19/5/07

ഞങ്ങള്‍.. ഞാനെന്നു വിളിപ്പേര്.

ജനിക്കും മുന്‍പേ,
കണ്ണും മൂക്കും ചെവികളും;
പിന്നെ
പറയാവുന്നതും, പാടില്ലാത്തതുമായ,
പലതും തുന്നിച്ചേര്‍ത്ത ഒരു സഞ്ചിയില്‍
ഞങ്ങളെ പിടിച്ചിട്ട്
ഞാനെന്നൊരു പേരു തന്നു -
ആരോ ഒരാള്‍.

അടഞ്ഞ ജീവനില്‍
ശ്വാസം മുട്ടി മരിച്ചു കുറേപ്പേര്‍.
വിശപ്പിനെ ചീവുന്ന ദഹനവ്യൂഹത്തില്‍,
പട്ടിണി കണ്ടു ദഹിച്ചവരുമുണ്ടായിരുന്നു.
ചിലര്‍ മരണത്തെത്തിന്നു ജനിച്ചു.
ചിലര്‍ പൊട്ടിത്തെറിച്ചു പടര്‍ന്നു.
ഒരു നോക്കിനായി കടിപിടി കൂടുന്ന
തെരുവു നായ്ക്കളും പെരുകി..
കുലം വിതച്ചവരും, കുല വെട്ടിക്കടന്നവരും,
കുതികാല്‍ വെട്ടിയവരുമുണ്ടായി.
മിണ്ടാണ്ടൊരിടത്തിരുന്നലറിയ സാധുക്കളും,
മിണ്ടുന്ന പ്രാണികളുമുണ്ടായി.
എന്തെന്നറിയാത്ത ഞാനുമുണ്ടായി.

മഴപ്പെരുക്കത്തില്‍,
ഉരുണ്ടു നീങ്ങുന്നയുറുമ്പുകളെ പോല്‍
ഞങ്ങള്‍ പറ്റിപ്പിടിച്ചു കിടന്നു.
ഉരുളകള്‍ വളര്‍ന്നു.

വളര്‍ച്ചയിലെപ്പോഴും നറുക്കുപാത്രങ്ങള്‍ നിരന്നു.
വിജയികള്‍ക്ക്,
കണ്ണുകളിലേക്കും ശബ്ദങ്ങളിലേക്കും
വിനോദ യാത്രകളൊരുക്കപ്പെട്ടു.
പലരും കടന്നു പോയി.
പലവുരു മുഖമൊരുങ്ങി..
ഒരു വായ പലതു മിണ്ടി..
പല കാഴ്ചകളുടഞ്ഞും പോയ്..

ഇന്നെന്റെയൂഴം..
ഇന്നോളം മിണ്ടാത്ത ചുണ്ടിന്,
എന്തെങ്കിലും മിണ്ടണം.
കണ്ണിനുള്ളില്‍ മുങ്ങി മരിക്കും മുന്‍പേ
തിരിച്ചുമിറങ്ങണം..
ഞാനൊരു കൂട്ടം ഞങ്ങളെന്ന്
വിനയപ്പെട്ട് തിരിച്ചു ചെല്ലുമ്പോള്‍
എന്നെ ഞാന്‍ ചുമ്മാ കൊന്നു കളയുമെന്നറിയാം
എങ്കിലും..

6 അഭിപ്രായങ്ങൾ:

പൊന്നപ്പന്‍ - the Alien പറഞ്ഞു...

ഞങ്ങള്‍.. അതു പറഞ്ഞവനെ ഞാന്‍ തട്ടി.

വിഷ്ണു പ്രസാദ് പറഞ്ഞു...

എത്ര പേരെ സമാധാനിപ്പിച്ചാലാണ് ഒരു ഞാനെ സമാധാനിപ്പിക്കാനാവുക!ഉള്ളിലെ പലരുമായി നീ നടക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം.ഞാനും ഇതേ നടപ്പാണ്.നീ ഒരാള്‍കൂട്ടം...,ഞാനും.

Manu പറഞ്ഞു...

ഞങ്ങള്‍ എന്ന് സ്വയം വിളിക്കുന്നവനെ ഉച്ചാടനം ചെയ്യുന്ന രക്ഷകന്റെ ചിത്രമുണ്ട് യേശുവിന്റെ കഥയില്‍ എവിടെയോ... എത്ര ഉച്ചാടനങ്ങള്‍ ഞാന്‍ അറിയാതെ എന്നോട് തന്നെ ചെയ്യുന്നു???.. രോഗിയാര്? രക്ഷകനാര്??

Ambi പറഞ്ഞു...

കണ്ണിലും മൂക്കിലും ചെവികളിലും
പിന്നെ
പറയാവുന്നതും, പാടില്ലാത്തതുമായ,
പലതിലും, തുന്നിച്ചേര്‍ത്ത സഞ്ചിയിലും
പിടിച്ചിട്ട ഞങ്ങളിലും.. ഞാനില്ലെന്ന് ..ഗൗരി

വിനയപ്പെട്ട് തിരിച്ചുചെല്ലുമ്പോള്‍ ചുമ്മാ പോലും കൊല്ലാന്‍ നീയവിടേയില്ല എന്ന് അവന്‍ പറയുന്നു

എനിയ്ക്കറിയില്ലേ പൊന്നപ്പാ..

യുദ്ധം ജയിച്ചതിന്റെ സന്തോഷത്തിലാണ് അവരെന്ന്..:)

അനു പറഞ്ഞു...

ഞങ്ങള്‍.. അതു പറഞ്ഞവനെ ഞാന്‍ തട്ടി.

ഹ ഹ.. ഇതുകൊള്ളാം...

അപ്പൂസ് പറഞ്ഞു...

നന്നായി