26/10/07

*അര്‍ത്ഥത്തിന്റെ ദുരുപയോഗം (ഒരു ജപ്പാനീസ് കവിത)

കവി: ഹിരോമി ഇറ്റോ : അതിപ്രശസ്തയായ ജപ്പാനീസ് കവയിത്രി. 1955 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ ജനിച്ചു. പത്തിലധികം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔമെ (പച്ച പ്ലം പഴങ്ങള്‍ , 1982), വതാഷി വാ അഞ്ചുഹിമെകോ ദേ ആരു (ഞാനാണ് അഞ്ചുഹിമെകോ, 1993), കവാരാ അരേക്കുസ (പുഴക്കരയിലെ കാട്ടുചെടികള്‍, 2005) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. പ്രശസ്തമായ തകാമി ജുണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

നീ ജപ്പാനീസ് പറയുമോ?
ഇല്ല,എനിക്ക് പറയാനറിയില്ല.
ഉവ്വ്,എനിക്ക് പറയാം.
ഉവ്വ്,എനിക്ക് പറയാം,പക്ഷെ വായിക്കാന്‍ പറ്റില്ല
ഉവ്വ്,എനിക്ക് പറയാം,വായിക്കാം പക്ഷെ എഴുതാന്‍ പറ്റില്ല
ഉവ്വ്,എനിക്ക് പറയാം,എഴുതാം പക്ഷെ മനസ്സിലാക്കാന്‍ പറ്റില്ല.
ഞാനൊരു നല്ല കുട്ടിയായിരുന്നു
നീയൊരു നല്ല കുട്ടിയായിരുന്നു
നാം നല്ല കുട്ടികളായിരുന്നു
അതാണ് നല്ലത്
ഞാനൊരു മോശം കുട്ടിയായിരുന്നു
നീയൊരു മോശം കുട്ടിയായിരുന്നു
നാം മോശം കുട്ടികളായിരുന്നു
അതാണ് മോശം
ഒരു ഭാഷപഠിക്കാന്‍ നിങ്ങള്‍ഒരുവാക്കുമാറ്റി പകരം മറ്റൊന്നു വെക്കുകയും
ആവര്‍ത്തിക്കുകയും ചെയ്യണം
ഞാനൊരു വൈരൂപ്യമുള്ള കുട്ടിയായിരുന്നു
നീയൊരു വൈരൂപ്യമുള്ള കുട്ടിയായിരുന്നു.
നാം വൈരൂപ്യമുള്ളവരായിരുന്നു
അതാണ് വൈരൂപ്യം.
ഞാന്‍ മടുത്തു
നീ മടുത്തു
നാം മടുത്തു
അതാണ് മടുപ്പ്
നീ വെറുക്കപ്പെടേണ്ടതാണ്
ഞാന്‍ വെറുക്കപ്പെടേണ്ടതാണ്
നാം വെറുക്കപ്പെടേണ്ടവരാണ്
അതാണ് വെറുക്കപ്പെടല്‍
ഞാന്‍ തിന്നും
നീ തിന്നും
നാം തിന്നും
അതാണ് ഭക്ഷണത്തോടുള്ള നല്ല ആഗ്രഹം
ഞാന്‍ തിന്നില്ല
നീ തിന്നില്ല
നാം തിന്നില്ല
അതാണ് ഭക്ഷണത്തോടുള്ള ആ‍ഗ്രഹമില്ലായ്മ
ഞാന്‍ അര്‍ത്ഥമുണ്ടാക്കും
നീ അര്‍ത്ഥമുണ്ടാക്കും
നാം അര്‍ത്ഥമുണ്ടാക്കും
അതാണ് ഭാഷയുടെ വിനിമയം
ഞാന്‍ ജപ്പാനീസ് ഉപയോഗിക്കും
നീ ജപ്പാനീസ് ഉപയോഗിക്കും
നാം ജപ്പാനീസ് ഉപയോഗിക്കും
അതാണ് ജപ്പാനീസ്
എനിക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
നിനക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
നമുക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
അതാണ് അര്‍ത്ഥത്തെ പറിച്ചുകളയാനുള്ള ആഗ്രഹം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
‍എനിക്ക് ഭാഷയെ പുച്ഛിക്കണം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
നിനക്ക് ഭാഷയെ പുച്ഛിക്കണം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
നമുക്ക് ഭാഷയെ പുച്ഛിക്കണം
അതാണ് ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ല ഭാഷയെന്നത്.
ഞാന്‍ യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും.
നീ യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും
നാം യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും
അതാണ് യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കുകയെന്നത്.
വാക്കുകള്‍ പറിച്ചുകളഞ്ഞാല്‍
ശബ്ദം നിലനില്ക്കും
എങ്കില്‍ക്കൂടി നമ്മള്‍ അര്‍ത്ഥത്തിനുവേണ്ടി തിരയും.
ഒരാള്‍ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്.
ഞാന്‍ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായപ്രതിഫലനമാണ്
നീ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായപ്രതിഫലനമാണ്
നാം വിരലുറിഞ്ചുന്നത് ,കുഞ്ഞുങ്ങളായിരുന്നപ്പോളുള്ളതിന്റെ
പ്രാചീനമായ പ്രതിഫലനമാണ്.
അതാണ്, വിരലുറിഞ്ചുന്നത് കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ
പ്രാചീനമായ പ്രതിഫലനമാണെന്നത്.
എനിക്കായിട്ടുള്ള അര്‍ത്ഥം
നിനക്കായിട്ടുള്ള അര്‍ത്ഥം
നമുക്കായിട്ടുള്ള അര്‍ത്ഥം
അതാണ് അര്‍ത്ഥം.
വിനിമയം ചെയ്യരുത്
എനിക്കായിട്ട് വിനിമയം ചെയ്യരുത്
നിനക്കായിട്ട് വിനിമയം ചെയ്യരുത്
നമുക്കായിട്ട് വിനിമയം ചെയ്യരുത്
അത് ചെയ്യരുത്,അതാണ് വിനിമയം.
അര്‍ത്ഥംപറിച്ചുകളഞ്ഞ് , രക്തത്താല്‍ പൊതിഞ്ഞുകിടക്കുന്നത് തീര്‍ച്ചയായും ദയനീയമാണ്.അതാണ് സന്തോഷം.
ഞാന്‍ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
നീ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
നമ്മള്‍ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
അതിന്റെ രക്തത്താല്‍പ്പൊതിഞ്ഞ അര്‍ത്ഥം,രക്തത്താല്‍പ്പൊതിഞ്ഞ ദൈന്യതയാണ്,
അതാണ് സന്തോഷം.
--------------------------------(1991)
*ഈ കവിതയില്‍ പ്രശസ്ത അമേരിക്കന്‍ കലാകാരനായ ബ്രൂസ് നൌമാന്റെ -Good Boy Bad Boy- എന്ന വീഡിയോ പ്രോഗ്രാമിലെ വരികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വീഡിയോ ക്ലിപ്പിങ്ങ് കാണുക
*ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാ‍ണാം.

9 അഭിപ്രായങ്ങൾ:

പ്രയാസി പറഞ്ഞു...

ഞാന്‍ കമന്റും നീ കമന്റും നമ്മള്‍ കമന്റും അതാണു കമന്റു.!

എന്റെ പ്രമോദ് ഭായീ വായിച്ചു തളര്‍ന്നു..!
ഇതങ്ങു ജപ്പാനില്‍ എഴുതിയാ പോരായിരുന്നൊ..!?..:)

കരീം മാഷ്‌ പറഞ്ഞു...

ആദ്യമായാണു ജപ്പാങ്കാരോടു ദേഷ്യം തോന്നുന്നത്.:)

Sherlock പറഞ്ഞു...

ഹമ്മേ...:)

ടി.പി.വിനോദ് പറഞ്ഞു...

ഇന്നോളം വായിച്ചിട്ടുള്ള കവിതകളൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത തരം ഒരു Perturbation ഈ കവിതയുടെ വായന തന്നു.

ആദ്യം വായിച്ചപ്പോള്‍ തിക്കിത്തിരക്കി ഉള്ളിലേക്ക് വന്നു മടുപ്പ്. ഈ കവിത ശരിക്കങ്ങോട്ട് വായിച്ചു കിട്ടുമ്പോഴേക്ക് ഉള്ളില്‍‍ ചിലതെല്ലാം തകിടം മറിയുമെന്നുള്ള പേടി നിറഞ്ഞ ഊഹത്തില്‍ നിന്നു വന്നതാണ് ആ മടുപ്പ് എന്ന് പിന്നീടും പിന്നീടും വായിച്ചപ്പോള്‍ തോന്നി.

നന്ദി ഈ കവിത കാണിച്ചു തന്നതിന്..

Roby പറഞ്ഞു...

അര്‍ത്ഥം,രക്തത്താല്‍പ്പൊതിഞ്ഞ ദൈന്യതയാണ്,
അതാണ് സന്തോഷം.

തെഹല്‍കയുടെ ഗുജറാത്ത്‌ കലാപത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ വായിക്കുകയായിരുന്നു..പെട്ടെന്നാണ്‌ ഇവിടെ വരാന്‍ തോന്നിയത്‌.

ലാപൂട പറഞ്ഞതുപോലെ, ഒരു മടുപ്പ്‌ വായിക്കുമ്പോള്‍, പിന്നെ അര്‍ഥങ്ങളുടെ കുഴമറിച്ചില്‍...
ഇങ്ങനെയാണ്‌ കവിത ഒരുപാട്‌ അര്‍ഥങ്ങളെ ഉണ്ടാക്കുന്നത്‌..
അല്ലെങ്കില്‍ അതാണ്‌ കവിത...
ഇത്‌ പരിചയപ്പെടുത്തി തന്നതിന്‌ നന്ദി..

ധ്വനി | Dhwani പറഞ്ഞു...

തല മരച്ചു!

എന്നാലും ഇങ്ങനെ ഒരു കവിത പരിചയപ്പെടുത്തി തന്നതില്‍; സന്തോഷം! നന്ദി!

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വേണ്ടായിരുന്നു

[ nardnahc hsemus ] പറഞ്ഞു...

“ഞാന്‍ യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും.
നീ യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും
നാം യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും
അതാണ് യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കുകയെന്നത്.
വാക്കുകള്‍ പറിച്ചുകളഞ്ഞാല്‍
ശബ്ദം നിലനില്ക്കും
എങ്കില്‍ക്കൂടി നമ്മള്‍ അര്‍ത്ഥത്തിനുവേണ്ടി തിരയും.“

ഇത് വായിച്ചിട്ട് ആര്‍ക്കാണ് മടുത്തത്?? ഇതിലേത് വരിയാണ്, വാക്കാണ് മാറ്റിയെഴുതാനുള്ളത്? എന്തോ, എനിയ്ക്കങനെ തോന്നിയില്ല.

പ്രമോദ്, അസ്സലായി!

വിശാഖ് ശങ്കര്‍ പറഞ്ഞു...

കവിത സംവദിക്കുന്നത് ഭാഷയിലൂടെ മാത്രമല്ല.അല്ലെങ്കില്‍ ഭാഷ സംവദിക്കേണ്ടത് വാച്യ വ്യംഗ്യങ്ങളിലൂടെ മാത്രമല്ല;അതിന്റെ ഘടനയിലൂടെ കൂടിയാണ്.അപ്പൊള്‍ ഒരു കവിത അനുവാചകനുമായി പങ്കുവയ്ക്കുന്ന അനുഭവം അതിന്റെ ഭാഷയുടെ വാച്യ വ്യംഗ്യങ്ങള്‍ക്കൊപ്പം ഘടനയുടേതു കൂടിയാണ്.അത്തരം ഘടനാപരമായ ഒരു അനുഭവം പകര്‍ന്നുതരുന്നുണ്ട് ഈ കവിത.അത് മടുപ്പിക്കുന്നുണ്ട്.കാരണം അതിനു പങ്കുവയ്ക്കാനുള്ളത് മടുപ്പാണ്.

യാന്ത്രികമായ ആവര്‍ത്തനങ്ങളിലൂടെ,ഒരു ഘടനയില്‍ വ്യത്യസ്തമായ വാക്കുകള്‍ തിരുകികയറ്റി ഉണ്ടാക്കുന്ന വ്യത്യസ്തമായ അര്‍ത്ഥങ്ങളിലൂടെ വിനിമയത്തിന്റെ മടുപ്പിക്കുന്നൊരു തുടര്‍ച്ചയാവുന്നു ഭാഷ.നാം നിത്യേനെ ഉപയോഗിക്കുന്ന പല വാക്കുകളിലും അവ ചേര്‍ത്തുവച്ചുള്ള പ്രയോഗങ്ങളിലും വിനിമയം ചെയ്യപ്പെടാന്‍ ഒന്നുമില്ലാത്ത കേവല ഔപചാരികത മാത്രമാണുള്ളത്.എങ്കിലും ഒരു കുഞ്ഞ് തന്റെ വായ്ക്ക് നേരെ വരുന്ന വിരല്‍ നുണഞ്ഞു നോക്കുമ്പോലെ നാം നമ്മുടെ നേര്‍ക്ക് നീണ്ടുവരുന്ന വാചകങ്ങളില്‍ അര്‍ത്ഥത്തിനുവേണ്ടി നുണയുന്നു.

എങ്കിലും അര്‍ത്ഥങ്ങള്‍ ഉരിച്ചു നീക്കിയ വിനിമയം ചോരപൊടിയുന്നൊരു കാഴ്ച്ചയാണ്.ഞാന്‍ നിന്നോട് സംസാരിക്കുമ്പോള്‍ എനിക്കു കിട്ടുന്ന സന്തോഷം ഈ
കാഴ്ച്ചയുടേതാണ്.അപ്പൊ എന്താണ് എന്റെ സന്തോഷം?ഉരിച്ചു മാറ്റിയ അര്‍ത്ഥം ചോരയില്‍ കുളിച്ചുകിടക്കുന്ന ദൈന്യം നിറഞ്ഞ ഒരു കാഴ്ച്ചയാണത്.

ഒരു സമൂഹത്തിന്റെ മനശാസ്ത്രം അപഗ്രഥിക്കുവാന്‍ ആദ്യം നിരീക്ഷിക്കേണ്ടതും പഠിക്കേണ്ടതും അതിന്റെ ഭാഷയെ ആണെന്ന് സൈക്കോ ലിംഗ്വിസ്റ്റിക്സ് പറയുന്നു.ഈ കവിത പ്രതിഫലിപ്പിക്കുന്നതും അതുതന്നെ.നമ്മുടെ പുതിയ ഭാഷയുടെ മനശാസ്ത്രത്തെ.

ഏറെ ദീര്‍ഘവും ക്ലിഷ്ടവുമായിപ്പോയി ഈ കുറിപ്പ് എന്നറിയാം.അതൊഴിവാക്കി ഇതു പറയുവാന്‍ വേണ്ട സ്ഫുടത എന്റെ ചിന്തയ്ക്ക് ഇല്ലാതെ പോയി.പ്രമോദിന്റെ അധ്വാനവും അതിനുകിട്ടിയ പ്രതിഫലവും ഓര്‍ക്കുമ്പോള്‍ ഇത്രയെങ്കിലും ഞാനും ചെയ്യണം എന്ന് ഒരു തോന്നല്‍..

ക്ലിഷ്ടതയ്ക്ക് മാപ്പ്.