9/11/07

ഗുസ്തി

ഭൂതകാലം
ബധിരനായ ഒരു ഗുസ്തിക്കാരനാണ്‌.

"നിന്നോട്‌ പൊരുതാന്‍ ഞാനില്ല."
എന്ന വാചകം ചെവിക്കൊള്ളാതെ
നമുക്കു ചുറ്റും
അദൃശ്യമായ ഒരു ഗോദ തീര്‍ത്ത്‌
നമ്മളോട്‌ മല്ലടിയ്ക്കും.

"നോക്കൂ,
നിന്റെ വിജയം കാണാന്‍‌
‍കാണികളില്ല."
എന്നു പറഞ്ഞാലും പ്രയോജനമില്ല.
പൊരുതുക, അല്ലെങ്കില്‍ കീഴടങ്ങുക
എന്ന രണ്ടു വഴികളേയുള്ളു നമുക്ക്‌,
എപ്പോഴും.

പക്ഷേ,
"അടിയറവ്‌!" എന്നുരുവിട്ടാലും
അടുത്ത നിമിഷത്തിലോ
അടുത്ത മണിക്കൂറിലോ
അടുത്ത ദിവസമോ
വീണ്ടും ഗുസ്തിയ്ക്ക്‌ വരും.

മരിച്ചാലും രക്ഷയില്ല.
നമ്മളെ
മറ്റുള്ളവര്‍‌ക്കെതിരേ പ്രയോഗിക്കാനുള്ള
അടവുകളായി പുനഃസൃഷ്ടിക്കുന്ന വിദ്യയറിയാം
ഈ നശിച്ച ഗുസ്തിക്കാരന്.

12 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

ഉജ്ജ്വലമായ ഉപമ:)

lost world പറഞ്ഞു...

ബധിരനായ ഗുസ്തിക്കാരനോട് ഞാന്‍ ‘പരാജിതനാണേ’
എന്നു പറഞ്ഞിട്ട് രക്ഷയില്ല...
മറ്റുള്ളവര്‍ക്കെതിരെ അവനവനെത്തന്നെ ഒരു കല്ലാക്കി എറിയേണ്ടി വരും ചിലപ്പോള്‍.
വ്യാജമെങ്കിലും ഒരു മാനസികസന്തുലത്തിന് ഇത്തരം പ്രക്ഷേപിക്കലുകള്‍ ഗുണം ചെയ്തേക്കാം.
മറ്റുള്ളവര്‍ക്ക് നമുക്കെതിരെ പ്രയോഗിക്കാന്‍ നമ്മുടെ തന്നെ ഒരു ഭൂതകാലമുണ്ടെങ്കില്‍ അതാവും കൂടുതല്‍ സൂക്ഷിക്കേണ്ടത്... :)

ശ്രീലാല്‍ പറഞ്ഞു...

ഇഷ്ടമായി. ഭൂതകാലമാകുന്ന ഗുസ്തിക്കാരന്റെ ഇടി ഓര്‍മ്മകളായി നമ്മുടെ മുഖത്തുകൊള്ളുന്നത് എപ്പൊഴാണെന്നറിയില്ല. ഒറ്റയൊറ്റക്കായും നിര്‍ത്താതെയുമുള്ള ഇടികള്‍..

aneeshans പറഞ്ഞു...

:). ഇതിലും നന്നായി എങ്ങനെ പറയും ഭൂതമേ

Kuzhur Wilson പറഞ്ഞു...

അനുഭവിച്ചു.

അനുഭവിക്കുന്ന മാനസിക വ്യഥകള്‍ക്കുള്ള അവാര്‍ഡുകളോ കവിതകള്‍

എനിക്ക് മതിയായി തുടങ്ങി. അപ്പോള്‍ വരും
കവിതയായി ജീവിതം

Murali K Menon പറഞ്ഞു...

അസ്സലായി...ഈയടുത്ത് ബ്ലോഗില്‍ വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്

സഹയാത്രികന്‍ പറഞ്ഞു...

പരമാര്‍ത്ഥം... അല്ലണ്ടെന്താ പറയാ...
:)

Sanal Kumar Sasidharan പറഞ്ഞു...

കവിത ജീവിതം തന്നെ.ജീവിക്കുന്നവന്റെ കല

Unknown പറഞ്ഞു...

psychic....

chithrakaran ചിത്രകാരന്‍ പറഞ്ഞു...

കാലത്തിന്റെ ഇടനാഴിയിലൂടെ കടന്നുപോകുന്ന ആര്‍ക്കും ഗുസ്തി നടത്താതിരിക്കാനാകില്ല.ഗുസ്തി തന്നെ ജീവിതം.

വിശാഖ് ശങ്കര്‍ പറഞ്ഞു...

മരിച്ചാലും രക്ഷയില്ല.
നമ്മളെ
മറ്റുള്ളവര്‍‌ക്കെതിരേ പ്രയോഗിക്കാനുള്ള
അടവുകളായി പുനഃസൃഷ്ടിക്കുന്ന വിദ്യയറിയാം
ഈ നശിച്ച ഗുസ്തിക്കാരന്.

ഈ അടവിന്റെ
സര്‍വ്വസാധാരണനായ ഒരു ഇര
നമ്മുടെ കാലത്ത്
ഒരു പക്ഷെ ജോണാവും,
അല്ലേ..?

nalan::നളന്‍ പറഞ്ഞു...

പണ്ടേ ഗാന്ധി മാര്‍ഗ്ഗം സ്വീകരിച്ചിരുന്നെങ്കില്‍ (ഭൂതകാലത്തു) ഈ ഗുസ്തിക്കൊന്നും പോകേണ്ടി വരില്ലായിരുന്നു (വര്‍ത്തമാനകാലത്ത്)..

ഗോദയ്ക്കു പകരം പട്ടുമെത്ത!