17/2/09

കവിതയെഴുത്ത് നിര്‍ത്തിയ ഒരാളെ കാണാന്‍ പോകുമ്പോള്‍

എന്തെങ്കിലും കൊണ്ടു പോകണ്ടേ
എന്തെങ്കിലും...

നാലോറഞ്ച്
രണ്ടാപ്പിള്‍
ഒരു കുല മുന്തിരി...

മതിയായില്ലല്ലോയെന്ന്
ഉള്ള്‌ വിയര്‍ത്തു.

കീശയില്‍
ഒരു പേനയുണ്ട്
ഇഷ്ടമാവുമായിരിക്കും,
എന്നെങ്കിലും
എഴുതുമായിക്കും...

നടപ്പിനിടയ്ക്ക്
ഒരോറഞ്ച് തിന്നാന്‍ തോന്നി;
പുളിപ്പുണ്ട്
മധുരവും.

ഓറഞ്ചിന്റെയാ തരിപ്പുണ്ടല്ലോ
സഹിച്ചില്ല,
ഒരാപ്പിളും തിന്നു.

നല്ല മധുരം,
മറ്റേതും ഒറ്റയിരുപ്പില്‍...

നടപ്പിനിടയില്‍
മുന്തിരിക്കുല പൊട്ടിച്ചു,
നടപ്പായതിനാലാവാം
തിന്നു തീര്‍ന്നതറഞ്ഞില്ല...

രണ്ടോറഞ്ച് ബാക്കി
പുളിയുണ്ട്
മധുരവും...

നീട്ടിയൊരു നടത്തം

കീശയില്‍
ഒരു പേനയുണ്ടല്ലൊ,
പുഴുങ്ങിത്തിന്നട്ടെ...

കവി.

9 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

തീര്‍ച്ചയ്യായും വിഷ്ണൂ,
ഇത് നിനക്കു തന്നെയാണ്‌....

എങ്ങിനെ വായിച്ചാലും

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മഷി തീര്‍ന്ന പേന തന്നെയല്ലേ... എഴുത്ത് നന്നാവട്ടെ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഈ പേനകൊണ്ട് തോറ്റു

വിഷ്ണു പ്രസാദ് പറഞ്ഞു...

കവിത കണ്ടുപിടിച്ചവനെ കൊല്ലണം എന്നൊരു വായനക്കാരന്‍ തീരുമാനിക്കാനിടയായാല്‍ അയാള്‍ സംക്രമണം വായിച്ചു എന്ന് ഏതാണ്ട് ഉറപ്പിക്കാം... :)
കവിതയെഴുത്ത് നിര്‍ത്തിയ ആള്‍ക്ക് സന്തോഷ സൂചകമായി എന്തും നല്‍കാം.കവിതയെഴുത്ത് ഒന്നുവീതം മൂന്നു നേരം തുടരുന്ന ആളെ സന്ദര്‍ശിക്കാന്‍ മലപ്പുറം കത്തിയുമായേ പോകൂ...

Sanal Kumar Sasidharan പറഞ്ഞു...

വിഷ്ണുവിനേയും നസീർ കടിക്കാടിനേയും വലിച്ചിഴയ്ക്കാതെ വായിക്കാം കവിതയെഴുത്തു നിർത്തിയ ഒരുലോകം!

ധ്വനി | Dhwani പറഞ്ഞു...

:D

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നസീര്‍, വഴിയില്‍ വെച്ചു ഞാനും കൂടാം...

Mahi പറഞ്ഞു...

നസീര്‍ക്കയുടെ കൈയ്യില്‍ പേന മാഷിന്റെ കൈയ്യില്‍ കത്തി.അല്ലല്ല മാഷ്ടെ കൈയ്യില്‍ പേന നസീര്‍ക്കയുടെ കൈയ്യില്‍ കാത്തി.അല്ലല്ല……..കത്തി…പേന…..????? ഓ രണ്ടും ഒന്നു തന്നെ

Aluvavala പറഞ്ഞു...

ഇതു കൊള്ളാം..സൂപ്പര്‍ ചിന്ത...!