21/3/07

ആസക്തി

എല്ലാ ജനനങ്ങള്‍ക്കും മേലെ
ആശങ്കയുടെ ഒരു നിഴലാട്ടം കണ്ടേക്കാം.
എങ്കിലും
കൈക്കുഞ്ഞിന്റെ മുഖത്തേക്ക്‌
ആദ്യമായി നോക്കുമ്പോള്‍
നമ്മുടെ കണ്ണുകളില്‍
വെളിച്ചം നിറയുക തന്നെ ചെയ്യും.

എല്ലാ പ്രണയങ്ങളിലും
ചാപല്യത്തിന്റെ അരുചി കലര്‍ന്നേക്കാം.
എങ്കിലും
കാമുകിയുടെ ശിരസ്സ്‌
നെഞ്ചിനെ തൊടുമ്പോള്‍
ആത്മനിന്ദ നമ്മെ ശല്യം ചെയ്യുന്നില്ല.

ഏതു മരണത്തിലും
ഒരു ദുര്‍ഗന്ധം
ഒളിഞ്ഞിരിക്കുന്നുണ്ടാകാം.
എങ്കിലും
മരിച്ചുകിടക്കുന്ന സുഹൃത്തിനെ
വേദനയോടെ പുണരുമ്പോള്‍
ശ്വാസത്തിന്‌ വിലങ്ങിടാന്‍
നമ്മള്‍ മറന്നുപോകുന്നു.

ചിലപ്പോഴെങ്കിലും
ജീവിതത്തോടുള്ള ആസക്തി
ജീവിതത്തെ തന്നെ
അതിജീവിക്കുന്നുണ്ടാകണം.

12 അഭിപ്രായങ്ങൾ:

പരാജിതന്‍ പറഞ്ഞു...

ഒരു ചെറിയ കവിത (?).
ഒപ്പം വിഷ്ണുവിന്റെ പരിശ്രമത്തിന്‌ സ്നേഹം കൊണ്ടൊരു സല്യൂട്ടും.

Kuzhur Wilson പറഞ്ഞു...

ഉണ്ടാകും

sandoz പറഞ്ഞു...

ഇഷ്ടപ്പെട്ടു...അവസാന വരികള്‍ പ്രത്യേകിച്ചും.......പക്ഷേ.....എല്ലാ പ്രണയങ്ങളിലും എന്നു തുടങ്ങുന്ന വരികള്‍ക്കു എന്തോ ഒരു അഭംഗി......എന്റെ ഒരു തോന്നല്‍ ആണേ.....

വിശാഖ് ശങ്കര്‍ പറഞ്ഞു...

സത്യം...
നിമിഷകവിതയാണെങ്കിലും നന്നായി.ഒരേ സമയം അടക്കം പറയുന്നപോലെ ആത്മനിഷ്ഠമായും സത്യം പോലെ വസ്തുനിഷ്ഠമായും തോന്നുന്ന അനുഭവം..

സാന്‍ഡോസേ...പണി പുറകേ വരുമോ.. ഹ..ഹ..

കുടുംബംകലക്കി പറഞ്ഞു...

മനോഹരം... പക്ഷേ, മരിച്ചുകിടക്കുന്ന ഭര്‍ത്താവിന്റെ/ഭാര്യയുടെ പുറത്തേയ്ക്ക് അലര്‍ച്ചയോടെ വീണിട്ട് മോതിരം ഊരി എടുക്കുന്നവരും ഉണ്ട്.

വേണു venu പറഞ്ഞു...

ജീവിതത്തോടുള്ള ആസക്തി തന്നെ ,
ശ്വാസത്തിന്‌ വിലങ്ങിടാന്‍
നമ്മള്‍ മറന്നുപോകുന്നതും.:)

പരാജിതന്‍ പറഞ്ഞു...

വില്‍സാ, നന്ദി.

സാന്റോസെ, അത്‌ ശരിയാണെന്ന് എനിക്കും തോന്നുന്നു. :)

വിശാഖെ, പെട്ടെന്ന് തട്ടിക്കൂട്ടിയതാണെന്ന് മനസ്സിലായി; അല്ലേ? :)

കുടുംബം കലക്കി, ആ കമന്റ്‌ കലക്കി!

വേണു, നന്ദി.

വിഷ്ണു പ്രസാദ് പറഞ്ഞു...

പലപ്പോഴും
ജീവിതത്തോടുള്ള ആസക്തി
ജീവിതത്തെ തന്നെ
അതിജീവിക്കുന്നുണ്ടാകണം.
....എല്ലാ സത്യങ്ങളും എങ്ങനെ കണ്ടുപിടിക്കുന്നു...:)

krish | കൃഷ് പറഞ്ഞു...

കവിത നന്നായിട്ടുണ്ട്‌.

പരാജിതന്‍ പറഞ്ഞു...

വിഷ്ണു, ചിലപ്പോഴെങ്കിലും സത്യം നമ്മളെ കണ്ടുപിടിക്കുന്നുണ്ടാകണം. :)

ഇത്തിരി, കൃഷ്‌ :)

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

പരാജിതനെ വിജയത്തിണ്റ്റെ ഇത്തിരി മധുരം കാട്ടി കൊതിപ്പിക്കുന്നതും ആ ആസക്തി തന്നെ യല്ലേ?

പരാജിതന്‍ പറഞ്ഞു...

പുനര്‍ജ്ജനി, വിജയത്തിന്റെ ഒത്തിരി മധുരം കണ്ടാലും കൊതിക്കാറില്ല. :)
ആസക്തിയും അതുമായി ബന്ധമുണ്ടോ? ഇല്ലെന്നു തോന്നുന്നു.