26/07/11

നന്നങ്ങാടി

ഭൂമിയിൽ
അവസാനം
മരിക്കുന്ന മനുഷ്യനെ
അടക്കുവാൻ
ആരുമുണ്ടാവില്ല.

അപ്പോൾ
ഭൂമി കുഴിയും
ആകാശം
മൂടിയും ആകും

ഭൂമി ഒരാൾക്കുള്ള
ശവപ്പെട്ടി
മാത്രം...

പ്രപഞ്ചത്തെ
പിന്നീടെപ്പോഴൊ
ആരൊക്കെയൊ
എവിടെയൊക്കെയൊ
ഇരുന്ന് കുഴിച്ചു കുഴിച്ചു
നോക്കുമ്പോൾ
ഭൂമിയും കാഴ്ച്ചയിൽ
പെടാതിരിക്കില്ല;
ഉള്ളിൽ ദഹിക്കാത്ത
കുറച്ചസ്ഥികളുമായ്
ഒരു നന്നങ്ങാടി.

23/07/11

കടലേ...

ശക്തിയായ് തിരയടിക്കും മുമ്പ്
കടലൊന്നു പിന്‍വലിയുമത്രേ
ശക്തിയായ് കല്ലെറിയും മുമ്പ്
കവണയാഞ്ഞു വലിയുമ്പോലെ

കടല്‍ പിന്‍വലിയും തോറും
കര തെളിഞ്ഞു തെളിഞ്ഞുവന്ന ആഹ്ലാദത്തില്‍
നമ്മളൊപ്പം നടന്നു

പൊടുന്നനെ കാണായി
കടലിനും കരയ്ക്കുമിടയില്‍
ജീവിച്ചവരുടെ കാല്പാടുകള്‍
കരയ്ക്കു കയറാനാവാതെ കരയോടുതൊട്ട്
കടല്‍വെള്ളത്തിലാരുമറിയാതെ
മുങ്ങിപ്പൊയവരുടെ
അത്ഭുതഗേഹങ്ങള്‍

ഒരുമിക്കാന്‍ തീരുമാനിച്ച്
കൈകോര്‍ത്ത്
കടലിലേയ്ക്കിറങ്ങിപ്പോയവരുടെ
മണിയറകള്‍
വെള്ളമപ്പോഴുമടര്‍ന്നു വീണുകൊണ്ടിരുന്ന
ജനലുകളിലൂടെ
സ്വാസ്ഥ്യമടര്‍ന്നുവീണ പരിഭ്രാന്തിയില്‍
പൊടുന്നനെയവരുടെ
നിലവിളികള്‍ കേള്‍ക്കായി

പിന്നെയും
കാണായി കേള്‍ക്കായി
കടല്‍മരങ്ങളില്‍ കാറ്റുപിടിക്കുന്ന
വഴുവഴുപ്പന്‍ സീല്‍ക്കാരങ്ങള്‍
കടലിന്നടിയില്‍ മറ്റൊരു നഗരം പണിഞ്ഞ്
വിശന്നുമരിച്ചവര്‍ കുടിപാര്‍ക്കുമിടങ്ങള്‍

അഗാധസ്നേഹമെന്ന്
ആഴക്കടലിനെ വിളിച്ചതാരെന്ന്
തോന്നിപ്പോവുകയാണിപ്പോള്‍

പിന്‍വലിഞ്ഞ
കടലിനെക്കുറിച്ചൊരാധി
ചുറ്റും ചുറ്റും നിറയുമ്പോള്‍
മറ്റൊരിരുട്ടിനുമില്ലാത്തൊരിരുട്ട്
കണ്ണിനുള്ളില്‍ കനക്കുമ്പോള്‍
തുറന്ന വലിപ്പ്
വിസ്മയം കാണിച്ച്
വലിച്ചടയ്ക്കുംപോലെ
കടലേ...

15/07/11

കഴുതകളെക്കുറിച്ച് ചില സംശയങ്ങള്‍.

തെരുവിനൊത്ത നടുക്ക്
ചിന്താവ്യാകുലം തല കുമ്പിട്ട്
അടൂര്‍ സിനിമയിലെ നായകനെപ്പോലെ
എന്താവും അവയിത്ര ഗാഡമായി ആലോചിക്കുന്നത്..?

സത്യത്തില്‍ ഇവറ്റകള്‍ ഈ കരഞ്ഞു തീര്ക്കുന്നത്
നമ്മളാ പറഞ്ഞു പഴകിയ'മറ്റേ' കാര്യം തന്നാണോ...
വൃത്തികേട്ടതും ഭയാനകവുമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ആ കരച്ചിലുകള്‍ക്ക്,
യോഗക്രിയക്കോ,ശ്വസനക്രിയക്കൊ പ്രാര്‍ത്ഥന ഗീതങ്ങള്‍‍ക്കോ,
ഏത്തമിടലുകള്‍ക്കോ ഇല്ലാത്തത്ര ശമന ശക്തിയെന്നൊ..?

ഒരു വേള,ഈ ഗാഡ ചിന്ത, കവിതകളെക്കുറിച്ചാവുമോ..
കവികളെക്കുറിച്ചും കാഴ്ച്ചക്കാരെക്കുറിച്ചുമാണോ..
എവിടേക്കോടിയാലും പോയിടത്തേക്കു തന്നെ തിരിച്ചു വരുന്ന
വിഷ്ണുമാഷിന്റെ 'പശു'വിനെക്കുറിച്ചാവാമോ
ഒരിടത്തേക്കും ഒരിക്കല്‍ പൊലും ഓടി നോക്കാത്ത തന്നെക്കുറിച്ചു തന്നെയാവുമോ..

സിനിമകളെക്കുറിച്ചാവുമോ..
പണ്ട് തെരുവുകളില്‍ ഇത്ര ചവറുകളില്ലാതിരുന്ന കാലത്ത്
വിശന്നു വലഞ്ഞ് അല‍ഞ്ഞു നടന്ന ഒരുനാള്‍
കീറി അകത്താക്കിയ ആ പഴയ
'ആഗ്രഹാരത്തിലെ കഴുതകളുടെ' സിനിമാ പൊസ്റ്ററിനെക്കുറിച്ചാവുമോ..
അഗ്രഹാരങ്ങളിലോ പള്ളികളിലൊ അകപ്പെട്ടു പോയ കഴുതകളെക്കുറിച്ചോ.

ഒരു പക്ഷെ,ഒരു സിനിമ പിടിക്കുന്നതിനെക്കുറിച്ചാവുമോ.
സിനിമ,ഒരു കഴുതയെ ഓടിച്ചിട്ട് പിടിക്കുന്നതിനെക്കുറിച്ചാകുമോ..
തല തിരിച്ചിടലാണ് ഫാഷന്‍ കാഴ്ച്ചക്കും കവിതക്കുമെന്ന് കഴുതകള്‍ക്കറിയാമോ..
(ഉദാഹരണത്തിന്,പക്ഷികളുടെ ശിഖരങ്ങളില്‍ നിന്നും മരങ്ങള്‍ കൂട്ടം കൂട്ടമായി പറന്നു പോയി എന്നു പറയുമ്പോള്‍ കാഴ്ച്ചയുടെ പല സാധ്യതകള്‍ അവശേഷിപ്പിക്കുന്നുണ്ട്)

പ്രണയത്തെക്കുറിച്ചോ ഒറ്റപ്പെടലിനെക്കുറിച്ചോ ആവുമോ..
തെരുവില്‍ വിളക്കുകാലില്‍ ചുവട്ടില് ‍എല്ലാവരുമുറങ്ങുന്ന രാപാതിരാ നേരം
ഒറ്റയ്ക്കു നിന്നു നനഞ്ഞു തീര്‍ത്ത പനിമഴയുടെ ഓര്‍മ്മയിലാവുമോ.

അനസ്യൂതം തന്നെ കടന്നു പൊകുന്ന മനുഷ്യരെക്കുറിച്ചാവുമോ..
ഇതിലേ കടന്നു പോയതും,
ഇപ്പോള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിപ്പോയതുമായ,
ചെറുത്തു നില്പ്പിന്റെ മനുഷ്യ ജാഥകളെക്കുറിച്ചാവുമോ...
ഒരു വേള,മദനിയെക്കുറിച്ചാവുമോ
അട്ടഹാസങ്ങളുടേയും ആക്രോശങ്ങളൂടേയും കാലത്ത് അയാളെ വിശ്വസിച്ചിരുന്നവര്‍
തോണ്ട കീറിയുള്ള ആര്‍ത്തനാദങ്ങളെ ഇപ്പോള്‍ അവിശ്വസിക്കുന്നതിനെക്കുറിച്ചാവുമോ..
മോപ്പസാങ്ങിന്റെ ആ പഴയ കഥയിലെ
വാതു വെച്ച് ദീര്‍ഘകാലം തടവുജീവിതം നയിച്ച,
ഒടുവില്‍ വാതു തുക വേണ്ടെന്നു വെച്ച്
ആഹ്ലാദത്തോടെ നടന്നു പോയ ആ മനുഷ്യനെക്കുറിച്ചാണോ..

ചുമ്മന്നു ചുമന്നു ഒടുവില്‍ വഴിയിലുപേക്ഷിച്ച
ഗൃഹാതുരത്വത്തിന്റെ ഭാണ്ടങ്ങളെക്കുറിച്ചാവുമോ..

ഗാഡചിന്തയുടെ അല്പം ചില ഇടവേളകളില്‍ ഇവ
ഇങ്ങനെ പല്ലിളിക്കുന്നത് എന്തിനാവാം..
പല്ലിളി തന്നെയാണോ അത്..
അതോ,മോണോലിസയുടേതു പോലെ
നമുക്കൊന്നും തിരിച്ചറിയാനാവാത്ത മറ്റെന്തെങ്കിലുമോ..

-----ഹാരിസ്(www.koodaranji.blogspot.com)

02/07/11

കുട്ടിയും വരയും

പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !