23/4/07

രതീഷ് വാസുദേവന്റെ കവിതകള്‍

രതീഷ് വാസുദേവന്‍ വയനാട്ടിലെ അമ്പലവയലില്‍ 1978 മെയ് 19 ന് ജനിച്ചു.അച്ഛന്‍ :വാസുദേവന്‍ നായര്‍ .
അമ്മ : സതീദേവി. ഇപ്പോള്‍ വയനാട്ടില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലിചെയ്യുന്നു.ആനുകാലിങ്ങളില്‍ എഴുതിത്തുടങ്ങിയിട്ടുണ്ട്.രതീഷിന്റെ ചില അപ്രസിദ്ധീകൃതങ്ങളായ കവിതകള്‍ ഇവിടെ പ്രകാശിപ്പിക്കുകയാണ്.മാന്യ വായനക്കാര്‍ വായിച്ച് അഭിപ്രായങ്ങള്‍ എഴുതണം

പേരില്ലാക്കവിതകള്‍

ഒന്ന്

നാലാള്‍ പോക്കമുള്ള
ഒരു വെറും മരത്തിന്റെ
ചിന്ത എന്തായിരിക്കും?

അത് കലുങ്കിന് കീഴേ
വേനലില്‍ ഇത്തിരിവെട്ടത്തില്‍
ഉണങ്ങിപ്പിടിച്ച തവളപ്പൊട്ടുകളുടെ
മരണത്തെക്കുറിച്ചായിരിക്കുമോ?

രണ്ട്

രാവിന്റെ കറുപ്പിലേക്ക്
ഒരു പിടികുതിരകളെ
പിടിച്ചു പൂട്ടി
വായുവേഗത്തില്‍
ഒരു മിന്നല്‍ വെളിച്ചം.

ചില്ലുകഷ്ണങ്ങളിലെ
ആയിരം മുഖങ്ങളിലേക്ക്
ആര്‍ത്തിയോടെ നോക്കുന്ന
ഒരു കുരങ്ങ്.

മൂന്ന്

കുന്നിലേക്ക് കയറാന്‍
കാലുയര്‍ത്തിയപ്പോള്‍
ഒരു കയറിട്ട് ചിലന്തി
താഴേക്ക് ഒരു വലി.
കൈ തുടച്ച്,ചിറി തുടച്ച്
ഏമ്പക്കം വിടാന്‍ ഭാവിക്കവേ
ഒരു ശവവണ്ടി പാഞ്ഞു പോയി.
ഞാന്‍ താഴ്വരയില്‍ നിന്ന്
കുന്നിന്‍ പുറത്തേക്ക്
ചാടിമരിക്കാന്‍ തീരുമാനിച്ചു.

നാല്

കരഞ്ഞു തീര്‍ന്ന വൃശ്ചികപ്പുലരിയില്‍
ജന്നല്‍ പാളി വലിച്ചടച്ച്
കാറ്റ് അകത്തേക്കു വന്നു.
അകം മുറുകെ ചൂടു പെയ്തു നിറഞ്ഞു.

വിരലിലെ നഖം പൊളിച്ചു പൊളിച്ച്
മെല്ലെ കുട്ടിക്കാലത്തേക്കിറങ്ങി.
നല്ല ഉഷാറന്‍ കുട്ടിക്കാലം.

അഞ്ച്

കനത്ത ചുഴിയുള്ള
കണ്ണീരിനിടയിലൂടെ
ആ ജീവകോശം
നീന്തിപ്പോയി.
ചില്ലുകണ്ണാടിയിലൂടെ
അവനും നീന്തി
അതിനു പുറകേ.
കറുത്ത പക്ഷത്തിലെ
വയല്വരമ്പു പോലെ
വെളിച്ചം മുളച്ച ഭൂമി.
വീടിനേക്കാളും വലിയ
സങ്കടം നിറഞ്ഞ മൈതാനത്ത്
അവനും അവളും
പലതുണ്ടുകളായി
ഒഴുകിയെത്തി.

ആറ്

പറയരുത് പറയരുത്
എന്ന് പലവട്ടം പറഞ്ഞിട്ടും
അന്ന് കറന്റ് പോയി.
ഒരു പാട് കരഞ്ഞിട്ടും
അന്ന് കുട്ടി തിരിച്ചു വന്നില്ല
ചിരിക്കരുത് ചിരിക്കരുത്
എന്ന് പലവട്ടം പറഞ്ഞിട്ടും
അന്ന് മഴ പെയ്തുകൊണ്ടിരുന്നു.
ഒരു പാട് മുറുമുറുത്തിട്ടും
അന്ന് അമ്മ വഴക്ക് പറഞ്ഞില്ല
പ്രണയിക്കരുത് പ്രണയിക്കരുത്
എന്ന് പലവട്ടം പറഞ്ഞിട്ടും
അന്ന് നല്ല നിലാവായിരുന്നു.
ഒരു പാട് വിശന്നിട്ടും
എനിക്കന്ന് ബസ് കിട്ടിയില്ല.

ഏഴ്

ആന്റിന അഴികളിലെ
സ്വപ്നം വയര്‍ വഴി
എന്റെ തലച്ചോറിലേക്ക്
ഒരു റൂട്ട് മാര്‍ച്ച്.
തലച്ചോറ് ഒരു ലെനിന്‍ ഗ്രാഡ്
ചെംനിറം പുരണ്ട
പതാകവാഹകര്‍
ഒരു മഹാ സാഗരമായി.
പീപിങ് ഹോളിലൂടെ
യുവതിയുടെ കൈ
പങ്കായത്തുഴപോലെ
തുഴഞ്ഞു തുഴഞ്ഞ്
പുറത്തേക്ക്...
കട്ടിലിനരികിലെ
കുപ്പിവിളക്ക്
തട്ടിമറിഞ്ഞ്
ഒരു ഭൂതം...
ഓം ഹ്രീം...

10 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

അപ്രശസ്തനായ ഒരു വയനാട്ടുകാരന്റെ കവിതകള്‍...

- കുമാരേട്ടന്‍ - പറഞ്ഞു...

ചുമ്മ എന്തെക്കിലും കുത്തിക്കുറിച്ചതു കോണ്ട് അത് കവിത ആകില്ല.

Unknown പറഞ്ഞു...

കാമത്തിന്റെ കാവല്‍മാടങ്ങളില്‍
മോഹത്തിന്റെ തോറ്റമ്പാട്ട്
കിഴക്കുദിച്ച നക്ഷത്രം വീണ ഭൂമിയില്‍
കാലത്തിന്റെ വിരലടയാളം

എന്ന് മഹാനായ കവി എഴുതിയത് ഓര്‍മ്മ വരുന്നു. നന്നായിട്ടുണ്ട്.

ഗുപ്തന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഗുപ്തന്‍ പറഞ്ഞു...

എനിക്കിതൊന്നും മനസ്സിലാകുന്നില്ലല്ലോ ഈശ്വരാ.. ഈ പഴഞ്ചന്‍ സെന്‍സിബിലിറ്റിക്ക് പകരം പുതിയതൊന്നു വാങ്ങിപ്പിടിപ്പിക്കണം

ഗുപ്തന്‍ പറഞ്ഞു...

കമന്റീട്ട് പോയപ്പം ഒരു ഡൌട്ട്.. ആത്മാര്‍ത്ഥമായിട്ടു തന്നെ പറഞ്ഞതാ.. കഴിഞ്ഞ ആഴ്ചയില്‍ സില്‍ വിയ പ്ലാത്തിന്റെ 'Ariel' ഒന്നു വായിക്കാന്‍ നോക്കി. ഒരു വരിപോലും മനസ്സിലായില്ല. മനസ്സിലാവുന്ന ഒരുപാടുപേരുണ്ടാവും. അവരോടൊക്കെ ഒരു കുശുമ്പ്.. അല്ലാതെന്തു പറയാന്‍..

തറവാടി പറഞ്ഞു...

മാഷെ ഉള്ളതു പറയട്ടെ,

ഒന്നുപോലും ഇഷ്ടമായില്ല ( മറ്റുള്ളവരുടെ അഭിപ്രായം എന്നെ ബാധിക്കൂല്ല എന്നറിയാലോ :) )

മാഷുടെ ഉദ്ദേശ ശുദ്ധി മനസ്സിലാവുന്നു , എന്നാല്‍ അതു ഞാനെന്ന വായനക്കരന്‍റ്റെ മനം മടുപ്പിക്കാനാവരുത്.

മാഷെ എന്ന് വെച്ചു നമ്മള്‍ നാട്ടാരാണ്‌ട്ടോ :)

വിഷ്ണു പ്രസാദ് പറഞ്ഞു...

കുമാരേട്ടാ, സത്യം തന്നെ. എങ്കിലും ഇതില്‍ കവിതയില്ലേ?
ദില്‍ബൂ, നന്ദി.
മനൂ, എല്ലാം ശരിയാകുമെന്നേ...
അലിക്കാ, എല്ലാ കവിതകളും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല.വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
പുതിയ രണ്ടു കവിതകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

കവിത - ഒന്ന് കവിത ആയോ എന്നൊരു സംശയം.

കവിത രണ്ട്: രണ്ടിലേക്കെത്തിയപ്പോള്‍ കവിതയുടെ ഒരു സ്പാര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നു.

കവിത മൂന്ന്, കവിത നാല്:: മാറ്റമില്ലാതെ സ്പാര്‍ക്ക് നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്.

കവിത അഞ്ച്: വളരെ ഇഷ്ടപ്പെട്ടു ഈ കവിത
പ്രത്യേകിച്ച്
“കറുത്ത പക്ഷത്തിലെ
വയല്വരമ്പു പോലെ
വെളിച്ചം മുളച്ച ഭൂമി.
വീടിനേക്കാളും വലിയ
സങ്കടം നിറഞ്ഞ മൈതാനത്ത്
അവനും അവളും
പലതുണ്ടുകളായി
ഒഴുകിയെത്തി.“

വെളിച്ചം മുളച്ച ഭൂമി എന്ന പ്രയോഗം മനോഹരമായി.
പക്ഷെ കറുത്ത പക്ഷത്തിലെ വയല്‍ വരമ്പുപോലെ വെളിച്ചം മുളച്ച ഭൂമി എന്ന് അര്‍ത്ഥമാക്കുന്നത് എന്തെന്ന് മനസ്സിലായില്ല.

കവിത ആറ്: അവസാനത്തെ വരികളിലെ ‘അമിട്ട് പൊട്ടല്‍’ ശരിക്കും കവിതയിലെ ഉത്സവമായെന്നു തന്നെ പറയാം. “ഒരു പാട് വിശന്നിട്ടും
എനിക്കന്ന് ബസ് കിട്ടിയില്ല.“

കവിത ഏഴ്: ഒരു പക്ഷെ കവിക്കു പോലും തീരെ സംതൃപ്തി തരാത്ത ഒന്നാണെന്നു തോന്നുന്നു.
എങ്കിലും കവിയില്‍ പ്രതീക്ഷയുണ്ട്.
കവിയെ പരിചയപ്പെടുത്തിയതിന്‍ വിഷ്ണു പ്രസാദിന് അഭിനന്ദനങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

ഒരു മഴക്കിളിയുടെ ആശംസകള്‍........