22/11/07
സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു 22ct കവിത
എന്റെ പൊന്നേ
പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നത്
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോളു മാത്രമാണ്
നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു
വെറും മഞ്ഞച്ചരടുകള്‍
നിനക്കു പകരമായിരിക്കുന്നു
ഒരു കാതില്‍
നീയൂഞ്ഞാലാടുമ്പോള്
കാണാന്‍ കൌതുകമൊക്കെയുണ്ടു
ഒരു മുക്കുത്തിയായി, കൂര്‍ത്ത നോട്ടത്താല്
ഉറക്കം കെടുത്തിയിട്ടുമുണ്ട്
മുക്കു മുക്കുത്തികള്‍
പകരം നിന്നിട്ടുമുണ്ട്
എങ്കിലും പൊന്നേ
നീ പൊന്നാകുന്നത്
പണയത്തിലിരിക്കുമ്പോള് തന്നെ
തൂക്കിലേറി കൂടുതല്‍
വിപ്ലവകാരിയാകുന്ന
വിപ്ലവകാരിയെപ്പോലെ
അതിര്‍ത്തിയില്‍ വെടിയേറ്റു
കൂടുതല്‍ പട്ടാളക്കരനാകുന്ന
പട്ടാളക്കാരനെപ്പോലെ
പണയത്തിലെ എന്റെ പൊന്നേ
എന്റെ പൊന്നേ എന്റെ പൊന്നേ
വിഭാഗം
ഇഷ്ട കവിത,
കവിത,
കുഴൂര്‍ വില്‍സണ്‍
19 അഭിപ്രായങ്ങൾ:
കവിതയുടെ പൊന്നു തന്നെ.
അതെ. സ്വര്‍ണത്തിന് ഒരു മൂല്യമുണ്ടാകുന്നത് രക്തസാക്ഷിയായി പണയത്തിലിരിക്കുംബോള് മാത്രമാണ്.ഈ ചിന്തക്ക് ഒരു പുരുഷ പക്ഷമുണ്ടാകാം. എങ്കിലും , അതാണു ശരി.
പണയപ്പെടാത്ത മൂല്യമില്ലാത്ത ...ശല്യപ്പെടുത്തുന്ന സ്വര്‍ണം ചിത്രകാരന്റെ മനസ്സില്‍ എപ്പോഴും ഒരു ജാഗ്രതയായാണ് കുടികൊള്ളുന്നത്. ഒരു ബാധ്യതയായി.
സ്വര്‍ണത്തിന്റെ ഹ്ര്ദയത്തിലേക്ക് ചിത്രകാരന്റെ ശ്രദ്ധക്ഷണിച്ച കുഴൂരിന്റെ കവിതക്കു നന്ദി.
നമ്മുടെ സമൂഹത്തിന്റെ കുറെ ദൌര്ബല്യങ്ങള് സ്വര്‍ണത്തിന്റെ ഹൃദയത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.അതെക്കുറിച്ച് ഇന്നു പോലും ചിന്തിച്ചിരുന്നു. ചിത്രകാരന്റെ ചിന്തകള്‍ക്ക് ഗതിവേഗം നല്കിയ ഈ കവിതക്ക് വീണ്ടും നന്ദി.
എന്റെ പൊന്നേ, പൊന്നു പൊന്നാകുന്നതിന്രസതന്ത്രം.
കവിത കവിതയാകുന്ന മോഹിപ്പിക്കല്‍.
മോഹന്‍ലാല്‍ ഇന്നസെന്റിനോട് ദേവാസുരത്തില്‍-നമ്മുക്ക് നീണ്ട് നിവര്‍ന്ന് കിടക്കാന്‍ 6 അടി മണ്ണ് പോരെ.ബാക്കിയെല്ലാം നമ്മുക്ക് വിറ്റു തുലയ്ക്കാമെന്നേ-
ഭാര്യയുടെ സ്വര്‍ണ്ണം കാണുമ്പോള്‍ ഈ ഡയലോഗ് നാവിലെത്തുമെങ്കിലും പുറത്തേക്ക് വിടാന്‍ ഒരു ഭയം.എങ്കിലും പലപ്പോഴായി ആ പൊന്നിനോട് പറഞ്ഞിട്ടുണ്ട്-നിന്നെയൊക്കെ ഞാന്‍ ചുണ്ണാമ്പിട്ട് നിര്‍ത്തിയിരിക്കുകയാണ്.എന്നെങ്കിലും ഞാന്‍ വിറ്റോ പണയം വെച്ചോ തുലയ്ക്കും.
നല്ല കവിത
അമൃതാസിങ്ങിന്റെ, മൃണാളിനി സാരഭായിയുടെ, പദ്മാസുബ്രമണ്യത്തിന്റെ – ഇവരുടെയൊക്കെ മൂക്കിലെ മൂക്കുത്തികല്ലുകള്
ഉഷ്ണ ജലപ്രവാഹമുതിര്ക്കുന്നു പ്രായ വ്യത്യാസമന്യേ.
ചില സുന്ദരികളുടേതാകട്ടെ ഇവര്‍ മൂക്കുചീറ്റിയിട്ട് കഴുകിയില്ലേ എന്ന് സംശയിപ്പിക്കുന്നു .
ഔചിത്യ ബോധമാണ് ആഭരണങ്ങള്‍ക്ക് മനോഹാരിതയേകുന്നത്.
പെണ്ണിനെ പൊന്നാക്കുന്നതും, പൊന്നിനെ പെണ്ണാക്കുന്നതും ഈ ഔചിത്യബോധം താന്‍…
കുറച്ച് പൊന്‍-പെണ് പരസ്യങ്ങള്‍ കീഴെ:-
നിങ്ങളുടെ ഭാര്യമാര്‍
ആലുക്കാസ് പോലെയാകട്ടെ- ഒരു പണത്തൂക്കം മുന്നില്‍.
ഡാമാസ് പോലെയാകട്ടെ നക്ഷത്രതിളക്കത്തോടെ.
വിശ്വാസ് പോലെ ആകട്ടെ വര്‍ഷങ്ങളായുള്ള വിശ്വാസം.
എന്നാല്‍ അറ്റ്ലസ് പോലെ ആകല്ലെ – ജനകോടികളുടെ വിശ്വസ്ഥസ്ഥഥ സ്ഥാപനം
കുഴൂരിന്റെ ശബ്ദവീചികള്‍ കവിതയിലൂടേയും ശ്രവ്യസുഖമേകുന്നു.
വിത്സാ, ഉഗ്രന്‍. പൊന്നിനെന്താ വില :-)
"എങ്കിലും പൊന്നേ
നീ പൊന്നാകുന്നത്
പണയത്തിലിരിക്കുമ്പോള് തന്നെ."
അതെ! ചിത്രകാരന് പറഞ്ഞത് സത്യമാണെന്ന് എനിയ്ക്കും തോന്നുന്നു.
എന്റെ പൊന്നേ,
വേണ്ടാ എന്റെ പൊന്നേ,
പെണ്ണേ,
പിന്നെ മതി പൊന്നേ!
(എന്താ വില, ഇപ്പോള്‍!)
ഒട്ടും ഇഷ്ടമായില്ല. കടുകുമണിയോളം പോലും ഇഷ്ടമായില്ല. എത്ര മസില് പിടിച്ചാലും [ കട് : പ്രമോദ്] അസൂയ മറച്ചു വയ്ക്കാന്‍ പറ്റില്ല, കുഴൂരിന്റെ കവിത വായിക്കുമ്പോഴൊക്കെ പുറത്ത് ചാടും :)
സ്നേഹം
എങ്കിലും പൊന്നേ
നീ പൊന്നാകുന്നത്
പണയത്തിലിരിക്കുമ്പോള് തന്നെ
തികച്ചും ശരി. വിത്സേട്ടാ നന്നായിട്ടുണ്ട്
സ്ത്രീധനം
സര്‍വ ധനാല്‍ പ്രധാനം
സ്നേഹലത(അന്തിക്കാടിന്റെ ‘പൊന്മുട്ടയിടുന്ന താറാവ്’)സമ്മതിക്കുമോ?
“മാം വിദ്ധി ജനകാത്മജാം” എന്നതു പോലെ ഒരുപാടു തരത്തിലും തലത്തിലും വ്യാഖ്യാനിക്കാവുന്ന വരികള്‍.
ജീവിതത്തിന്റെ ചെറു കഷ്ണങ്ങളില്‍ കുഴൂരാന്റെ ഒബ്സര്‍വേഷനുകള്‍ ആഹ്ലാദകരം.
“തൂക്കിലേറി കൂടുതല്‍
വിപ്ലവകാരിയാകുന്ന
വിപ്ലവകാരിയെപ്പോലെ
അതിര്‍ത്തിയില്‍ വെടിയേറ്റു
കൂടുതല്‍ പട്ടാളക്കരനാകുന്ന
പട്ടാളക്കാരനെപ്പോലെ“
ഈ വരികള്‍ ഔട്ട് ഒഫ് കോണ്ടെക്സ്റ്റായിട്ടാണെങ്കിലും ഈയടുത്തിറങ്ങിയ ‘മാധ്യമം’ വാരികയില്‍ ഉദ്ധരിച്ചു കണ്ടു...ഒബ്സര്വേഷനുകളിലെ സൂക്ഷ്മതയെക്കുറിച്ചു നേരത്തേ പറഞ്ഞതിനു തെളിവ്..!
ചില പ്രലോഭനങ്ങളില്‍ വീണ് തുലയാന്‍ കൊതിക്കവേ കൊതിയൂറുന്നൊരു ആശയായിരുന്നിട്ടുണ്ട് വിറ്റുതുലയ്ക്കാന്‍ കഴുത്തിലൊരു മാല..,വിരലിലൊരു മോതിരം..
മോഹങ്ങള്‍ക്ക് മാലയിടുമ്പൊഴേ സ്വര്‍ണ്ണം പൊന്നാവൂ..അതിനു മുത്തൂറ്റുകാരന്റെ ഒത്താശ വേണമെങ്കിലും..
കുഴൂരേ...ഒരു 22ct ഉമ്മ..,ഈ കവിതയ്ക്ക്.
ചില പ്രലോഭനങ്ങളില്‍ വീണ് തുലയാന്‍ കൊതിക്കവേ കൊതിയൂറുന്നൊരു ആശയായിരുന്നിട്ടുണ്ട് വിറ്റുതുലയ്ക്കാന്‍ കഴുത്തിലൊരു മാല..,വിരലിലൊരു മോതിരം..
മോഹങ്ങള്‍ക്ക് മാലയിടുമ്പൊഴേ സ്വര്‍ണ്ണം പൊന്നാവൂ..അതിനു മുത്തൂറ്റുകാരന്റെ ഒത്താശ വേണമെങ്കിലും..
കുഴൂരേ...ഒരു 22ct ഉമ്മ..,ഈ കവിതയ്ക്ക്.
ആ തുടക്കം തന്നെ അടിപൊളി. കവിത ഇഷ്ടപ്പെട്ടു.
പൊന്നിന്റെ രസതന്ത്രം
മനോഹരമായി എഴുതിയിരിക്കുന്നു.
ഒരുപാട് അര്‍ഥതലങ്ങള്‍
ഉള്‍ക്കൊള്ളുന്ന കവിത.
ഭാവുകങ്ങള്‍
കുഴൂരെ, ഗംഭീരം. പൊന്ന് പണയത്തിലിരുക്കുമ്പോള് തന്നെയാണ് കൂടുതല്‍ പൊന്നാവുന്നത്.
this was amazing....nice one congrats Kuzhur
DOC Jay
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ