31/10/07

രഹസ്യം

ഞാനുമവളും
ഞങ്ങള്‍ പിരിയാക്കൂട്ടുകാര്‍
ഒരേ വയലില്‍ നിന്നു തുമ്പിയെപ്പിടിച്ചവര്‍
ഒരേ കായല്‍ നീന്തിയക്കരെക്കടന്നവര്‍‍.
ഒരേ സ്വപ്നങ്ങള്‍ക്കു കിന്നരിനെയ്തവര്‍.

എനിക്കറിയാത്തതും
അവള്‍ക്കറിയാവുന്നതുമായ
ഒരു രഹസ്യമുണ്ടായിരുന്നു
രഹസ്യമായതുകൊണ്ടാവാം
എത്രചോദിച്ചിട്ടും
അവളൊട്ടും പറഞ്ഞില്ല.
രഹസ്യങ്ങള്‍ അങ്ങനെയാണ്.
അഴിയാക്കുരുക്കുകള്‍
തുറക്കാത്താഴുകള്‍
കണ്ണുമിഴിക്കാച്ചിപ്പികള്‍
ഒരു പെണ്ണിന്റെ രഹസ്യങ്ങള്‍.

കാലം കണ്ണൊന്നടച്ചുതുറന്നപ്പോള്‍
ഞാനെവിടെയോ
മക്കളുടെ ചിണുങ്ങലും
ഭാര്യയുടെ കുറുമ്പും കേട്ട്
നിലക്കണ്ണാടിയില്‍ ജീവിതത്തെത്തുറിച്ചുനോക്കിയിരിക്കവേ
പഴയകൂട്ടുകാരി, മറ്റെവിടെയോ കരിപിടിച്ചെരിയവേ
അറിയാതറിഞ്ഞു, അവള്‍ക്കെന്നോട് പ്രണയമായിരുന്നെന്ന്.
ആരും പറയാതറിഞ്ഞു, അവള്‍ക്കെന്നോട്.

രഹസ്യങ്ങളെ എനിക്കു വെറുപ്പാണ്.

11 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

സിമിയേ,ഈ കവിത ഇഷ്ടമായി.കവിത എന്ന് ലേബല്‍ ചെയതതുകൊണ്ട് ഒന്നും ഒലിച്ചു പോവുകയില്ല.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ഇങ്ങനെയാണ് ആത്മാവില്‍ നിന്നും കവിത വരുന്നതു. പദ്യമാണോ ഗദ്യമാണോ എന്നൊന്നും നോക്കേണ്ട, വായിക്കുക, എന്നിട്ട് മനസില്‍ എന്തെങ്കിലും തോന്നുന്നെങ്കില്‍ എഴുത്തിന്റെ ലക്ഷ്യം പൂര്‍ത്തിയായി. എഴുത്തുകാരന്റെ മനസു വായനക്കാരന്റെ മനസുമായി നേരിട്ടു സംവദിക്കുന്ന കവിത.

G.MANU പറഞ്ഞു...

ithu kalakkis mashey..
simiye.. :)

ശ്രീ പറഞ്ഞു...

:)

ഗുപ്തന്‍ പറഞ്ഞു...

ഹാഹഹ.. മുടിയനായപുത്രന്റെ മാനസാന്തരവും മാമോദീസയും കഴിഞ്ഞു... ഇനി എന്തരൊക്കെ ആവുമോ എന്തോ...

ഓ റ്റോ. ഒടുവില്‍ സസി ആ‍രായി ....

ബാജി ഓടംവേലി പറഞ്ഞു...

സിമിയുടെ കവിതയില്‍ കവിതയുണ്ട്
നന്നായിരിക്കുന്നു.തുടരുക.
ചില രഹസ്യങ്ങള്‍ അങ്ങനെതന്നെയിരിക്കുന്നതാണ് നല്ലത്.

കുറുമാന്‍ പറഞ്ഞു...

സിമിയേ, കവിത ഇഷ്ടായി.....രഹസ്യങ്ങള്‍ തക്ക സമായത്ത് പരസ്യമായില്ലെങ്കില്‍ ഇങ്ങനേം ഗതി വരും :)

ഉപാസന || Upasana പറഞ്ഞു...

simiiii :))))

upaasana

വാണി പറഞ്ഞു...

നല്ല കവിത ..

ഏ.ആര്‍. നജീം പറഞ്ഞു...

സിമിയുടെ മറ്റൊരു മനോഹര കവിത...

ബൂലോക കവിതാ നിരൂപണം പറഞ്ഞു...

"ഒരേ കളീപ്പാട്ടമൊരേ കളിക്കൂ-
ത്തൊരേ കളിത്തൊട്ടിലൊരേ
വികാരം ഒരാൾക്ക്‌ മറ്റാൾ തുണ........"[നാലപ്പാട്ട്‌ നാരായണ മേനോൻ]
എന്താ നാലപ്പാടൻ കവിതകളുടെ അപനിർമ്മാണത്തിലാണോ?[ഡീ കൺസ്ട്ര്ക്ക്ഷൻ]