6/4/11

പന്ത്രണ്ടു നിലകളുള്ള ഒരു മരം

സന്തോഷ് പല്ലശ്ശന


 1.
പത്താം നിലയില്‍
ഇന്നലെ ഒരാള്‍ തൂങ്ങിമരിച്ചു.
മരിക്കുമ്പോള്‍
അയല്‍വീട്ടിലെ ശീലാവതിക്ക്
മുന്ന് മാസമായിരുന്നു.

ശവമടങ്ങി
ഗര്‍ഭമലസി.

ജാരരാത്രികളുടെ
തണുതണുത്ത
ഉറകള്‍ക്കുള്ളില്‍
തട്ടാതെ പൊട്ടാതെ
വാസ്തു പിന്നെയും
ഉറങ്ങി.


2.
ഒരു ദിവസം
നേരംവെളുത്തപ്പോള്‍
താഴെ ഒരു നഗ്നനക്ഷത്രം
അടര്‍ന്നു വീണിരിക്കുന്നു.

ഗന്ധര്‍വ്വന്മാര്‍
കൂട്ടത്തോടെ ഒളിവില്‍പോയി.
കുരച്ചുകൊണ്ടോടിയ പോലീസ് നായ
വാട്ടര്‍ടാങ്കില്‍ വീണ് മുങ്ങിച്ചത്തു.
തുറിച്ച കണ്ണിലെ നിലവിളി വായിക്കാതെ
കാക്കികള്‍ നായയെ സെല്യൂട്ടു ചെയ്തു.

3.
അതിവൃഷ്ടിയില്‍
മുകള്‍ നില അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞു.

ഭൂമികുലുങ്ങിയപ്പോള്‍
സ്വയം മുറുകെ പിടിച്ച്
ഞങ്ങള്‍ ഇറങ്ങിയോടി.

നിബിഢ വാസ്തുക്കളുടെ
വേരുകളുടെ നിലവിളികേട്ട്
അന്ന് തെരുവുകള്‍ ഞെട്ടിവിറച്ചു.

4.
മുറിവുകളില്‍ സിമന്റിട്ടടച്ച്
ഇതളുകളില്‍ ചായം പൂശി
പിന്നെയും നിന്നു
വാസ്തു.

മഞ്ഞപൂതലിച്ച പിത്തച്ചിരിയുമായി
ജാലകക്കണ്ണുകള്‍ രാത്രിയെ
തുറിച്ചുനോക്കി.

ജനം കലങ്ങിമറിഞ്ഞൊഴുകുന്ന
നഗര നദിക്കരെ
കടപുഴങ്ങാതെ
വാസ്തു കഥപറഞ്ഞുനിര്‍ത്തുമ്പോള്‍ ...

ദൂരെ ദൂരെ
ഒരു കാട്ടില്‍
കുറെ പച്ചമരങ്ങള്‍ മഴയില്‍ കുളിച്ച്
ആകാശത്തേക്ക് കൈകള്‍ നീട്ടി
മേഘങ്ങളുടെ യൗവനത്തെ
തൊട്ടുണര്‍ത്തുകയായിരുന്നു.

3 അഭിപ്രായങ്ങൾ:

MOIDEEN ANGADIMUGAR പറഞ്ഞു...

ജാരരാത്രികളുടെ
തണുതണുത്ത
ഉറകള്‍ക്കുള്ളില്‍
തട്ടാതെ പൊട്ടാതെ
വാസ്തു പിന്നെയും
ഉറങ്ങി.
അതിവൃഷ്ടിയില്‍
മുകള്‍ നില അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞു

ഏറെ നാളുകൾക്ക് ശേഷം വായിക്കുന്ന ഒരു നല്ല കവിത.നന്ദി സന്തോഷ്.

വീകെ പറഞ്ഞു...

ഒരു കവിതയെ വിശകലനം ചെയ്യാനുള്ള അറിവില്ല.
ആശംസകൾ...

ഹരീഷ് കീഴാറൂർ പറഞ്ഞു...

!!