15/5/07

ഐക്യനാടുകള്‍

ഒരു പാഴ്ദിനാഘോഷത്തിന്റെ
നിരവധി
രതിക്രീഡകളില്‍
തളര്‍ന്ന്
അഴിഞ്ഞുലഞ്ഞ്‌
ജുമൈറ*
നീണ്ടുനിവര്‍ന്നു കിടന്നു

തലയുയര്‍ത്തി,
മുതു കുനിഞ്ഞ്‌
കിതച്ചുകിതച്ച്‌
**ഖവാനീജിലൂടെ
ഒരു ഒട്ടകവും
അവന്റെ പാവപ്പെട്ട
അറബിയും
വേച്ചുവേച്ച്‌ നടക്കുന്നുണ്ടായിരുന്നു
അപ്പോള്‍

ക്ഷീണവും, തളര്‍ച്ചയും
പിന്നെ
മറ്റെന്തോ ഒന്നും
മൂവര്‍ക്കും
ഉള്ളില്‍
പനിക്കുന്നുമുണ്ടായിരുന്നു* ജുമൈറ - യു.എ.ഇ - ലെ കടല്‍ത്തീരം. സ്വദേശി-പ്രവാസി സമ്പന്നവര്‍ഗ്ഗത്തിന്റെ വാസസ്ഥലം.
**ഖവാനീജ്‌ - യു.എ.ഇ - ലെ ഒരു ഉള്‍പ്രദേശം

9 അഭിപ്രായങ്ങൾ:

Rajeeve Chelanat പറഞ്ഞു...

ഐക്യനാടുകള്‍ (കവിത)

ഒരു പാഴ്ദിനാഘോഷത്തിന്റെ
നിരവധി
രതിക്രീഡകളില്‍

vishak sankar പറഞ്ഞു...

ആ അറബി പാവമാണെങ്കില്‍ അയാള്‍ക്ക് ചുരുങ്ങ്യത് ഒരു പത്തെണ്‍പതു വയസ്സെങ്കിലും പ്രായം കാണും.
ഉള്‍നാട്ടിലായാലും,നഗരത്തിലായാലും അറബികളുടെ പുത്തന്‍ തലമുറ തങ്ങളുടേത് വിശ്വോത്തരമായ ഒരു വംശ പരമ്പരയാണെന്നും,മറ്റെല്ലാ മനുഷ്യരും,പ്രത്യേകിച്ച് ഏഷ്യന്‍ വംശജര്‍ സംസ്കാരമേയില്ലാത്ത ഒരു വിഭാഗമാണെന്നും ധരിച്ചുവച്ചിരിക്കുന്നു എന്നാണ് എന്റെ അനുഭവം.അതിന് അപവാദങ്ങള്‍ ഉണ്ടെങ്കില്‍(ഒറ്റപ്പെട്ട വ്യക്തികളായല്ല,ഒരു സമൂഹം എന്ന നിലയ്ക്ക്) അത് ഏറെ സന്തോഷവും ആശ്വാസവും തരുന്നു.

പറഞ്ഞു പറഞ്ഞ് ഓഫ് ടോപിക് ആയോ എന്നു സംശയം! ക്ഷമിക്കൂ..

Rajeeve Chelanat പറഞ്ഞു...

വിശാഖ്‌,

നേരെ മറിച്ചാണ്‌ എനിക്കു തോന്നുന്നത്‌. വംശാഹന്തയും മറ്റുമുള്ള ചിലരൊക്കെ ഉണ്ടായേക്കാം, അറബികളില്‍. എല്ലാ വര്‍ഗ്ഗങ്ങളിലും ഉള്ളതുപോലെത്തന്നെ. പക്ഷെ, പൊതുവെ അവരുടെ അവസ്ഥ, ഒരു വംശനാശത്തിന്റേതിനു സമാനമാണെന്നും കാണാം. പരദേശികളുടെയിടയിലെ ഒറ്റപ്പെട്ട തുരുത്തുപോലെ ആയിരിക്കുന്നു അവര്‍. എന്നിട്ടും എത്ര സഹിഷ്ണുതയാണ്‌ അവരില്‍!! തൊഴണം അവരെ. നമ്മുടെ നാട്ടില്‍ നമുക്കായിരുന്നു ഈ അവസ്ഥയെങ്കില്‍ എന്ന് ആലോചിച്ചാല്‍ മാത്രം പോരും. ശിവസേനയെപ്പോലെയുള്ള റൗഡിമാതൃകകളുമുണ്ടല്ലോ യഥേഷ്ടം.

ബഹറൈനില്‍ വിദേശികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെയും ഇതിനോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്‌.

പക്ഷേ, ഇതൊന്നും, ഒരു "സാര്‍വ്വത്രീകരണത്തിലേക്ക്‌" നമ്മെ നയിക്കരുത്‌. ആര്‍ക്കും അതു ഗുണം ചെയ്യില്ല എന്നു മാത്രവുമല്ല, അതില്‍ ആവോളം ശരികേടുമുണ്ട്‌.

പിന്നെ, എന്റെ കവിത...അതിലെ സൂചിതങ്ങള്‍ (അങ്ങിനെയൊന്നുണ്ടെങ്കില്‍)..അത്‌ വരികള്‍ക്കിടയിലുമാണ്‌..

സ്നേഹപൂര്‍വ്വം

സങ്കുചിത മനസ്കന്‍ പറഞ്ഞു...

വിശാഖിന്റെ ചിന്തകള്‍ അമ്പേ തെറ്റാണെന്ന് പറയേണ്ടിയിരിക്കുന്നു.

നമ്മള്‍ മലയാളികള്‍ ആണ് അറബികളുടെ സ്ഥാനത്ത് എങ്കിലോ? ഒരു തമിഴന്‍ നാട്ടില്‍ പണിക്കുവന്നാല്‍ പോലും നമ്മുടെ എടേയ് അണ്ണാച്ചീ വിളിയില്‍ ഒരു പുഛവും അഹങ്കാരവും ഇല്ലേ? ഇവിടെ ഒരു അറബിയും ആവശ്യമില്ലാതെ നമ്മളെ നിന്ദിക്കുന്നത് കണ്ടിട്ടില്ല.

നേരിട്ട് പരിചയമുള്ള വിരലിലെണ്ണാവുന്ന യൂയേയീ പൌരന്മാരെല്ലാം നമ്മളെ വളരെ ബഹുമാനത്തോടെ ആണ് കാണുന്നത് എന്നും പറയേണ്ടിയിരിക്കുന്നു.

ദേവന്‍ പറഞ്ഞു...

വിശാഖ്‌,
റോഡില്‍ തോന്ന്യാസമായി വന്റിയോടിച്ചും കമന്റടിച്ചും ബാറില്‍ വെള്ളമടിച്ച്‌ അലമ്പുണ്ടാക്കിയും ഉപദ്രവിക്കുന്ന ഒരു ന്യൂനപക്ഷം (കൂടുതലും ഇവര്‍ സ്കൂള്‍ ഡ്രോപ്പൌട്ട്‌ ആയ ടീനേജര്‍മാരാണ്‌, വട്ടച്ചെലവിനു കാശു തികയാത്തപ്പോള്‍ കൊള്ളാവുന്ന രീതിയില്‍ ജീവിക്കുന്ന ഏഷ്യക്കാരനോട്‌ ചൊരുക്കു വരുന്നതാവും) തീര്‍ച്ചയായും ഉണ്ട്‌. എന്നാല്‍ ഈ നാട്ടില്‍ (ബാക്കി അറബി നാടുകളില്‍ ഞാന്‍ ജീവിച്ചിട്ടില്ല) ഭൂരിപക്ഷം വരുന്ന അറബികള്‍ (എമറാത്തികള്‍) വളരെ നല്ല മനുഷ്യരായിട്ടാണ്‌ കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട്‌ എനിക്കു തോന്നിയിട്ടുള്ളത്‌. എന്റെ ജോലിസ്ഥലത്ത്‌ ഞാന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മേലധികാരിയും എനിക്കു താഴെയുള്ള മൂന്നു പേരും അറബികളാണ്‌, ഇങ്ങനെ ഒറ്റ ഇന്ത്യനായി ജോലി തുടങ്ങിയത്‌ ആശങ്കകളോടെയാണ്‌. അവരെല്ലാം ഇന്ത്യയില്‍ 9 കമ്പനികളില്‍ ജോലി ചെയ്തപ്പോഴൊന്നും എനിക്കു ലഭിക്കാത്തത്ര നല്ല അന്തരീക്ഷം എനിക്കു തരുന്നു. ആദ്യ ദിനം മുതല്‍ ഇന്നു വരെ.

പോലീസിന്റെ ഒരു ഉന്നതാധികാരകേന്ദ്രവും ഞങ്ങളും ഒരേ ബ്രേക്ക്‌ റൂമാണ്‌ ഉപയോഗിക്കുന്നത്‌. നാട്ടിലാണെങ്കില്‍ ഒരു ഐ ജി റാങ്ക്‌ ഉള്ള ഉദ്യോഗം ഭരിക്കുന്നവര്‍ വരുമ്പോഴും ആരും അവിടെ എഴുന്നേറ്റ്‌ ഏമാനു സീറ്റു കൊടുക്കുകയോ വലിച്ചുകൊണ്ടിരിക്കുന്ന സിഗററ്റ്‌ വെപ്രാളത്തില്‍ കുത്തിയണയ്ക്കുകയോ ചെയ്യാറില്ല.

പൊതു സ്ഥലത്തെ അനുഭവം വച്ചു പറയുകയാണെങ്കില്‍, എന്റെ
വണ്ടി മണലില്‍ പുതഞ്ഞു പോയപ്പോള്‍ ഇന്ത്യക്കാരും സായിപ്പന്മാരും എതിര്‍ ദിശയിലെ നീയോണ്‍ ബോര്‍ഡ്‌ നോക്കി നടന്നു പോയി, പുതഞ്ഞ വണ്ടി നീക്കുന്നത്‌ നട്ടെല്ലൊടിയുന്ന പണിയല്ലേ. പത്തു പതിനെട്ടു വയസ്സുള്ള അറബി പയ്യന്മാരാണ്‌ അത്‌ പൊക്കി തന്നത്‌. എന്റെ കൂടെ വന്ന ഇന്ത്യക്കാരനെ വെള്ളമടിച്ചു വെളിവില്ലാതെ ചാടി ഉന്തിയ അറബിച്ചെക്കനേയും മറന്നില്ല, പക്ഷേ മഹാഭൂരിപക്ഷവും മര്യാദക്കാരാണ്‌.

രാജീവ്‌,
എനിക്കു കവിതകളെക്കുറിച്ച്‌ ഒരു പിടിപാടും ഇല്ലാത്തതുകൊണ്ട്‌ ഓണ്‍ ടോപ്പിക്കായി ഒന്നും എഴുതാന്‍ പറ്റുന്നില്ല. ക്ഷമിക്കൂ.

തറവാടി പറഞ്ഞു...

"നമ്മള്‍ മലയാളികള്‍ ആണ് അറബികളുടെ സ്ഥാനത്ത് എങ്കിലോ? ഒരു തമിഴന്‍ നാട്ടില്‍ പണിക്കുവന്നാല്‍ പോലും നമ്മുടെ എടേയ് അണ്ണാച്ചീ വിളിയില്‍ ഒരു പുഛവും അഹങ്കാരവും ഇല്ലേ? ഇവിടെ ഒരു അറബിയും ആവശ്യമില്ലാതെ നമ്മളെ നിന്ദിക്കുന്നത് കണ്ടിട്ടില്ല."


സങ്കുചിതന്‍റെ വാക്കുകള്‍ അടിവരയിടുന്നു.

vishak sankar പറഞ്ഞു...

കൂട്ടുകാരെ,
യു.എ.ഇ ഇലും ഒമാനിലും അറബികള്‍ രണ്ടുതരത്തില്‍ പെറുമാറുന്നു എങ്കില്‍ ഈ ചര്‍ച്ചയില്‍ സാംഗത്യം ഇല്ല.അത് ഞാന്‍ എന്റെ കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.അങ്ങനെയുണ്ടെങ്കില്‍ സന്തോഷം മാത്രമേയുള്ളു താനും.
‘പരദേശികളുടെ ഇടയില്‍ ഒറ്റപ്പെട്ട തുരുത്തുകള്‍‘ പോലെയായിരിക്കുന്നുയവര്‍.ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ അങ്ങനെ ആകുന്നതെങ്കില്‍ അതിന് ഉത്തരവാദി അവിടേയ്ക്കു വരുന്ന വിദേശികളല്ല.ഏഷ്യകാരുള്‍പ്പെടെയുള്ള വിദേശ സമൂഹത്തെ ഉദ്ധരിക്കാനല്ല അവര്‍ വിദേശികളെ അങ്ങോട്ടേയ്ക്ക് തൊഴിലിനായി എടുക്കുന്നത്.അവര്‍ക്ക് തൊഴിലാളികളെ ആവശ്യമുള്ളതിനാല്‍ അവര്‍ ഏറ്റവും ലാഭമുള്ള ഇടങ്ങളില്‍ നിന്നും മാനുഷികവിഭവങ്ങളെ ഇറക്കുമതി ചെയ്യുന്നു എന്നു മാത്രം.ആ അവസ്ഥ എന്നു മാറുന്നുവോ അന്നു മുതല്‍ അവര്‍ സ്വദേശിവല്‍ക്കരണം പോലുള്ള ഉദ്യമങ്ങളിലേയ്ക്ക് തിരിയുന്നു.അതില്‍ തെറ്റില്ല താനും.നമ്മള്‍ ജോലിചെയ്യുന്നു.അതിന്റെ പ്രതിഫലം വാങ്ങുന്നു.അതിലുപരി തൊഴില്‍ദാതാക്കളെ പ്രകീര്‍ത്തിക്കണമെങ്കില്‍ അതിനു അവര്‍ തൊഴില്‍ തരുന്നു എന്നതില്‍ ഉപരിയായ കാരണങ്ങള്‍ വേണം എന്നു മാത്രം.ഇല്ലെങ്കില്‍അവര്‍ നമുടെ നാട്ടിലേതുള്‍പ്പെടെ മറ്റേതുതൊഴില്‍ദാതാക്കളേയും പോലെ മാത്രമാണ്.
ഇനി,ഇവിടെ കിട്ടുന്ന ശംബളം നമ്മുടെ നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ പ്രയോജനം ചെയ്യുന്നുണ്ടെങ്കില്‍(വിനിമയ മൂല്യത്തിന്റെ കാര്യത്തില്‍)അതു നമ്മളുടെ അദ്ധ്വാനശേഷിയുമായി ബന്ധപ്പെട്ടു നമുക്കു കിട്ടുന്ന അവകാശമാണ്.നമ്മെക്കാള്‍ കുറഞ്ഞ വിലയില്‍ നമ്മുടേതിനു തുല്യമായ അദ്ധ്വാനശേഷി ലഭ്യമാണെന്നിരിക്കെ ഏഷ്യക്കാരനെ ഉദ്ധരിക്കാന്വേണ്ടി മാത്രം അറബികള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതല്ലല്ലൊ..!
പിന്നെ,തമിഴന്‍ ക്കേരളത്തില്‍ വരുമ്പോഴുള്ള കാര്യം.ഒരു തെറ്റ് മറ്റൊരിടത്തും നടക്കുന്നുണ്ട് എന്നത് ഒരിടത്തുള്ള ഒരു തെറ്റിന്റെ ന്യായീകരണമാണോ?അങ്ങനെയെങ്കില്‍ ലോകത്തെ എറ്റവും നികൃഷ്ടമായ കാര്യങ്ങളെപ്പോലും നമുക്ക് ആ വഴി ന്യായീകരിക്കാനാവില്ലേ..?(വീണ്ടും ഒമാനിലെ കാര്യം മാത്രം പറയട്ടെ,അതേ എനിക്കറിയാവു:സലാല എന്ന ഒമാന്റെ തെക്കന്‍ പ്രവിശ്യയില്‍ നിവര്‍ത്തികേടുകൊണ്ടു ജോലിചെയ്യാന്‍ വരുന്ന വടക്കരെ തമിഴരെക്കാള്‍ നികൃഷ്ടരായാണ് അവര്‍ കാണുന്നത്.വടക്കര്‍ തെക്കരെക്കാണുന്നതും അങ്ങനെ തന്നെ.ഈ രണ്ടു സ്ഥലങ്ങളിലും ജോലിചെയ്തിരുന്ന ഒരാള്‍ എന്ന നിലയില്‍ അതെന്റെ അനുഭവമാണ്)അറബികള്‍ ഹിന്ദികളെ വിളിക്കുന്ന ഒരു ഓമനപേരുണ്ട്(ഇവിടെ ഒമാനില്‍,മറ്റിടങ്ങളുടെ കാര്യം അറിയില്ല)‘റഫീഖ്‘.വാകിന്റെ അര്‍ഥം സുഹൃത്ത് എന്നാണ് എന്ന് വേണമെങ്കില്‍ പറഞ്ഞാശ്വസിക്കാം.ഇവിടെയുള്ള മിസരി,സുടാനി,മൊറോക്കന്‍,റ്റുണീഷ്യന്‍ ആള്‍ക്കരെ അവര്‍ എന്തു തൊഴില്‍ ചെയ്താലും വിളിക്കുന്നത് റഫിഖ് എന്നല്ല.സതിഖ് എന്നാണ്.ഇതിനെ വ്യത്യാസമെന്താണെന്നു ചോദിച്ചപ്പൊള്‍ ഒരു ഒമാനി സുഹൃത്തു പറഞ്ഞു,രഫീഖ് എന്നാല്‍ ഏഷ്യക്കരെയും മറ്റും മാത്രം വിളിക്കുന്നത്,ഒരു താണതരം സുഹൃത്ത്(A LOW CLASS FRIEND) എന്ന്.അങ്ങനെയും ഒരു സുഹൃത്തുണ്ടോ എന്ന് ചോദിച്ചപ്പൊള്‍ ഞാന്‍ നിന്നെ അങ്ങനെ വിളിക്കാറില്ലല്ലൊ എന്ന് പറഞ്ഞ് അയാള്‍ ചിരിച്ചു.(എന്നെ രഫീക്ക് എന്നു വിളിച്ച കുറ്റത്തിന് അതു കേട്ടുനിന്ന ഈജ്ജിപ്ഷ്യന്‍ പ്രഥമാദ്ധ്യാപകന്‍ ഒരു ഒമാനി കുട്ടിയെ രണ്ടുദിവസം പുറത്താക്കിയത് മറ്റൊരു ഉദാഹരണം,ഹോട്ടലില്‍ പണിയെടുക്കുന്നവന്നയാലും,നിര്‍മ്മാണകമ്പനിയില്‍ അവിദഗ്ധതൊഴിലാളിയായി ജോലി ചെയ്യുന്നവനായാലും ഒരു അറബി വംശജണെ ഇവര്‍ രഫീഖ് എന്നു വിളിക്കാറുമില്ല)
ജോലി ചെയ്യുന്ന ഇടങ്ങളില്‍ സിഗരറ്റ് കുത്തി അണയ്ക്കേണ്ടിവരുന്ന അവസ്ത്ഥയൊന്നുമില്ല എന്നത് സത്യം.പക്ഷേ ചായക്കടയില്‍ വേറേ കസേര ഒഴിവില്ലാതെ വന്നപ്പോള്‍ ഞാന്‍ എഴുനേറ്റു കൊടുക്കണമെന്നു പറഞ്ഞു ഒമാണിയുമായി ഒന്നിലേറെ തവണ കശപിശ ഉണ്ടായിട്ടുണ്ട്.
ഇതൊക്കെ പറയുമ്പൊഴും യു.ഏ.ഇ കാരോട് തര്‍ക്കിക്കാന്‍ എനിക്കു മടിയുണ്ട്.കാരണം 1999-2001 വരെയുള്ള രണ്ടു വര്‍ഷക്കാലം അവധി ദിനങ്ങള്‍ ചിലവഴിക്കനായി 5 തവണയോളം ഞാന്‍ ദുബായ് സന്ദര്‍ശിച്ചിട്ടുണ്ട്.ഓരോ തവണയും 3-4 ദിവസങ്ങള്‍ അവിടെ അതും,ഹോട്ടലില്‍ താമസിച്ചിട്ടും ഉണ്ട്.അന്നൊന്നും ഒരു എമരാത്തിയെ തെരുവില്‍ കണ്ടതായി എനിക്ക് ഓര്‍മ്മയില്ല.തെരുവുകളെല്ലാം ഏഷ്യ മയം...

vishak sankar പറഞ്ഞു...

സങ്കുചിതാ,
താങ്കള്‍ എമറാത്തിലാണെങ്കില്‍ ഒന്നും പറയാനില്ല.സൌദിയിലും കുവൈറ്റിലും മറ്റും തെരുവിലൂറ്റെ നടക്കുന്നവരെ(ഏഷ്യക്കാരാണെങ്കില്‍)തുപ്പുന്ന കഥകള്‍ അനുഭവസ്ഥര്‍ പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്.തെരുവിലൂടെ നടക്കുമ്പോള്‍ കല്ലേറുകൊള്ളുന്നത് അനുഭവിച്ചും അറിഞ്ഞിട്ടുണ്ട്.(കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് എറി കിട്ടാറില്ല.ആ കണക്കിലാണെങ്കില്‍ എറി കൊണ്ടത് എന്റെ തെറ്റാണ്.)

vimathan പറഞ്ഞു...

രാജീവ്, സങ്കുചിതന്‍, നിങളോട് വിയോജിക്കേണ്ടി വരുന്നു. ഗള്‍ഫ് മേഖലയിലെ അറബികളില്‍ വലിയൊരു ശതമാനം തികഞ്ഞ വംശീയ വാദികളാണ്. പ്രത്യേകിച്ച്, സൌദി അറേബ്യയിലെ ജനങള്‍. അവരുടെ വംശീയ മനോഭാവവും, മലയാളികള്‍ക്ക് തമിഴനോടുള്ള മനോഭാവവും ഒരു പോലെയല്ല. സൌദിയും ഒമാനും, ഇമാറാത്തും അടക്കമുള്ള രാജ്യങളില്‍ അടിമ സമ്പ്രദായത്തിന്റെ നീണ്ട ചരിത്രമുണ്ട്. 1960-70 കളില്‍ മാത്രമാണ് ഇവിടെ അടിമ സമ്പ്രദായം ഔദ്യോഗികമായി നിരോധിച്ചത്. അങിനെ അടിമ സമ്പ്രദായം പോലും നിലവിലുണ്ടായിരുന്ന ഒരു പ്രാഗ് ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്നും പെട്രോ ഡോളറുകള്‍ സമ്പന്നമാക്കിയ ഒരു മുതലാളിത്ത വ്യവസ്ഥിതിയിലേക്ക് പൊടുന്നനെ ഒരു മാറ്റമുണ്ടായെങ്കിലും, , ഭൂരിപക്ഷം ജനതയ്ക്കും, തങ്കളുടെ collective memmory യില്‍ ആ അടിമ സമ്പ്രദായത്തിന്റെ ഓര്‍മ്മകള്‍ ഇനും നില നില്‍ക്കുന്നു എന്നതാണ് കാരണം. എന്നാല്‍ ദുബൈ പോലെ കൂടുതല്‍ നഗരവല്‍ക്കരിക്കപ്പെട്ട, മുതലാളിത്തവല്‍ക്കരണം ത്വരിതഗതിയിലായ, വിവിധ വംശീയതകള്‍ ഇട കലര്‍ന്ന ഒരു വന്‍ നഗരത്തില്‍ ഈ വംശീയ മനോഭാവം അത്ര പ്രകടമല്ല തന്നെ. എന്നാല്‍ ഇമാറാത്തിന്റെ തന്നെ മറ്റു പ്രവിശ്യകളില്‍, എന്തിന് തോട്ടടുത്ത് കിടക്കുന്ന ഷാര്‍ജയില്‍ പോലും തദ്ദേശീയരുടെ പെരുമാറ്റം വ്യത്യസ്തമാണ് എന്നുള്ളത് ഒരു വസ്തുതയാണ്. പിന്നെ അറബിയും, ഒട്ടകവും എന്നത് ഇന്ന് ആദര്‍ശവല്‍ക്കരിക്കപ്പെട്ട ഒരു cliche ആയി മാറിയിട്ടുണ്ട്. ഖവനീജില്‍ ഒരു ഒട്ടകം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ കൂടെ കാണുന്നത് ഒരു ബലൂചിയാവാനാണ് കൂടുതല്‍ സാധ്യത :)