17/12/10

കുഞ്ഞുങ്ങളുടെ ശ്മശാനം

ഹാരിസ്‌ എടവന

കുഞ്ഞുങ്ങളുടെ
ശ്മശാനത്തിനു
കാവലിരിക്കുകയാണു ഞാന്‍


നിങ്ങള്‍ക്കറിയില്ല
അവരെത്രമാത്രം
ശാന്തരായാണുറങ്ങുന്നതെന്ന്


നക്ഷത്രങ്ങളുള്ള രാത്രികളില്‍
മഴവില്ലിന്റെയുടുപ്പണിഞ്ഞു
പൂവിരിയും പോലെ
പുഞ്ചിരിച്ചവര്‍ വരാറുണ്ട്
കഥകേള്‍ക്കാന്‍

നീളമില്ലാത്തരാത്രിയെ
പഴിച്ചു
തീരാത്ത കഥയുമായി
കുഴിമാടങ്ങളിലേക്കവര്‍
തിരിച്ചു പോവാറുണ്ട്


നിങ്ങള്‍ കാണുന്നില്ലേ
ശ്വാസം പോലും കേള്‍പ്പിക്കാതെ
ഉറങ്ങിപ്പോയ ശ്മശാനങ്ങളെ

ഒരോ കുഴിമാടങ്ങളും
പറയുന്നുണ്ട്
ഈ പൂവിനെയാരോ കശക്കിയെറിഞ്ഞതാണെന്നു
ആരാവാം?
അച്ചന്‍....
അധ്യാപകന്‍
അയല്‍ക്കാരന്‍
ഏയ്...ആരൊക്കെയോ

യുദ്ധവിമാനങ്ങള്‍ റാഞ്ചിയെടുത്തവര്‍
തോക്കുകള്‍ കൊത്തിപ്പറിച്ചെടുത്തവര്‍


മരിച്ചവരെപ്പോലയല്ലവര്‍
ജീവിതത്തെപ്പറ്റി
പരാതിയില്ലാതെ
പറന്നുപോയവര്‍


ഇന്നു നിലാവും
നക്ഷത്രങ്ങളുമുള്ള രാത്രിയല്ലെ
അവര്‍ വരാതിരിക്കില്ല
മഴവില്ലിന്റെ.....
പൂപോലെ.......

5 അഭിപ്രായങ്ങൾ:

മടിയൻ പറഞ്ഞു...

ഇന്നു നിലാവും
നക്ഷത്രങ്ങളുമുള്ള രാത്രിയല്ലെ
അവര്‍ വരാതിരിക്കില്ല
മഴവില്ലിന്റെ.....
പൂപോലെ.......

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ജീവിതത്തെപ്പറ്റി പരാതിയില്ലാതെ പറന്നു പോയവര്‍...കേള്‍ക്കുന്നുണ്ട് കുഞ്ഞു നിലവിളികള്‍..

MOIDEEN ANGADIMUGAR പറഞ്ഞു...

യുദ്ധവിമാനങ്ങള്‍ റാഞ്ചിയെടുത്തവര്‍
തോക്കുകള്‍ കൊത്തിപ്പറിച്ചെടുത്തവര്‍

മനസ്സിൽ തട്ടിയ വരികൾ.

എം പി.ഹാഷിം പറഞ്ഞു...

നന്നായി ഈ എഴുത്ത് !

റ്റിജോ ഇല്ലിക്കല്‍ പറഞ്ഞു...

കവിതയെ ശ്മശാനമാക്കാതിരിക്കുമല്ലോ....