വെയിലിനേതായാലും
മറക്കുവാനാകില്ല
ഉച്ച ചെരിയുവോളം
എതിര്‍ത്തിരുന്നൊരാ മനുഷ്യനെ
കൈക്കോട്ടും
പടന്നയും
കയ്യും കാലുമായിരുന്നൊരാ മെയ്യിനെ
ഉപ്പു കുറുക്കിയിരുന്നു സൂര്യന്
പൊടിയുന്ന വിയര്‍പ്പില്‍ നിന്ന്
പകലിനൊപ്പം ചേര്‍ന്ന്
വാഴ്വു മെനഞ്ഞു നല്കീ മണ്ണ്
പണിയെടുക്കുന്ന പ്രാണനില്‍
വേരുകള്‍ പടര്‍ത്തിപ്പടര്‍ത്തി നടത്തി
പണി തീര്‍ന്നൂ
മരണമടഞ്ഞെന്ന് പറയുന്നതെങ്ങനെ
നട്ട മരങ്ങളൊക്കെയും
പുതുക്കി പുതുക്കി ജന്മമണയുമ്പോള്‍
ആളനക്കം പോല്‍
കേട്ടിരിക്കണം
മണ്ണടരുകള്‍ മൊഴിയുന്നത്
വിത്തുകള്‍ക്കുള്ളില്‍
മുളകള്‍ പൊട്ടുന്നത്
ഓര്‍മ്മ കാണുമല്ലോ
പച്ച മണ്ണിനും
കുഴിയെടുക്കുമ്പോള്‍ മുറിഞ്ഞ വേരിനും
കിളച്ചിട്ട കൈകളെ
വെള്ളവും വളവുമെറ്റിച്ച വിരലോട്ടങ്ങളെ
നോവിക്കാനും
തോന്നില്ല
വാറ്റിയിരുന്നതല്ലേ ചോര
മണ്ണിലങ്ങിങ്ങു വഴ്വറുതിയോളം
സ്വര്‍ഗവാതില്‍
തുറന്നു വരും വരെ
കാത്തു വെക്കുകയാകും ചെയ്യുക
വെയിലു കൊള്ളിക്കാതുള്ളില്‍
മണ് തരികള്‍ മത്സരിച്ചങ്ങനെ....മത്സരിച്ചങ്ങനെ
കൈക്കോട്ടും പടന്നയും : മണ്ണിളക്കുന്നതിനും നീക്കുന്നതിനുമുള്ള പണിയായുധങ്ങള്‍
6 അഭിപ്രായങ്ങൾ:
ഉപ്പാപ്പ
പണി കഴിഞ്ഞു വന്നാല്‍
കോലായില്‍ കുറച്ചിട ഇരിക്കും,
അടുപ്പത്തു നിന്നിറക്കി വച്ച വെള്ളം
തണിയുന്നതു വരെ.
അന്നേരം തോളിലും പുറത്തും പടര്‍ന്ന
ഉപ്പുപൊടി
ഞാന്‍ കിള്ളിയെടുത്തു കളയും
ഒരിക്കലത് രുചിച്ച്
ഉപ്പുതന്നെ എന്നുറപ്പാക്കിയിട്ടുമുണ്ട്.
- ഉപ്പാപ്പാക്ക് അനന്തരം സുഖമായിരിക്കട്ടെ..ആമീന്‍
മരണമടഞ്ഞെന്ന് പറയുന്നതെങ്ങനെ
നട്ട മരങ്ങളൊക്കെയും
പുതുക്കി പുതുക്കി ജന്മമണയുമ്പോള്‍
അതിഗംഭീരമായ നൊസ്റ്റ ! വളരെ വളരെ ഇഷ്ടപ്പെട്ടു.
ഉമ്പാച്ചീ ഇതു ഗ്രേയ്റ്റ്.
ഒരു പുളകം ഷര്‍ട്ടിനുള്ളിലൂടെ പാഞ്ഞുപോയി.അതിനു വേണ്ടിയാണ് ഞാന്‍ കവിത വായിക്കുന്നത്
great
മനോഹരമായിരിക്കുന്നു..
അഭിനന്ദനങ്ങള്‍.
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ