29/8/07

കോളാമ്പി

സം‌വേദനത്തിന്റെ കാര്യത്തിലെങ്കിലും
കമ്യൂണിസം യാഥാര്‍ത്ഥ്യങ്ങളോട്
അടുത്തു നില്‍ക്കുന്നു.

സി.പി യുടെ കാലത്തെ
കമ്മ്യൂണിസ്റ്റുകളെക്കുറിച്ചു കേട്ടിട്ടില്ലേ....

സ്വന്തം തറവാട്ടുമുറ്റത്തും
തലയില്‍ മുണ്ടിട്ടു നടന്നവര്‍,
അടിയാന്റെ കുടികളില്‍
വിത്തിനും കൈക്കോട്ടിനും ഇടയില്‍
ഒളിപാര്‍ത്തിരുന്നവര്‍,
കപ്പ നുറുക്കിയതും കാന്താരിയുടച്ചതും
തിന്നാല്‍ സംതൃപ്തിയുടെ ഏമ്പക്കം തികട്ടിയവര്‍...

അവര്‍ക്ക് പ്രസം‌ഗിക്കാന്‍
മൈക്കും കോളാമ്പിയും വേണ്ടായിരുന്നു.
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്
വലിച്ചു കെട്ടിയ പിറുപിറുപ്പുകളില്‍
വിപ്ലവത്തിന്റെ ഓര്‍ക്കസ്ട്ര തീര്‍ത്തു അവര്‍.

യാഥാര്‍ത്ഥ്യങ്ങളും അങ്ങനെ തന്നെ
കയ്യടി നേടുന്ന കള്ളങ്ങളുടെ ലോകസഭയില്‍
മുന്നണിയില്ലാത്ത സ്വതന്ത്രനെപ്പോലെ
പിന്‍‌നിരയിലാവും എപ്പോഴും..

ആരവങ്ങളില്‍ അടിതെറ്റുന്ന
നാവിന്‍ തുമ്പില്‍ നിന്നും എതിര്‍പ്പുകളുടെ സ്വരം
വര്‍ത്തമാനത്തിന്റെ ബാധിര്യത്തില്‍
ചരിത്രത്തിലേക്ക് മുങ്ങാങ്കുഴി കളിക്കുകയാവും...

സംവദിക്കാന്‍ അവര്‍ക്കും
ആഴ്ച്കപ്പതിപ്പുകളുടെ നടുവില്‍ നാലുപുറം വേണ്ട.
ഫ്ലാഷ് ന്യൂസുകളുടെ മാലപ്പടക്കങ്ങളില്‍
ചോരച്ചുവപ്പുള്ള ദീപാവലി വേണ്ട...
പാറപ്പുറത്തും വേരോടിക്കുന്ന ആല്‍മരം പോലെ
വസ്തുതകളുടെ ധാര്‍ഷ്ട്യം തലയുയര്‍ത്തി നിന്നു.

പക്ഷേ കസേരകള്‍ കിട്ടിക്കഴിഞ്ഞാല്‍
നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ഇടങ്ങളുണ്ടായിക്കഴിഞ്ഞാല്‍
പറയണമെങ്കില്‍ കോളാമ്പികള്‍ വേണം
ചവച്ചു ചവച്ചു കൊഴുപ്പിച്ച വെറ്റത്തുപ്പല്‍ പോലെ
വാക്കുകളുടെ ചാളുവ കാതുകളിലേക്ക്
നീട്ടിത്തുപ്പാന്‍....

7 അഭിപ്രായങ്ങൾ:

സനാതനന്‍ പറഞ്ഞു...

സം‌വേദനത്തിന്റെ കാര്യത്തിലെങ്കിലും
കമ്യൂണിസം യാഥാര്‍ത്ഥ്യങ്ങളോട്
അടുത്തു നില്‍ക്കുന്നു.

****കോളാമ്പി****

വിഷ്ണു പ്രസാദ് പറഞ്ഞു...

കസേരകള്‍ കിട്ടിക്കഴിഞ്ഞാല്‍
നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ഇടങ്ങളുണ്ടായിക്കഴിഞ്ഞാല്‍
പറയണമെങ്കില്‍ കോളാമ്പികള്‍ വേണം


വല്ലാത്തൊരു പരിണതിയാണത്...
അധികാരം വരുത്തുന്നത്...

മന്‍സുര്‍ പറഞ്ഞു...

പ്രിയ സനാതനന്‍

എഴുത്ത് നന്നായിട്ടുണ്ടു.

രാഷ്ട്രീയത്തോടും , നേതാകളോടും ഒരു തരം വെറുപ്പുള്ളത് കൊണ്ടു അധികം അഭിപ്രയം പറയറില്ല

സസ്നേഹം
മന്‍സൂര്‍

അരീക്കോടന്‍ പറഞ്ഞു...

നന്നായിട്ടുണ്ടു.

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

രാഷ്ട്രീയ പ്രതികരണം എന്ന നിലയില്‍ കൊള്ളാം.
പോസ്റ്റ് ബൂലോക ‘കവിത‘യില്‍ വേണമായിരുന്നോ ?

സനാതനന്‍ പറഞ്ഞു...

അരാഷ്ട്രീയ പ്രതികരണങ്ങളെ കവിതയാകൂ എന്നു
വിത്സണോട് ആരാണ് പറഞ്ഞത്?
എന്റെ രചനയെ മാത്രം ഉദ്ദേശിച്ച് ഇത് കവിതയല്ല എന്ന വിവക്ഷയില്‍ പറഞ്ഞതാണെങ്കില്‍ വിനയപുരസ്സരം വിമര്‍ശനത്തെ അം‌ഗീകരിക്കുന്നു. എഴുതുന്നതെല്ലാം കവിതയാകണമെന്നില്ല എന്ന തത്വത്തിനെ ഞാന്‍ മാനിക്കുന്നു.നന്ദി.

മുക്കുവന്‍ പറഞ്ഞു...

kollam