപ്പോയോ എന്നൊരു ഡൌട്ട്...(എന്നെ തല്ലരുത്..:))

കുട്ടനാടന്‍ പറഞ്ഞു...

പുരുഷ വര്‍ഗ്ഗത്തെ മുഴുവന്‍ വെറും ലിംഗരാജാക്കന്മാരായി മാത്രം കാണാനുള്ള പെണ്‍ മനസ്സിന്റെ വികലവീക്ഷണത്തിനു നേരെയല്ലേ ഈ കവിതാലിംഗം ഉദ്ധരിച്ചു നില്‍ക്കുന്നത്?

chithrakaran ചിത്രകാരന്‍ പറഞ്ഞു...

ഒരു സന്യാസി ഞണ്ടിനെപ്പോലെ സ്ത്രീമനസ്സിനകത്ത് കയറിക്കൂടിയ പുരുഷ മനസ്സ് സ്ത്രീയുടെ കണ്ണിനകത്തുകൂടി തെരുവിലേക്കു നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച !!!
പാവം സ്ത്രീകള്‍ .. അവരുടെ മനസ്സിലിട്ടാണ് പന്തുകളിക്കുന്നത്.
രാവിലെ അംബലങ്ങളില്‍ നിന്നും കേള്‍ക്കുന്ന വെറും ലിംഗങ്ങളുടെ വിശേഷണങ്ങള്‍ മാത്രം ചേര്‍ത്ത ഒരു ബ്രാഹ്മണ ഭക്തി(?)ഗാനമുണ്ടല്ലോ...അങ്ങനത്തെ ലിംഗം,ഇങ്ങനത്തെലിംഗം എന്നൊക്കെപ്പറഞ്ഞ് .

കവിതയാണോ... കഥയാണോ...
എന്തായാലും എഴുത്തിന്റെ ദൈര്യത്തെ അഭിനന്ദിക്കട്ടെ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

വിഷ്ണുമാഷിന്റെ കവിതയോടുള്ള എല്ലാ ആദരവോടും കൂടി എനിക്കു തോന്നിയ കുറച്ചു കാര്യങ്ങളെഴുതട്ടെ -

തൊണ്ണൂറു ഡിഗ്രിയില്‍ നില്‍ക്കുകയോ നടക്കുകയൊ ചെയ്യുന്ന എല്ലാ ലിംഗങ്ങളുടേയും അടിത്തറ എവിടെയാണ്. മലര്‍ന്നു കിടക്കുന്ന ഭൂമിയില്‍. ഭൂമിയെന്നാല്‍ സ്ത്രൈണ, പെണ്ണ്, യോനി എന്നാണല്ലൊ. ആ ജഘനമൊന്നിളകിയാല്‍ എല്ലാ ലംബ, സ്തൂല ലിംഗ സമുച്ചയങ്ങളും താഴെ വീഴും. എല്ലാ പുരുഷ ഗര്‍വ്വുകളും അവളില്‍ തന്നെ മൂക്കുകുത്തി വീണാണല്ലോ തകരുന്നത്. ഇതേപ്പറ്റി നല്ലവണ്ണമറിയാവുന്നവളാണാവള്‍. എല്ലാ ലിംഗ ഇംഗിതങ്ങളും,സ്വഭാവങ്ങളും അവള്‍ക്കറിയാം. പുരുഷനെപ്പോലെ നിമിഷനേരം കൊണ്ട് സ്‌ഖലിച്ചു തളരുന്നവളല്ലവള്‍. കൊടുങ്കാറ്റുകളെ അമ്മാനമാടി അതിന്റെ എല്ലാ കരുത്തുകളെയും പതുക്കെ വലിച്ചെടുത്ത് എത്ര നേരം വേണമെങ്കിലും രസി ച്ചു കിടക്കാനവള്‍ക്കറിയാം. അവള്‍ക്കു ലിംഗങ്ങളെ ഭയന്നു നടക്കേണ്ടതില്ല. എല്ലാമറിയാവുന്നവളുടെ, തന്റെ മാത്രം വഴിയിലൂടെ ഓരോ കാല്‍പ്പാടുകളെയും അളന്നു വച്ചു മാത്രം നടക്കുന്ന ഉര്‍വ്വിയുടെ ചൈതന്ന്യമല്ലെ‍ അവള്‍. പുരുഷനെ ഭയക്കേണ്ടതില്ലാത്തിടത്തും അവള്‍ അങ്ങനെ തന്നെയല്ലേ നടക്കുക?

prasanth kalathil പറഞ്ഞു...

വിഷ്ണുമാഷിന്റെ കവിത ശക്തമായ ഒരു പെണ്‍പഷവായനയാണ്. മറവില്ലാതെ ഒരു കൊട്ട്.

prasanth kalathil പറഞ്ഞു...

ഒരു തമാശ....
ഇതിന്റെ ഒരു സ്പൂഫ് കവിത കാണൂ. http://paanjachanyam.blogspot.com/2007/12/blog-post_21.html

അതും ഒരു നെഗറ്റീവ് ഇമേജ്....

പാഞ്ച പറഞ്ഞു...

പ്രിയ വിഷ്ണു പ്രസാദ് താങ്കളുടെ കവിതയ്ക്ക് എല്ലാവിധ ബഹുമാനത്തോടുകൂടെ ഒരു ആണ്‍‌വായനാ ശ്രമം നടത്തിയത് ഇവിടെ കാണാം. വിരോധമില്ലെന്ന് കരുതട്ടെ. ബിംബംങ്ങള്‍കൊണ്ട് താങ്കള്‍ നടത്തിയ പെണ്‍പക്ഷ നിരീക്ഷണങ്ങള്‍, പ്രതിബിംബങ്ങളാല്‍ ഒരു ആണ്‍പക്ഷ ശ്രമം. ഉയര്‍ന്നതെല്ലാം ലിംഗങ്ങള്‍ ആണെങ്കില്‍ താഴ്‌ന്നതെല്ലാം യോനി എന്ന സാമാന്യനിയമത്തില്‍ അധിഷ്ഠിതമായത്.
ഇനി 100008 തവണ ഇടിച്ച് അഷ്ടബന്ധം ഉറപ്പിക്കുന്ന തരത്തിലും ഒരു വായനാശ്രമം ആകാം അല്ലെ?

ഗുപ്തന്‍ പറഞ്ഞു...

ലാപുഡക്കമന്റ് ^C ^V :)

ഹാരിസ് പറഞ്ഞു...

കൊള്ളാം

അനിലൻ പറഞ്ഞു...

വിഷ്ണൂ
ഇത് കണ്ടില്ലായിരുന്നു
ഭാഷയും രൂപവും പുതിയതായുള്ള കവിതകള്‍ വളരെക്കുറച്ചുമാത്രം എഴുതപ്പെടുന്നിടത്ത് ഒറ്റയ്ക്ക് നില്‍ക്കുന്നു ലിംഗരാജ്

സലാം