14/10/10

പുരുഷോല്പത്തി -ഒരാഴ്ചക്കുറിപ്പ്

അവൻ കല്പിച്ചു:
'പാലും വെള്ളവും പഞ്ചസാരയും തിളച്ച്
ചായയുണ്ടാകട്ടെ'
ആവിപറക്കുന്ന നല്ലചായ
മേശപ്പുറത്ത് വന്നിരുന്നു
അവനത് മൊത്തിക്കുടിച്ചു.
നല്ലതെന്ന് കണ്ട് അവനതിനെ
മോണിങ്ങ് ടീ എന്ന് പേരുവിളിച്ചു
സന്ധ്യയായി
ഉഷസായി;
ഒന്നാം ദിവസം.

അവൻ അരുൾ ചെയ്തു:
'ദോശയുണ്ടാകട്ടെ'
ദോശയുണ്ടായി
ദോശ നല്ലത് എന്നവൻ കണ്ടു.
വട്ടവും വടിവുമൊത്ത ദോശ
ചട്ട്ണിയിൽ മുക്കി സാമ്പാറിൽ കുഴച്ച്
പാത്രം വടിച്ചു വെച്ച്
ഏമ്പക്കം വിട്ടെഴുന്നേറ്റു.
അങ്ങനെ സന്ധ്യയായി ഉഷസായി;
രണ്ടാം ദിവസം.

അവൻ ഉത്തരവിട്ടു:
'ജനൽ തുറന്ന് വെളിച്ചമുണ്ടാകട്ടെ,
പങ്ക കറങ്ങി കാറ്റു വീശട്ടെ,
ഋതുക്കൾ, കാറ്റുകൾ, കടലുകൾ ഉണ്ടാകട്ടെ,
ലോകം മുഴുവൻ നല്ല വൃത്തിയായിരിക്കട്ടെ'
-ഉണ്ടായവയെ നോക്കി
നല്ലതെന്നും വൃത്തിയുള്ളവയെന്നും
കരുതി അവൻ സന്തോഷിച്ചു.
അനന്തരം
സന്ധ്യയായി ഉഷസായി;
മൂന്നാം ദിവസം.

അവൻ വിധിച്ചു:
'കാടും മരങ്ങളും മലകളും പുഴകളും
എന്നെ നമിക്കട്ടെ'
സമസ്ത ജീവജാലങ്ങളും അവനെ നമിച്ചു.
അവന്‌ അഹന്തയായി
ശേഷം സന്ധ്യയായി
ഉഷസായി;
നാലാം ദിവസം.

അവൻ ഭരണഘടനയിലെഴുതി:
'സിംഹാസനമുണ്ടാകട്ടെ'
സിംഹാസനമുണ്ടായി.
സിംഹാസനം
സ്വർണ്ണമയവും മനോഹരവും
കാന്തികവുമായതിൽ
അവനാനന്ദിച്ചു
പിന്നെ സന്ധ്യയായി ഉഷസ്സായി;
അഞ്ചാം ദിവസം.

അവൻ ആജ്ഞാപിച്ചു:
'കിടപ്പറയിൽ സുഗന്ധവും ലഹരിയും
മക്കളുമുണ്ടാകട്ടെ'
കിടപ്പറയിൽ സുഗന്ധവും ലഹരിയും
അനേകം മക്കളുമുണ്ടായി.
തന്റെ ച്ഛായയിലും പ്രതിരൂപത്തിലും
അവരെ കാണുകയാൽ
അവൻ എത്രയുംസന്തുഷ്ടനായി
അങ്ങനെ സന്ധ്യയായി
ഉഷസായി;
ആറാം ദിവസം.


തന്റെ ഭവനം
പൂർത്തിയായതിൽ
അവൻ ആഹ്ളാദഭരിതനായി
തന്നെപ്പറ്റി അവനുതന്നെ
മതിപ്പു തോന്നി
ഏഴാമത്തെ ദിവസം
എന്തുകൊണ്ടും നല്ലതെന്നു കരുതി
അവനതിനെ വാഴ്ത്തി.
അതിനാൽ ആ ദിവസം
വിശ്രമിക്കാമെന്നു കരുതി
അതിന്മേൽ
ശയിയ്ക്കുവാനൊരുങ്ങി

വിയർപ്പിൽ കുളിച്ച്,
ആറ് ദിവസത്തെ വിഴുപ്പുകൾ മുഴുവൻ
അലക്കി വെളുപ്പിക്കുകയായിരുന്നു
അപ്പോഴുമവൾ.

അനന്തരം
സന്ധ്യയായി...

6 അഭിപ്രായങ്ങൾ:

ACB പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ACB പറഞ്ഞു...

നന്നായിരിക്കുന്നു...

ശ്രീനാഥന്‍ പറഞ്ഞു...

എന്റമ്മേ, ഞാൻ വീണു പോയി.

സുജനിക പറഞ്ഞു...

സത്യമായ കവിത.
അവസാന സ്റ്റാൻസക്കു മുൻപുള്ളതൊക്കെ കൂടി ഒന്നോ രണ്ടോ വരി മതി ശരിക്ക്. വെറുതെ ദീർഘിപ്പിച്ചു എന്നും തോന്നി. എഡിറ്റിങ്ങ് പ്രശ്നം!

nakednostalgia പറഞ്ഞു...

കവിതയുണ്ട്‌ ഒരു മൊട്ടോളം
പൂവാകാന്‍ നിങ്ങള്‍ സമ്മതിച്ചില്ല
വലിച്ചുനീട്ടി വികൃതമാക്കി
നല്ല കൊയ്‌ത്തിനായി കാത്തിരിക്കാം

naakila പറഞ്ഞു...

Veendum Vaayichu Mashe
Ishtaayi